News
താലിബാൻ തീവ്രവാദികള്‍ അധികാരത്തിനരികെ: ജനങ്ങളെ കാത്തിരിക്കുന്നത് ശരിയത്ത് അടക്കമുള്ള കിരാത നിയമങ്ങള്‍: അഫ്ഗാന് വേണ്ടി പ്രാര്‍ത്ഥനയോടെ ലോകം
പ്രവാചകശബ്ദം 15-08-2021 - Sunday
കാബൂൾ: താലിബാൻ തീവ്രവാദികള്‍ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച സാഹചര്യത്തിൽ അധികാരകൈമാറ്റം ഉടനുണ്ടായേക്കുമെന്ന് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജി സന്നദ്ധത അറിയിച്ചുവെന്നും അധികാരം ഉടനെ തന്നെ തീവ്രവാദികള്‍ക്ക് കൈമാറുമെന്നുമാണ് വിവരം. താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായി അഫ്ഗാൻ പ്രസിഡന്റ് കാബൂളിൽ നിന്ന് പുറത്തുകടന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
ഞായറാഴ്ച പുലർച്ചെ പോരാട്ടം ഇല്ലാതെതന്നെ കിഴക്കൻ പട്ടണമായ ജലാലാബാദ് താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതോടെ അഫ്ഗാനിലെ പ്രധാന ഹൈവേകളിൽ ഒന്നിന്റെ സമ്പൂർണ നിയന്ത്രണവും താലിബാനായി. സമീപപ്രദേശവും പാക്കിസ്ഥാൻ അതിർത്തിയുമായ തൊർഖാമും താലിബാന്റെ നിയന്ത്രണത്തിലായതോടെ കാബൂൾ വിമാനത്താവളം മാത്രമായിരുന്നു അഫ്ഗാനിൽനിന്നു പുറത്തുകടക്കാനുള്ള ഏക മാർഗം. ഇനി ഈ മാര്‍ഗ്ഗവും അനിശ്ചിത്വത്തിലാണ്. ബിബിസിയുടെ പ്രതിനിധി യാള്‍ഡ ഹക്കീം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലെ വാക്കുകള്‍ വലിയ ശ്രദ്ധ നേടിയിരിന്നു. "ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കൂ" എന്നുപറഞ്ഞ് നിലവിളികൂട്ടുകയാണ് അഫ്ഗാനിലെ സ്ത്രീകളെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരുടെ ജീവിതം ഇന്ന് മരണത്തിന്റെ നിഴലിലാണെന്നും യാള്‍ഡ വിവരിച്ചു.
യാള്‍ഡയുടെ റിപ്പോര്‍ട്ടില്‍ അടുത്ത നാളില്‍ കാബൂളില്‍വെച്ച് താലിബാന്റെ ഒരു കമാന്‍ഡറുമായി സംസാരിച്ച കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക ശരീഅത്ത് നിയമം അഫ്ഗാനിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നാണ് കമാന്‍ഡര്‍ പറഞ്ഞത്. ശരീഅത്ത് നിയമം അവരെ പേടിപ്പെടുത്തുന്നു. ഈ നിയമപ്രകാരമുള്ള ശിക്ഷകള്‍ ഭീകരമാണ്. വിവാഹേതര ബന്ധത്തിന് കല്ലെറിഞ്ഞ് കൊല്ലും, കളവ് ചെയ്താല്‍ കൈ മുറിച്ച് മാറ്റും, 12 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശം നല്‍കില്ല. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍, യുവതീയുവാക്കള്‍ ആഗ്രഹിക്കുന്ന ജീവിതം ഇതല്ല. താലിബാന് കീഴില്‍ ശ്വാസംമുട്ടിക്കഴിയുന്ന അഫ്ഗാനിസ്ഥാനല്ല അവരുടെ സ്വപ്‌നം. എന്നാല്‍ താലിബാന്‍ കാബൂളില്‍ പിടിമുറുക്കുമ്പോള്‍ അവര്‍ക്ക് ഓടിയൊളിക്കാന്‍ സ്ഥലമില്ല. നിലവിലെ സാഹചര്യങ്ങള്‍ അടുത്തറിഞ്ഞ യാള്‍ഡ വിവിധ വ്യക്തികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
"We won't give up our rights" so much courage in difficult times #Afghanistan pic.twitter.com/2v3ppdCNis
— Yalda Hakim (@BBCYaldaHakim) August 15, 2021
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ ജോലിക്കു വരരുതെന്നും പുറത്തിറങ്ങാന്‍ ബുര്‍ഖ ധരിച്ചിരിക്കണമെന്നതു അടക്കമുള്ള നിരവധി കര്‍ശന നിയമങ്ങള്‍ താലിബാന്‍ നടപ്പിലാക്കിയിരിന്നു. ഇതിനിടെ കുട്ടികളെയും സ്ത്രീകളെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അഫ്ഗാന്‍ സൈന്യം പൂര്‍ണ്ണമായും അടിയറവുവെക്കുന്നതോടെ താലിബാന്‍ തങ്ങളുടെ അതിക്രൂരമായ പ്രവര്‍ത്തികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന ആശങ്കയിലാണ് രാജ്യത്തെ സമൂഹം.
രാജ്യത്തെ ചുരുക്കം വരുന്ന ക്രൈസ്തവരുടെ സ്ഥിതിയും ദയനീയമാണ്. 2013ലെ അഫ്ഗാനിസ്ഥാൻ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിൽ, ഏകദേശം 2000–3000 ക്രിസ്ത്യാനികൾ അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ പൊതു ക്രൈസ്തവ ആരാധനാലയങ്ങള്‍ ഇല്ല. ആകെയുള്ള ഒരേയൊരു ചാപ്പല്‍ സ്ഥിതി ചെയ്യുന്നത് ഇറ്റാലിയന്‍ എംബസിയ്ക്കുള്ളിലാണ്. ക്രൈസ്തവര്‍ തങ്ങളുടെ ഭവനങ്ങളിലും രഹസ്യമായി ചെറിയ കൂട്ടായ്മകളിലോ ആയാണ് പ്രാര്‍ത്ഥിക്കുന്നത്. താലിബാന്‍ അധികാരത്തിലേറുന്നതോടെ മറ്റ് മാര്‍ഗ്ഗങ്ങള്‍ അടഞ്ഞതിനാല്‍ നിസഹായതയോടെ പ്രാര്‍ത്ഥനയില്‍ കഴിയുകയാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം.
ഭീകരതയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ജീവന്‍ പണയംവെച്ച് കഴിയുന്ന അഫ്ഗാനിലെ സാധു ജനങ്ങള്‍ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക