News - 2025

പരിശുദ്ധ ത്രീത്വത്തിന്റെ ഐക്കൺ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് / പ്രവാചകശബ്ദം 25-05-2024 - Saturday

പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള റഷ്യൻ ചിത്രകാരനായ ആൻഡ്രയ് റൂബ്ലേവിന്റെ (1411- 1425-27) (Andrei Rublev) The Trinity എന്ന വിശ്വ പ്രസിദ്ധ ഐക്കണെക്കുറിച്ച് കൂടുതൽ അറിയാൻ.

പാശ്ചാത്യ സഭ പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ചയും (നാളെ), പൗരസ്ത്യ സഭ പന്തക്കുസ്തദിനം തന്നെയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായി ആഘോഷിക്കുന്നു. പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുന്ന ആദരിക്കുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ഐക്കൺ ആണ് റഷ്യൻ ചിത്രകാരനായ ആൻഡ്രയ് റൂബ് ലേവിന്റെ (1411- 1425-27) (Andrei Rublev) The Trinity പരിശുദ്ധ ത്രിത്വം എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ചിത്രം. മോസ്കോയിലുള്ള ട്രേറ്റെയികോവ് ഗാലറി ( State Tretyakov Gallery) എന്ന ആർട്ടു മ്യൂസിയത്തിലാണ് ഈ ഐക്കൺ സൂക്ഷിച്ചിരിക്കുന്നത്.

പരിശുദ്ധ ത്രിത്വത്തെ കലാരൂപങ്ങളിൽ ചിത്രീകരിക്കുന്നത് റഷ്യൻ ഓർത്തഡോക്സ് സഭയിൽ നൂറ്റാണ്ടുകളായി വിവാദ വിഷയമായിരുന്നു. 787 ലെ നിഖ്യാ സൂനഹദോസ് ഐക്കണുകളിലൂടെ ദൈവ സാന്നിധ്യം ചിത്രീകരിക്കുന്നത് അനുവദിച്ചു എങ്കിലും റഷ്യൻ ഓർത്തഡോക്സ് സഭ, പിതാവായ ദൈവത്തെയും പരിശുദ്ധാത്മാമായ ദൈവത്തെയും മനുഷ്യന്റെ ഛായയിൽ ചിത്രീകരിക്കുന്നതിൽ അതൃപ്തരായിരുന്നു.

നരച്ച താടിയുള്ള മനുഷ്യനും ' പ്രാവും മഹോന്നതനായ ത്രിത്വൈക ദൈവത്തിന്റെ രഹസ്യം ചിത്രീകരിക്കുന്നതിൽ നീതി പുലർത്തുകയില്ല എന്നവർ വിശ്വസിച്ചിരുന്നു. എന്നാൽ ആൻഡ്രയ് റൂബ് ലേവിന്റെ ട്രിനിറ്റി എന്ന ഐക്കണിൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ശരിയായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നതിനാൽ അവർ അതു ഉപയോഗിക്കാൻ തുടങ്ങി.

ഓർത്തഡോക്സു പാരമ്പര്യത്തിനു പുറത്തുള്ളവർക്കു ഈ ഐക്കൺ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണ്. കാരണം പരിശുദ്ധ ത്രിത്വത്തിന്റെ ചിത്രീകരണമായി ആദ്യ കാഴ്ചയിൽ ഇതു തോന്നുകയില്ല. ഉൽപത്തിയുടെ പുസ്തകത്തിൽ അബ്രാഹം മൂന്നു അപരിചിതരെ തന്റെ കൂടാരത്തിൽ സ്വീകരിക്കുന്നതിൽ നിന്നാണ് ഈ ഐക്കണിന്റെ കേന്ദ്ര ആശയം രൂപം കൊള്ളുന്നത്.

"മാമ്രയുടെ ഓക്കുമരത്തോപ്പിനു സമീപം കര്ത്താ വ്‌ അബ്രാഹത്തിനു പ്രത്യക്‌ഷനായി. വെയില്‍ മൂത്ത സമയത്ത്‌ അബ്രാഹം തന്‍െറ കൂടാരത്തിന്‍െറ വാതില്ക്ക ല്‍ ഇരിക്കുകയായിരുന്നു.അവന്‍ തലയുയര്ത്തി‍നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്ക്കു ന്നതുകണ്ടു. അവരെക്കണ്ട്‌ അവന്‍ കൂടാരവാതില്ക്പപല്‍ നിന്നെഴുന്നേറ്റ്‌ അവരെ എതിരേല്ക്കാ ന്‍ ഓടിച്ചെന്ന്‌, നിലംപറ്റെതാണ്‌, അവരെ വണങ്ങി.അവന്‍ പറഞ്ഞു:യജമാനനേ, അങ്ങ്‌ എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നുപോകരുതേ!. കാലുകഴുകാന്‍ കുറച്ചുവെള്ളംകൊണ്ടുവരട്ടെ. മരത്തണലിലിരുന്നു വിശ്ര മിക്കുക.നിങ്ങള്‍ ഈ ദാസന്‍െറ യടുക്കല്‍ വന്ന നിലയ്‌ക്ക്‌ ഞാന്‍ കുറേഅപ്പം കൊണ്ടുവരാം. വിശപ്പടക്കിയിട്ടുയാത്ര തുടരാം. നീ പറഞ്ഞതുപോലെ ചെയ്യുക എന്ന്‌ അവര്‍ പറഞ്ഞു. അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച്‌ അപ്പമുണ്ടാക്കുക.

അവന്‍ ഓടിച്ചെന്നു കാലിക്കൂട്ടത്തില്‍ നിന്നു കൊഴുത്ത ഒരു ഇളം കാളക്കുട്ടിയെ പിടിച്ചു വേലക്കാരനെ ഏല്പിടച്ചു. ഉടനെ അവന്‍ അതു പാകംചെയ്യാന്‍ തുടങ്ങി.അബ്രാഹം വെണ്ണയും പാലും, പാകം ചെയ്‌ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്‌ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചുകൊണ്ടു നിന്നു" ഉല്പത്തി (18:1-8).

ഒരു പോലെ തോന്നിക്കുന്ന മൂന്നു മാലാഖമാർ ഒരു മേശയ്ക്കു ചുറ്റു ഇരിക്കുന്നു. അബ്രാഹത്തിന്റെ വീടാണ് പശ്ചാത്തലം, ഒരു ഓക്കുമരം മുന്നു അതിഥികൾക്കു പിന്നിലായുണ്ട്. പഴയ നിയമത്തിൽ അബ്രാഹം അതിഥികളെ സ്വീകരിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും റൂബ് ലേവ് ഇതിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തിത്തരുന്നു.

ഈ ചിത്രത്തിന്റെ തത്ത്വപ്രതിബിംബനം ( symbolism) സങ്കീർണ്ണമാണ്. സഭയുടെ ത്രിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര വിശ്വാസത്തിന്റെ രത്നച്ചുരുക്കമാണ് റൂബ് ലേവ് ഇതിലൂടെ പങ്കു വയ്ക്കുന്നത്. ഒന്നാമതായി എകദൈവത്തിൽ മൂന്നു ആളുകൾ ഉണ്ട് എന്നു സ്ഥാപിക്കാൻ മൂന്നു മാലാഖമാരെയും ഓരേ സാദൃശ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ത്രിത്വത്തിലെ ഓരോ വ്യക്തിയും എങ്ങനെ വ്യതിരിക്തരാണന്നു കാണിക്കാൻ ഓരോ മാലാഖയും വ്യത്യസ്തമായ വസ്ത്രം അണിഞ്ഞിരിക്കുന്നു . മാലാഖമാരായി റൂബ് ലേവ് ത്രിത്വത്തെ ചിത്രീകരിച്ചതു വഴി ദൈവത്തിന്റെ പ്രകൃതി പൂർണ്ണ അരൂപിയായി പ്രഖ്യപിക്കുന്നു.

മാലാഖമാരെ ഇടത്തു നിന്നു വലത്തോട്ടാണ് റൂബ് ലേവ് കാണിച്ചിരിക്കുന്നത് ഇതു നമ്മൾ വിശ്വാസ പ്രമാണത്തിൽ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം ഏറ്റുപറയുന്ന ക്രമത്തിലാണ് .ആദ്യത്തെ മാലാഖ നീല നിറത്തിലുള്ള അകകുപ്പായം ആണ് അണിഞ്ഞിരിക്കുന്നത്, ദൈവീക സ്വഭാവത്തെയാണ് ഇതു സൂചിപ്പിക്കുക, തവിട്ടു നിറത്തിലുള്ള പുറംകുപ്പായം പിതാവിന്റെ രാജത്വത്തെയാണു പ്രതിനിധാനം ചെയ്യുക.

