News - 2025
അർബുദം ബാധിതനായ ബിഷപ്പിനു വേണ്ടി ജപമാലയുമായി കുഞ്ഞ് മക്കള്‍
പ്രവാചകശബ്ദം 17-05-2024 - Friday
ടിജുവാന: അമേരിക്കൻ ഐക്യനാടുകളുമായുള്ള മെക്സിക്കോ അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന ടിജുവാന അതിരൂപത അധ്യക്ഷനായ ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍. അർബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മൊറേനോ ബാരൻ്റെ ആരോഗ്യത്തിനു വേണ്ടി മെയ് 14 ന് ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ദേവാലയത്തിലാണ് കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത്. വെള്ള വസ്ത്രം ധരിച്ച് മാതാപിതാക്കളോട് ഒപ്പമാണ് കുട്ടികള്‍ ജപമാലയ്ക്കെത്തിയത്. 2022 അവസാനം മുതൽ ടിജുവാനയിലെ ആർച്ച് ബിഷപ്പ് വിവിധങ്ങളായ ആരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ട്.
ഓപ്പറേഷൻ് തൃപ്‌തികരമായിരുന്നുവെന്നും ട്യൂമർ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ മൂലമുണ്ടായ രക്തസ്രാവം ക്രമേണ കുറഞ്ഞുവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർച്ച് ബിഷപ്പ് തൻ്റെ ആശീർവാദം അതിരൂപതയിലെ വിശ്വാസികൾക്കും അവരുടെ കുടുംബങ്ങൾക്കും നല്‍കുകയാണെന്നും എല്ലാ രോഗികൾക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അതിരൂപത പ്രസ്താവിച്ചു. 2022-ലെ കണക്കുകള്‍ പ്രകാരം ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് രൂപതയിലുള്ളത്. രൂപത - സന്യസ്ത സമോഹങ്ങളില്‍ നിന്നായി 218 വൈദികരും രൂപതയില്‍ സേവനം ചെയ്യുന്നുണ്ട്.