Social Media - 2025
അരുതാത്ത കാലത്ത് അറബിക്കടലില്‍ നിന്നു ഒരു അത്ഭുതം
ഫാ . ദീപക്ക് ആന്റോ 28-04-2021 - Wednesday
ഫോണിൻറെ അങ്ങേതലക്കൽ ആഴ്ചകള്‍ക്കു ശേഷം ഭര്‍ത്താവ് ജോസഫ് ഫ്രാങ്ക്ളിൻറെ ശബ്ദം കേട്ടപ്പോൾ ജാൻ മേരിക്ക് ദൈവത്തിന്‍റെ മറുപടിയെന്ന് തോന്നിക്കാണണം. കാരണം കഴിഞ്ഞദിവസമാണ് ഈ ഇടവകയില്‍ തന്നെ നടന്ന തിരുപ്പട്ട ചടങ്ങിനവസാനം കൃപനിറഞ്ഞ ഈയവസരത്തിലെ ഒരേയൊരു പ്രാര്‍ത്ഥനാ നിയോഗമായി വികാരിയച്ചന്‍ ബോട്ടപകടത്തില്‍പെട്ട 11 പേരുടെ മടങ്ങിവരവിനായി പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥനകള്‍ക്കുള്ള മറുപടിയെന്നോണം ഇന്നു രാവിലെയാണ് കപ്പലിടിച്ച് വീല്‍ ഹൗസ് തകര്‍ന്നിട്ടും, മൂന്ന് പേര്‍ കടലില്‍ വീണിട്ടും വാര്‍ത്താവിനിമയോപാധികളെല്ലാം നഷ്ടപ്പെട്ടിട്ടും ബോട്ട് ലക്ഷ ദ്വീപിനു സമീപമുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും രണ്ട് ദിവസത്തിനകം തിരികെവരുമെന്നമുള്ള വിളിയെത്തിയത് .
നാടു മുഴുവന്‍ നടുക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഏറെ പ്രത്യാശയും, ഊര്‍ജ്ജവും നല്‍കുന്നതായി ഈ നല്ല വാര്‍ത്ത.
ജോസഫ് ഫ്രാങ്ക്ലിന്‍റെ ഉടമസ്ഥതയിലുള്ള മെഴ്സിഡസ് ബോട്ട് തേങ്ങാപട്ടണം ഹാർബറിൽ നിന്നും പണിക്ക് പോയിട്ട് ഇപ്പോള്‍ 20 ദിവസം കഴിഞ്ഞിരിക്കുന്നു. മെഴ്സിഡസ് ബോർഡിൻറെ വീല്‍ഹൗസിന്‍റെ ഭാഗങ്ങള്‍ തകർന്ന നിലയിൽ കണ്ടെത്തിയിട്ട് പോലും അന്നേക്ക് അഞ്ചുദിവസമായിരുന്നു. അന്നു തൊട്ടു തലേ ദിവസം നടന്ന നവവൈദികൻ ചടങ്ങിൽ വരെ ഈ 11 പേരും മടങ്ങി വരുവാനായിട്ടുള്ള പ്രാര്‍ത്ഥനകളായിരുന്നു ഫാ. റിച്ചാര്‍ഡിന്‍റെ മനസ്സ് നിറയെ.
ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം വരെ ഇവർ ഫോണിൽ മറ്റു ബോട്ടുകളെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇരുപത്തിനാലാം തീയതി ബോർഡിൻറെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അപകടവിവരം അറിയുന്നത്. രാത്രി മറ്റൊരു കപ്പലിടിച്ചതാകാം അപകടകാരണം എന്നായിരുന്നു അനുമാനം. ഇരുപത്തിനാലാം തീയതി അപകട വിവരം അറിഞ്ഞതുമുതൽ നില വിടാതെയുള്ള ഫോൺ വിളികളുടെയും ചർച്ചകളുടെയും നടുവിലായിരുന്നു ഫാ.റിച്ചാർഡ്. അച്ചന്‍റെ വാക്കുകളില്‍ അന്നുതന്നെ തമിഴ്നാട് ഫിഷറീസ് ഡിപ്പാർട്ട്മെൻറ് എ. ഡി. യെയും ഫിഷറീസ് മന്ത്രിയും ബന്ധപ്പെടുകയും തിരുവനന്തപുരം അതിരൂപത, ശശി തരൂർ എം പി വഴി കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ സഹായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും, നേതാക്കന്മാരും രംഗത്തിറങ്ങി.
ഇരുപത്തിയഞ്ചാം തീയതി കോസ്റ്റ് ഗാര്‍ഡ് വിമാനവും, ഒരു കണ്ടെയ്നർ ഷിപ്പും, വള്ളവിളയില്‍ നിന്നുള്ള 9 ബോട്ടുകളും ബോംബെക്ക് 600 നോട്ടിക്കല്‍ മൈലിനു സമീപം തിരച്ചിലിനിറങ്ങിയെങ്കിലും കൂടുതല്‍ കണ്ടെത്തലൊന്നുമുണ്ടായില്ല. പതിയെ പതിയെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടപ്പോഴും, ഈ പതിനൊന്നു ഭവനങ്ങളിലും ആരുമറിയാതെ ഓടിയെത്തി പ്രാര്‍ത്ഥനയോടെ കാത്തിരിക്കാന്‍ തന്നെയാണ് സൂസപാക്യം പിതാവും ക്രിസ്തുദാസ് പിതാവും വ്യക്തിപരമായി കുടുംബങ്ങളോട് ആവശ്യപ്പെട്ടതും.
നാട്ടുകാരുടെയും, വിശ്വാസികളുടെയും, പിതാക്കന്മാരുടെയു ഒപ്പം നവവൈദികന്‍ ഫാ. സ്റ്റെലിന്‍റെയും പ്രാര്‍ത്ഥനകളിലേക്കാണ് ഒരിക്കലുമവസാനിക്കാത്ത ദൈവകൃപയുടെയും ദൈവിക ഇടപെടലിന്‍റെയും അടയാളമായി മാറുന്നു ആ ഫോൺകോള്‍.
ഫാ . ദീപക്ക് ആന്റോ (തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയാക്കമ്മീഷൻ എക്സിക്യൂട്ടിവ് സെക്രട്ടറി)