News - 2025

‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ പ്രഖ്യാപനവുമായി താലിബാന്‍: രാജ്യത്തെ ദുരവസ്ഥയില്‍ ദുഃഖം പ്രകടിപ്പിച്ച് പാപ്പ

പ്രവാചകശബ്ദം 16-08-2021 - Monday

വത്തിക്കാന്‍ സിറ്റി/ കാബൂള്‍: കാബൂളിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ പതാക ഉയർത്തിയ താലിബാൻ ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനം നടത്തി. ഇതിന്റെ ആദ്യപടിയായി രാജ്യത്തിന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് താലിബാന്‍ തീവ്രവാദികളുടെ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ പ്രഖ്യാപനം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നു തന്നെയാകും നടക്കുക. നേരത്തേ, യുഎസ് താലിബാനെ പുറത്താക്കുന്നതിനു മുൻപ് അഫ്ഗാന്റെ പേര് ഇങ്ങനെയായിരുന്നു. കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തെന്നും താലിബാൻ വക്താക്കൾ വാർത്താ ഏജൻസി റോയിട്ടേഴ്സിനോടു പറഞ്ഞു.

അതേസമയം അഫ്ഗാനിസ്താനിലെ ദുരവസ്ഥയില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിച്ചു. അഫ്ഗാന്‍ ജനതയുടെ കാര്യത്തില്‍ എല്ലാവരെയും പോലെ തനിക്കും ഉത്കണ്ഠയുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ പറഞ്ഞു. സമാധാനത്തിന്റെ ദൈവത്തോട് എന്നോടൊപ്പം പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, അങ്ങനെ ആയുധങ്ങളുടെ ആരവം അവസാനിക്കുകയും സംഭാഷണത്തിന്റെ ഒരു മേശയ്ക്ക് ചുറ്റും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യാം. ഈ വിധത്തിൽ മാത്രമേ ആ രാജ്യത്തെ രക്തസാക്ഷികളായ ജനങ്ങൾക്ക് - പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും അവരുടെ വീടുകളിലേക്ക് മടങ്ങാനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനും കഴിയൂ. അഫ്ഗാനിസ്ഥാനില്‍ വെടിയൊച്ചകള്‍ നിലയ്ക്കാനും ചര്‍ച്ചയിലൂടെ സമാധാനം പുലരാനും പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ ആവര്‍ത്തിച്ചു.


Related Articles »