രണ്ടാമത്തെ മാലാഖ പരമ്പരാഗതമായ ക്രിസ്തു ഐക്കണുകളിൽ കാണുന്നു പോലെയുള്ള സർവ്വസാധാരണമായ വസ്ത്രധാരണ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. കടും ചുവപ്പായ നിറം ക്രിസ്തുവിന്റെ മനുഷ്യത്വത്തെ സൂചിപ്പിക്കുമ്പോൾ, നീല നിറം അവന്റെ ദൈവത്വത്തെയാണു വിളിച്ചോതുന്നത്. പിന്നിലുള്ള ഓക്കുമരം ഏദൻ തോട്ടത്തിലെ ജീവന്റെ വൃക്ഷത്തെയും, ആദത്തിന്റെ പാപത്തിൽ നിന്നു ക്രിസ്തു നമ്മളെ രക്ഷിച്ച കുരിശിനെയുമാണു ചൂണ്ടിക്കാണിക്കുന്നത്.

മൂന്നാമത്തെ മാലാഖ നീല അകകുപ്പായവും (ദൈവത്വം) അതിനു മുകളിലായി പച്ച നിറത്തിലുള്ള വസ്ത്രവും അണിഞ്ഞിരിക്കുന്നു. പച്ച നിറം ഭൂമിയേയും അവിടെയുള്ള പരിശുദ്ധാത്മാവിന്റെ നവീകരണ യത്നത്തെയുമാണു വെളിവാക്കുക. ഓർത്തഡോക്സ്- ബൈസൈന്റയിൻ പാരമ്പര്യങ്ങളിൽ പന്തക്കുസ്താ നാളിലെ ആരാധനക്രമ നിറമാണ് പച്ച. ഐക്കണിന്റെ വലതു വശത്തുള്ള രണ്ടു മാലാഖമാരും ചെറുതായി അവരുടെ ശിരസ്സ് മൂന്നാമത്തെ മാലാഖയ്ക്കു മുമ്പിൽ അല്പം കുനിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പുത്രനും പരിശുദ്ധാത്മാവും പിതാവിൽ നിന്നു പുറപ്പെടുന്നു എന്നാണ് ഇതർത്ഥമാക്കുന്നത്.

ഐക്കണിന്റെ മധ്യത്തിലായി ഒരു മേശ കാണാം, അൾത്താരയെ ആണു അതു പ്രതിനിധാനം ചെയ്യുന്നത്. മേശയുടെ നടുവിലുള്ള സ്വർണ്ണപാത്രത്തിൽ അബ്രാഹം അതിഥികൾക്കായി തയ്യാറാക്കിയ ഭക്ഷണവും നടുവിലുള്ള മാലാഖ അതു ആശീർവ്വദിക്കുന്നതും ദൃശ്യമാണ്. വിശുദ്ധ കുർബാനയിലേക്കാണ് ഈ പ്രതീകങ്ങൾ വിരൽ ചൂണ്ടുന്നത്.

പരിശുദ്ധ ത്രിത്വത്തിന്റെ നേരിട്ടുള്ള ഒരു ചിത്രീകരണമല്ലങ്കിലും ത്രിത്വത്തെക്കുറിച്ചുള്ള ഏറ്റവും ആഴത്തിലുള്ള ഐക്കനാണിത്. ഓർത്തഡോക്സ് - ബൈസൈന്റയിൻ പാരമ്പര്യങ്ങളിൽ പരിശുദ്ധ ത്രിത്വത്തെ സൂക്ഷ്മമായി വിവരിക്കുന്ന പ്രഥമ ഐക്കനാണിത്. റോമൻ കത്തോലിക്കാ സഭയിലും ഈ ഐക്കൺ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. മതബോധന ക്ലാസുകളിൽ പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം പഠിപ്പിക്കാൻ ഈ ഐക്കൺ വിവിധ സഭകൾ ഉപയോഗിക്കുന്നു.

പരിശുദ്ധ ത്രിത്വം ഒരു മഹാ രഹസ്യമാണ്, നമ്മൾ ഭൂമിയിലായിരിക്കുന്നുവോളം ഇതു ഒരു ഒരു രഹസ്യമായി തുടരും, എങ്കിലും റൂബ് ലേവിന്റെ ഐക്കൺ മറിഞ്ഞിരിക്കുന്ന മഹാ രഹസ്യത്തെ ചെറുതായി മനസ്സിലാക്കാൻ സഹായിക്കും എന്നതിൽ തർക്കമില്ല.

More Archives >>

Page 1 of 658