Friday Mirror
മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ ഒരു യാത്ര
സ്വന്തം ലേഖകന്‍ 30-07-2021 - Friday
വിശുദ്ധ കുര്‍ബാനയിലുള്ള യേശുക്രിസ്തുവിന്റെ നിറ സാന്നിദ്ധ്യം ലോകത്തെ അതിശയിപ്പിക്കുന്ന ഒന്നാണ്. മനുഷ്യനിര്‍മ്മിതമായ ഗോതമ്പ് അപ്പവും മുന്തിരിചാറും അഭിഷിക്തന്റെ ശുശ്രുഷകളാല്‍ കര്‍ത്താവിന്റെ തിരുശരീര രക്തങ്ങളായി മാറുന്ന പ്രക്രിയക്കു തുലനം ചെയ്യാന്‍ മറ്റൊരു അത്ഭുതം ലോകത്തിലില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടക്കാറുണ്ട്. മനുഷ്യനേത്രങ്ങളെ സ്തബദരാക്കുന്ന ഈ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ അനേകം അവിശ്വാസികളെയും അന്യമതസ്ഥരെയും കത്തോലിക്ക വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് വന്നിട്ടുണ്ട്. എന്നിരിന്നാലും വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായ യേശുവിനെ ആഴമായി വിശ്വസിക്കാത്ത അനേകരുണ്ടെന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്.
ഓരോ ദിവ്യകാരുണ്യ അത്ഭുതങ്ങളെയും ശാസ്ത്രീയപരമായ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കിയാണ് അംഗീകരിക്കുന്നതെങ്കിലും ഓരോ വിശുദ്ധ കുര്‍ബാനയിലും അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങളായി രൂപപ്പെടുന്നുണ്ടെന്ന സത്യം, സഭ അതിന്റെ പാരമ്പര്യത്തോട് ചേര്‍ത്തു മുറുകെപിടിക്കുന്നു. മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന നൂറുകണക്കിനു ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ടെങ്കില്‍ കൂടി പ്രസിദ്ധമായ 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഇവിടെ നാം നടത്താന്‍ പോകുന്നത്.
1) 8-ാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ലാന്‍സിയാനോയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം
8-ാം നൂറ്റാണ്ടില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതമാണിത്. തെക്കൻ ഇറ്റലിയിലെ ലാൻസിയാനോ പട്ടണത്തിൽ സ്ഥിതി ചെയ്തിരുന്ന വി. ലെഗോൻഷിയനും വി. ഡൊമീഷ്യനും പ്രതിഷ്ഠിക്കപ്പെട്ട ദേവാലയത്തിൽ, ഒരു ബ്രസീലിയൻ സന്യാസപുരോഹിതൻ വിശുദ്ധ കർബാന അർപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികന് പെട്ടെന്ന് ഒരു സംശയം, "താന്‍ അര്‍പ്പിച്ച് കൊണ്ടിരിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിദ്ധ്യമുണ്ടോ?". ദിവ്യബലിയിലെ പ്രധാന ശുശ്രൂഷ കര്‍മ്മമായ തിരുശരീര രക്തങ്ങള്‍ വാഴ്ത്തുന്ന സമയത്ത് ''ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു'' എന്ന വാക്കുകള്‍ അദ്ദേഹം ഉരുവിട്ടപ്പോള്‍, അപ്പവും വീഞ്ഞും യഥാര്‍ത്ഥ മനുഷ്യമാംസവും രക്തവുമായി മാറുന്നത് ആ വൈദികന്‍ കണ്ടു. കുറച്ച് ദിവസങ്ങൾക്ക് ശേഷം നോക്കിയപ്പോൾ, കട്ടപിടിച്ചരക്തം, പല വ്യത്യസ്ത ആകൃതിയിലും മാതൃകയിലുമുള്ള അഞ്ച് തുള്ളികളായി പിളർന്നിരിക്കുന്നതായി കാണപ്പെട്ടു. ഈ അത്ഭുതത്തെപ്പറ്റിയുള്ള വാര്‍ത്ത പെട്ടെന്ന് തന്നെ പരന്നപ്പോള്‍, നാട്ടിലെ ആര്‍ച്ച് ബിഷപ്പ് ഒരന്വേഷണം നടത്തുകയും, സഭ ഇതൊരു ദിവ്യാത്ഭുതമായി അംഗീകരിക്കുകയും ചെയ്തു.
