News - 2025
മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി പാപ്പ പ്രഖ്യാപിച്ച ആഗോള ദിനം ഇന്ന്: ദണ്ഡവിമോചനത്തിന് അവസരം
പ്രവാചകശബ്ദം 25-07-2021 - Sunday
വത്തിക്കാന്‍ സിറ്റി: മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രത്യേക ആഗോള ദിനം ഇന്ന്. ജൂലൈ 25 ഞായറാഴ്ചയാണ് പരി. പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ചുള്ള ദിനാഘോഷം ലോകം മുഴുവൻ ആചരിക്കുന്നത്. ഈശോയുടെ മുത്തശ്ശീ മുത്തച്ഛൻമാരായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാൾ ദിനമായ ജൂലൈ 26-നോട് ചേർന്ന് വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് ദിനാചരണത്തിനായി പാപ്പ നേരത്തെ തെരഞ്ഞെടുത്തത്. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടിയുള്ള ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിക്കും.
പ്രായംചെന്നവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ റോം രൂപതാതലത്തിലും സംഘടനാതലത്തിലും ഏർപ്പെട്ടിരിക്കുന്നവരും മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ ഈ ദിവ്യബലിയിൽ സംബന്ധിക്കുമെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി. വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സന്നിഹിതരായ യുവതീയുവാക്കൾ, ദിവ്യബലിയുടെ സമാപനത്തില്‍, മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായംചെന്നവർക്കും “ഞാൻ എന്നും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്ന ശീർഷകത്തിൽ ഫ്രാൻസീസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്ന സന്ദേശം പുഷ്പത്തോടപ്പം സമ്മാനിക്കും.
പൂർണ്ണദണ്ഡവിമോചന അവസരമുള്ള ദിവസം കൂടിയാണ് ഇന്ന്‍. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിക്കുന്ന പ്രത്യേക വിശുദ്ധബലിയിലോ, ഈ ദിനവുമായി ബന്ധപ്പെട്ട് ലോകത്തിൽ എവിടെയും കത്തോലിക്കാസഭ നടത്തുന്ന തിരുകര്‍മ്മങ്ങളിലോ, നേരിട്ടോ മറ്റ് മാധ്യമങ്ങൾ വഴിയോ സംബന്ധിക്കുകയും, പൂർണ്ണദണ്ഡവിമോചനത്തിനുള്ള പ്രാഥമിക നിബന്ധനകൾ പാലിക്കുകയുമാണ് ദണ്ഡവിമോചനം നേടുവാൻ ചെയ്യേണ്ടതെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ രേഖയിൽ പറയുന്നു. ഇതേ ദിവസം, പ്രായമായതോ രോഗികളോ, ഉപേക്ഷിക്കപ്പെട്ടവരോ, ഭിന്നശേഷിക്കാരോ മറ്റു ബുദ്ധിമുട്ടുള്ളവരോ ആയ ആളുകളെ സന്ദർശിക്കുകയും അവർക്കായി കുറച്ചു സമയമെങ്കിലും നീക്കി വയ്ക്കുകയും ചെയ്യുന്ന വിശ്വാസികൾക്കും, മറ്റ് ഉപാധികളോടെ ദണ്ഡവിമോചനം നേടാവുന്നതാണെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.