Social Media - 2024

"നിനക്ക് എന്താ അച്ചന്മാരെ പറയുമ്പോള്‍ ഇത്ര നോവാൻ..!"

മിഥുന്‍ തോമസ് 25-02-2022 - Friday

"നിനക്ക് എന്താ അച്ചന്മാരെ പറയുമ്പോള്‍ ഇത്ര നോവാൻ..!" വിയാനി ദിനത്തിന്റെ ഈ സന്ധ്യയിൽ എന്റെ ഒരു കൂട്ടുകാരനുമായുള്ള ചാറ്റിങ്ങിൽ അവൻ എന്നോട് ചോദിച്ച ചോദ്യം ആണത്. ഉടനെ ഒരു മറുപടി കൊടുത്തു. "നിന്റെ സ്വന്തം പിതാവിനെ എന്തെങ്കിലും മോശമായി ആരെങ്കിലും പറഞ്ഞാൽ നീ കൈയും കെട്ടി നോക്കി ഇരിക്കോ? അതോ എന്തെങ്കിലും ചെയ്യോ?"

"അത് ചെയ്യും... പക്ഷേഅതും ഇതും എന്താ ബന്ധം".

അതെ, ചിലപ്പോൾ കത്തോലിക്കരായ നമ്മളൊക്കെ പുരോഹിതരെ പറ്റി നിസ്സാരമായി ചിന്തിക്കുന്നത് കൊണ്ടാണ് അവർക്ക് നമ്മുടെ ജീവിതത്തിൽ ഉള്ള സ്ഥാനത്തെ പറ്റി വലിയ രീതിയിൽ ധ്യാനിക്കാത്തത് കൊണ്ടാകാം അവരെ മാധ്യമങ്ങൾ ഇങ്ങനെ ദ്രോഹിക്കുമ്പോൾ നമ്മളൊക്കെ മിണ്ടാതിരിക്കുന്നത്. ഒരു കത്തോലിക്കന്റെ ജീവിതത്തിൽ അവനെ ജന്മപാപത്തിൽ നിന്നും മുക്തനാക്കി സഭയുടെ ഗർഭപാത്രത്തിൽ അവനു ജന്മം കൊടുക്കുന്നത് മുതൽ തുടങ്ങുന്നു ഒരു കത്തോലിക്കനും പുരോഹിതനും തമ്മിലുള്ള ബന്ധം.

വളർച്ചയുടെ ഘട്ടങ്ങളിൽ പാപത്തിൽ വീഴുമ്പോൾ പാപകറകൾ കഴുകി കളഞ്ഞു നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നു. പരിശുദ്ധാത്മാവിനെ നൽകി അഭിഷേകം നിറക്കുന്നു. ലോകരക്ഷകനെ പരിശുദ്ധ കുർബാനയർപ്പണത്തിലൂടെ കൈയിൽ എടുക്കുന്നു. നമുക്ക് ഈശോയെ പ്രദാനം ചെയുന്നു. രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. വിവാഹത്തിന് ഈശോയുടെ പ്രതിനിധിയായി നമ്മുടെ മുന്നിൽ നിൽക്കുന്നു. അവസാനം, നമ്മൾ മരിക്കുമ്പോൾ നമ്മളെ ഈശോക്ക് വേണ്ടി....., സഭക്ക് വേണ്ടി നമ്മെ സ്വീകരിക്കുന്നതും ഒരു പുരോഹിതൻ ആണ്.

മരണത്തിന് ശേഷവും നമുക്ക് വേണ്ടി പ്രാർത്ഥനകൾ അർപ്പിക്കാൻ കൂടെ നില്കുന്നു. ഒരു കത്തോലിക്കന്റെ ജീവിതത്തിലെ എല്ലാ നിർണ്ണായക നിമിഷങ്ങളിലും അദ്ദേഹം സാക്ഷി ആകുന്നു. ഇത്ര മാത്രം നമ്മുടെ ജീവിതത്തോട് ബന്ധപ്പെട്ട പുരോഹിതൻ നമുക്ക് എങ്ങനെ അന്യനാകുന്നത്.? കുറവുകൾ ഉണ്ടാകാം ഓരോ പുരോഹിതനും. കാരണം അവരും മനുഷ്യർ അല്ലെ..! നമ്മുടെ അപ്പന്മാർ കുറവുകൾ ഉള്ളവരാണെങ്കിൽ നമ്മൾ നാലാൾ കൂടുന്ന സ്ഥലത്ത് അദ്ദേഹത്തെ അപമാനിക്കുമോ?

ഇല്ല....!

കാരണം മക്കൾക്ക് ചേരുന്ന ഒന്നല്ല അത്. അപ്പന്റെ നഗ്നത ആഘോഷിക്കാൻ ഉള്ളതല്ല. അതെ,ഒരു കത്തോലിക്കനായ എനിക്ക് മാത്രം അല്ല ഓരോ കാത്തോലിക്കനും നോവണം അവന്റെ ആത്മീയ അപ്പന്മാരെ പറയുമ്പോൾ. ഈ അപ്പന്മാർക്ക് വേണ്ടി പ്രാർത്ഥിക്കണം. കുടുംബപ്രാർത്ഥനയിൽ ഒരിക്കലും വിട്ടുകളയരുത് നമ്മുടെ ഈ ആത്മീയ അപ്പന്മാരെ.!

നമുക്ക് പ്രാർത്ഥിക്കാം.

"നിർമ്മല ഹൃദയത്തോടും പരിശുദ്ധ മനസാക്ഷിയോടുകൂടെ അങ്ങേക്ക് ശുശ്രൂഷ ചെയ്യുവാനുള്ള അനുഗ്രഹം എല്ലാ വൈദികർക്കും ശെമ്മാശന്മാർക്കും മറ്റു വിശ്വാസികൾക്കും പ്രദാനം ചെയ്യണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു."

#Repost

More Archives >>

Page 1 of 28