News
ഐഎസ് നടത്തിയ വംശഹത്യ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണം: ഇറാഖി മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ
പ്രവാചകശബ്ദം 17-07-2021 - Saturday
വാഷിംഗ്‌ടണ്‍ ഡി.സി: ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ നടത്തിയ ക്രൈസ്തവ വംശഹത്യ ഇനി ആവര്‍ത്തിക്കപ്പെടില്ലെന്ന്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഇറാഖിലെ ഇര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമ്മേളനത്തില്‍ പങ്കെടുക്കുവാനായി വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ എത്തിയതായിരുന്നു അദ്ദേഹം. “ഈ വംശഹത്യ ഇനി സംഭവിക്കാതിരിക്കുവാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇത് ആളുകളെ പരിപാലിക്കുവാനുള്ള നമ്മുടെ കഴിവിന്റെ പ്രദര്‍ശനമോ, നമ്മള്‍ എത്രമാത്രം ഉദാരമതികളാണെന്നതിന്റെ പ്രകടനമോ അല്ല. മറിച്ച് പ്രതിസന്ധി മൂലം എല്ലാം നഷ്ടപ്പെട്ട ആളുകളുടെ പ്രശ്നമാണിത്"- മെത്രാപ്പോലീത്ത പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യയെ അതിജീവിച്ച ക്രൈസ്തവരെ സഹായിക്കുകയും, വടക്കന്‍ ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹായിക്കുകയും ചെയ്തവര്‍ക്ക് കാത്തലിക് ന്യൂസ് ഏജന്‍സി നല്‍കിയ അഭിമുഖത്തിലൂടെ മെത്രാപ്പോലീത്ത നന്ദി പറഞ്ഞു. എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) നൈറ്റ്സ് ഓഫ് കൊളംബസ് തുടങ്ങിയ അന്താരാഷ്ട്ര കത്തോലിക്ക സംഘടനകള്‍ക്ക് പുറമേ, യു.എസ് മെത്രാന്‍ സമിതിയേയും മെത്രാപ്പോലീത്ത പേരെടുത്ത് അഭിനന്ദിച്ചു. മാനുഷിക സഹായങ്ങള്‍ക്ക് പുറമേ, രാഷ്ട്രീയ പ്രാതിനിധ്യത്തിന്റേയും, ആത്മീയ പിന്തുണയുടേയും ആവശ്യം ഇറാഖി ക്രിസ്ത്യാനികള്‍ക്കുണ്ടെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത ജനങ്ങളുടെ സുസ്ഥിരതയും, സുരക്ഷയും ഉറപ്പുവരുത്തുവാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന്‍ ഓര്‍മ്മിപ്പിച്ചു.
ഇറാഖി ക്രിസ്ത്യാനികള്‍ സംഭാവനകളുടെ സ്വീകര്‍ത്താക്കള്‍ മാത്രാമാവുന്നതിനു പകരം സാമുദായിക, സഭാ ജീവിതത്തിലും, കൂട്ടായ്മയിലും ശക്തിപ്പെടണമെന്ന്‍ ഇടവക വികാരിയുടെ അലവന്‍സ് കൊടുക്കുവാന്‍ പോലും കഴിവില്ലാത്ത ഇടവകള്‍ വരെ ഇറാഖിലുണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. തൊഴിലില്ലായ്മയാണ് ഇറാഖി ക്രിസ്ത്യാനികള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷയിലുള്ള ആശങ്കയാണ് പലരും മടങ്ങിവരുവാന്‍ മടിക്കുന്നതിന്റെ പ്രധാനകാരണമായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടിയത്. ആയുധധാരികളായ ഷിയാ പോരാളികള്‍ ഇപ്പോഴും റോന്ത് ചുറ്റുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
2014-ലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) വടക്കന്‍ ഇറാഖിലെ മൊസൂളിലും, നിനവേ സമതലത്തിലും ആധിപത്യം സ്ഥാപിച്ചത്. ലക്ഷകണക്കിന് പേരാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അതിക്രമങ്ങള്‍ മൂലം ഭവനരഹിതരായത്. ഐഎസ് അധിനിവേശത്തിന്റെ ഇരകളില്‍ ഏറെയും ക്രൈസ്തവര്‍ ആയിരിന്നു. 2016-ല്‍ ഐസിസിന്റെ പതനത്തോടെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നിനവേയിലേക്ക് തിരികെ വരുവാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും ക്രൈസ്തവര്‍ മേഖലയില്‍ കുറവാണ്. ഫ്രാന്‍സിസ് പാപ്പയുടെ സമീപകാല ഇറാഖ് സന്ദര്‍ശനം നിരാശയില്‍ കഴിഞ്ഞിരുന്ന ഇറാഖി ക്രിസ്ത്യാനികള്‍ക്ക് വലിയൊരു പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് അഭിമുഖത്തില്‍ പറഞ്ഞിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക