Question And Answer - 2024

കത്തോലിക്കാസഭ എന്തുക്കൊണ്ട് വനിതാ പൗരോഹിത്യം അനുവദിക്കുന്നില്ല? ഉത്തരമിതാ..!

പ്രവാചകശബ്ദം 23-07-2021 - Friday

കത്തോലിക്കാസഭ എന്തുക്കൊണ്ട് വനിതാ പൗരോഹിത്യം അനുവദിക്കുന്നില്ല. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1994ൽ പുറത്തിറക്കിയ Ordinatio Sacerdotalis എന്ന പേരിലുള്ള പ്രബോധന രേഖയിൽ ഇതിനു മൂന്ന് കാരണങ്ങളാണ് പറയുന്നത്. ഒന്ന് - ഈശോ തന്റെ അപ്പസ്തോല സംഘത്തിലേക്ക് സ്ത്രീകളെ തിരഞ്ഞെടുത്തില്ല. രണ്ട് സഭയുടെ ഇതുവരെയുള്ള പാരമ്പര്യം. മൂന്ന് സ്ത്രീകൾക്ക് പൗരോഹിത്യം നല്കാത്തത് ദൈവത്തിന്റെ പദ്ധതിപ്രകാരമാണ് എന്നുള്ള സഭയുടെ ഇടമുറിയാത്ത പ്രബോധനം ( നമ്പർ 4 ). നാം ശ്രദ്ധിക്കേണ്ട പ്രധാനകാര്യം വനിതകൾക്ക് പൗരോഹിത്യം നല്കുകയില്ല എന്നല്ല സഭ പറയുന്നത്. മറിച്ച് വനിതകൾക്ക് പൗരോഹിത്യം നല്കാനുള്ള അധികാരം സഭക്കില്ല എന്നാണ്.

വനിതാപൗരോഹിത്യത്തെക്കുറിച്ചുള്ള സഭയുടെ വിവിധ കാലങ്ങളിലുള്ള പ്രബോധനം താഴെ പരാമർശിക്കുന്ന സഭാരേഖകളിൽ കാണാം: Ordinatio Sacerdotalis ( John Paul II , 1994 ), Responsum ad Du bium (Congregation for the Doctrine of the Faith, 1996 ), Letter Concerning the CDF Reply ( Joseph Ratzinger,1996 ), Inter Insignores (Congregation for the Doctrine of the Faith, 1976). സ്ത്രീകൾക്ക് പൗരോഹിത്യം നല്കാത്തത് അവരെ രണ്ടാംതരം വ്യക്തികളായി കാണാൻ ഇടയാക്കില്ലേ എന്ന ചോദ്യം പ്രസക്തമാണ്. ദൈവമാതാവും സഭയുടെ അമ്മയുമായ മറിയത്തിനു പുരോഹിത സ്ഥാനം ഈശോ നല്കിയില്ല. അവളാണ് സകല വൈദികരുടെയും രാജ്ഞിയായി വണങ്ങപ്പെടുന്നത്. അതുകൊണ്ട് വ്യക്തിമഹത്വത്തിന്റെയോ ലിംഗപദവിയുടെയോ വിഷയമല്ല ശുശ്രൂഷാപൗരോഹിത്യം . ശുശ്രൂഷക്കുള്ള ഒരു വിളിയാണ്.

പക്ഷേ, സാമൂഹിക അധികാരത്തിന്റെ അടയാളമായി പൗരോഹിത്യം മാറിയപ്പോഴാണ് സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട ഒരു അവകാശമായി ശുശ്രൂഷാപൗരോഹിത്യം കാണപ്പെടാൻ തുടങ്ങിയത്. മാത്രവുമല്ല, യഥാർത്ഥ ക്രിസ്തു ശിഷ്യനോ ശിഷ്യയോ ആയിരിക്കുക എന്നതാണ് പ്രധാനം. അല്ലാതെ സഭയിൽ എന്ത് ശുശ്രൂഷാപദവി വഹിക്കുന്നു എന്നതല്ല. എല്ലാ ശിഷ്യന്മാരും, പുരോഹിത - അത്മായ വ്യത്യാസമില്ലാതെ, സുവിശേഷം പ്രസംഗിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ ബലിയർപ്പിക്കുന്നു. എന്നാൽ വിശ്വാസ സമൂഹത്തിലെ എല്ലാ ശുശ്രൂഷകളുടെയും നേതൃസ്ഥാനം വഹിക്കുന്നയാൾ എന്ന നിലയിൽ പുരോഹിതർക്ക് ബലിയർപ്പണത്തിലും നേതൃസ്ഥാനമുണ്ട്.

സഭയിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വൈദികരിൽ നിക്ഷിപ്തമാകുമ്പോൾ പൗരോഹിത്യം മോഹ മൂല്യമുള്ള സ്ഥാനമായി കാണപ്പെടും. എന്നാൽ സ്ത്രീകൾ ഉൾപ്പെടുന്ന സഭാസമൂഹത്തെ ശുശ്രൂഷിക്കുന്ന ഒരു വിളിയായി കണ്ടാൽ സഭയിലെ പല ശുശ്രൂഷാവിളികളിലൊന്നായി - അപ്പസ്തോലന്മാരും സുവിശേഷകരും പ്രവാചകരും പ്രബോധകരും ഇടയന്മാരും രോഗശാന്തി നല്കുന്നവരും- ( 1 കോറി 12:28 ) പൗരോഹിത്യത്തെ മനസ്സിലാക്കാൻ കഴിയും. അപ്പസ്തതോലവിളി പിൻപറ്റുന്ന പൗരോഹിത്യം ഒഴികെ ബാക്കിയെല്ലാ ശുശ്രൂഷാസ്ഥാനങ്ങളും സ്ത്രീകൾക്കുമുള്ളതാണ്.

-- കടപ്പാട്: വിശ്വാസവഴിയിലെ സംശയങ്ങള്‍**

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 3