India - 2024

മോണ്‍. ദേവസി ഈരത്തറയ്ക്കു നാട് ഇന്നു വിടചൊല്ലും

പ്രവാചകശബ്ദം 23-07-2021 - Friday

കണ്ണൂര്‍: ഇന്നലെ അന്തരിച്ച കണ്ണൂര്‍ രൂപത വികാരി ജനറാളും കണ്ണൂരിലെ സാമൂഹികസാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന മോണ്‍. ദേവസി ഈരത്തറയ്ക്കു (84) ഇന്ന്‍ നാട് വിടചൊല്ലും. ഹൃദയാഘാതം മൂലം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നു രാവിലെ 9.30ന് കണ്ണൂര്‍ ബിഷപ്‌സ് ഹൗസില്‍ എത്തിച്ചശേഷം 11.30ന് ബര്‍ണശേരി ഹോളിട്രിനിറ്റി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30ന് കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. വരാപ്പുഴ അതിരൂപതയിലെ പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ പരേതരായ ഈരത്തറ ദേവസി വിറോണി ദന്പതികളുടെ മൂത്ത മകനാണ് മോണ്‍. ദേവസി ഈരത്തറ. പിഴല ഇടവകയിലെ ആദ്യത്തെ വൈദികനും കൂടിയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ രൂപത സ്ഥാപിതമായതുമുതല്‍ കഴിഞ്ഞ 23 വര്‍ഷമായി വികാരി ജനറാളായി സേവനമനുഷ്ഠിക്കുകയായിരുന്നു മോണ്‍.ദേവസി ഈരത്തറ. കോഴിക്കോട് രൂപതയ്ക്കുവേണ്ടി 1963ല്‍ പൗരോഹിത്യം സ്വീകരിച്ചു. കണ്ണൂര്‍ രൂപത സ്ഥാപിതമായപ്പോള്‍ അദ്ദേഹം കണ്ണൂരിലേക്ക് സേവനത്തിനായി കടന്നുവന്നു. പൗരോഹിത്യ സ്വീകരണത്തിനുശേഷം കോഴിക്കോട് രൂപതയുടെ അന്നത്തെ മെത്രാനായ ഡോ. ആല്‍ഡോ മരിയ പത്രോണി എസ്‌ജെയുടെ സെക്രട്ടറിയായും തുടര്‍ന്ന് കാല്‍ നൂറ്റാണ്ടോളം വൈത്തിരി ചേലോട്ട് എസ്‌റ്റേറ്റ് മാനേജരായും സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് കുറച്ചുനാള്‍ ചെമ്പേരി എസ്‌റ്റേറ്റില്‍ സേവനം ചെയ്തശേഷം കോഴിക്കോട് സെന്റ് വിന്‍സെന്റ്‌സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറായി സേവനം ചെയ്തു.

കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂര്‍ രൂപത രൂപംകൊണ്ടപ്പോള്‍ രൂപതയുടെ ആദ്യത്തെ വികാരി ജനറാളും ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ വികാരിയുമായിരുന്നു. തയ്യില്‍ സെന്റ് ആന്റണീസ് ഇടവക വികാരിയായിരിക്കെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള വിവിധ പദ്ധതികള്‍ക്കായി രൂപം നല്‍കുകയും മദര്‍ തെരേസ കോളനി സ്ഥാപിച്ച് അന്പതോളം കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ലഭിക്കുന്നതിന് മുന്‍കൈയെടുക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി ഉന്നത വിദ്യാഭ്യാസം നല്‍കുവാന്‍ ഉതകുന്ന രീതിയിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ ആരംഭിച്ചതും കടക്കെണിയിലായ മത്സ്യത്തൊഴിലാളികള്‍ക്കായി പലിശരഹിത വായ്പാപദ്ധതി രൂപീകരിച്ചതും ശ്രദ്ധേയമായിരുന്നു. കണ്ണൂര്‍ രൂപത വികാരി ജനറാളായി സേവനം ചെയ്യുമ്പോള്‍ത്തന്നെ ചാലയിലുള്ള അമലോത്ഭവമാതാ ദേവാലയത്തിന്റെ വികാരികൂടിയായിരുന്നു.

സൗത്ത് ഇന്ത്യയിലെ തോട്ടം ഉടമകളുടെ സംഘടനയായ 'ഉപാസി'യില്‍ എക്‌സിക്യൂട്ടീവ് അംഗമായും കണ്ണൂരിലെ ചിരി ക്ലബിലെ സജീവ പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, വൈത്തിരി പഞ്ചായത്ത് ജനപ്രതിനിധി എന്നീനിലകളിലും സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി അദ്ദേഹം ഇടപെട്ടിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »