News - 2025

ഉഗാണ്ടയിൽ അനധികൃത പ്രവേശനം ചോദ്യം ചെയ്ത കത്തോലിക്ക വൈദികനെ കൊലപ്പെടുത്തി

പ്രവാചകശബ്ദം 20-08-2021 - Friday

ഗോമ്പ: ഉഗാണ്ടയിലെ ഗോമ്പ ജില്ലയിലെ ലുകുന്യു ഗ്രാമത്തില്‍ സേവനം ചെയ്തുകൊണ്ടിരിന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. കിയിണ്ട- മിത്യാന രൂപത വൈദികനായ ഫാ. ജോസഫാത്ത് കസാംബൂലയാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ ഒരു വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 68 വയസുണ്ടായിരിന്ന വൈദികന്‍ കിയിണ്ട- മിത്യാന രൂപതയുടെ കീഴിലുള്ള ലവാമത്തയിലെ ഇടവക വൈദികനായി സേവനമനുഷ്ഠിക്കുകയായിരിന്നു. തന്റെ പേരിലുള്ള വസ്തുവും വീടും ഇരിക്കുന്ന സ്ഥലത്ത് സന്ദർശനം നടത്താൻ എത്തിയപ്പോൾ അവിടെ അനധികൃതമായി പ്രവേശിച്ച ഒരാളെ അദ്ദേഹം കാണുകയും, അയാളുടെ ഉദ്ദേശം ചോദ്യം ചെയ്യുകയും ചെയ്തു.

ഇതിൽ പ്രകോപിതനായ ഇയാള്‍ ആയുധമെടുത്ത് കൊലപ്പെടുത്തുകയായിരിന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ വൈദികന്‍ മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയ സമയത്ത് അപരിചിതൻ മയക്കുമരുന്നിന്റെ പിടിയിലായിരുന്നുവെന്നു സൂചനകളുണ്ട്. തന്റെ കൈവശ സ്ഥലത്ത് ഫാ. ജോസഫാത്ത് കുറേ നാളുകളായി വരാറില്ലായിരുന്നുവെന്നും, ഇത് മുതലെടുത്താണ് അപരിചിതൻ അവിടെ അനധികൃതമായി പ്രവേശിച്ചിരുന്നതെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. പ്രതി ഏഴു വര്‍ഷം മുന്‍പ് മറ്റൊരാളെ കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരിന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Related Articles »