ഇന്നും ഈ മാംസം ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. 1971-ല്‍ ശരീര ഘടനാശാസ്ത്രജ്ഞനായ പ്രൊഫസര്‍ ഒഡോര്‍ഡോ ലിനോളി മാംസത്തിന്റെ ഒരു ശാസ്ത്രീയ വിശകലനം നടത്തി. മാംസം ഹൃദയപേശിയാണെന്നും, രക്തം പുതുരക്തവും (1200 വര്‍ഷങ്ങളുടെ പഴക്കമുള്ള രക്തത്തിന് വിപരീതമായി) സംരക്ഷക പദാര്‍ത്ഥങ്ങളുടെ അംശം പോലും ഇല്ലായിരുന്നുവെന്നായിരിന്നു അദ്ദേഹത്തിന്റെ നിഗമനം. ഇറ്റലിയിലെ ലാന്‍സിയാനോയിലെ സാന്‍ ഫ്രാന്‍സിസ്‌ക്കോ പള്ളിയിലുള്ള ഈ അത്ഭുത മാംസവും രക്തവും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്.
ലാന്‍സിയാനോയില്‍ നടന്ന ഈ ദിവ്യകാരുണ്യ അത്ഭുതത്തെ പറ്റി 'പ്രവാചകശബ്ദം' നേരത്തെ തന്നെ എഴുതിയിരിന്നു. വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക
2) 13-ാം നൂറ്റാണ്ടില്‍ ബോള്‍സിനായില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം
ഇറ്റലിയിലെ ഓര്‍വെയിത്തോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊണ്ടിരുന്ന ഒരു പുരോഹിതന് തിരുവോസ്തിയിലെ ക്രിസ്തു സാന്നിദ്ധ്യത്തെപ്പറ്റി സംശയങ്ങളുണ്ടായിരുന്നു. വാഴ്ത്തല്‍ കഴിഞ്ഞ ഉടനെ തിരുവോസ്തിയില്‍ നിന്നും അള്‍ത്താര വിരിയിലേക്ക് തുടര്‍ച്ചയായ രക്തപ്രവാഹം ഉണ്ടായി. പുരോഹിതന്‍ അതിവേഗം പട്ടണത്തിലുണ്ടായിരുന്ന പോപ്പിനെ സന്ദര്‍ശിച്ച് തന്റെ അവിശ്വാസക്കുറ്റം ഏറ്റുപറഞ്ഞു. ഓര്‍വെയിത്തോയിലെ കത്തീഡ്രല്‍ പള്ളിയില്‍ ഈ അത്ഭുത തുണി ഇന്നും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഈ അത്ഭുതം നടന്നതായി വിശ്വസിച്ചിരുന്ന സമയം മുതല്‍ നൂറ് വര്‍ഷം വരെ ഇതേപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നില്ല എന്ന കാരണത്താല്‍, ചില ചരിത്രകാരന്മാര്‍ ഈ സംഭവത്തിന്റെ സത്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഈ സംശയങ്ങള്‍ക്കുള്ള മറുപടിയായി ഈ അള്‍ത്താര വിരിപ്പ് ഇന്നും നിലനില്‍ക്കുന്നു.
3) 18-ാം നൂറ്റാണ്ടില്‍ സിയന്നായില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം
1730 ആഗസ്റ്റ് 14-ാം തീയതി, ഇറ്റലിയിലെ സിയന്നായിലെ കത്തോലിക്കാസമൂഹം, സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് മുമ്പുള്ള ഒരു സായാഹ്ന ആഘോഷത്തില്‍ ആയിരുന്നപ്പോള്‍, ഒരു സംഘം കള്ളന്മാര്‍ സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ കയറി. നൂറുകണക്കിന് വാഴ്ത്തിയ തിരു ഓസ്തി സൂക്ഷിച്ചിരുന്ന ഒരു സ്വര്‍ണ്ണ സക്രാരി അവര്‍ മോഷ്ടിച്ചുകൊണ്ടുപോയി. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം, സിയന്നായിലെ മറ്റൊരു പള്ളിയിലെ നേര്‍ച്ചപെട്ടിയില്‍ വെളുത്ത എന്തോ മുഴച്ചുനില്‍ക്കുന്നതായി ആരോ കണ്ടു. വൈദികര്‍ പെട്ടി തുറന്നപ്പോള്‍, അഴുക്ക് പിടിച്ച് ചിലന്തിവലകളില്‍ കുരുങ്ങിക്കിടക്കുന്നത് കളവ് പോയ തിരുവോസ്തികളാണെന്ന് അവര്‍ കണ്ടെത്തി. അത് ആവുന്നിടത്തോളം ഭംഗിയായി വൃത്തിയാക്കിയതിനുശേഷം, ഓസ്തികള്‍ ഒരു പുതിയ സക്രാരിയിലാക്കി. പരിഹാരകര്‍മ്മത്തിനും ആരാധനാ പ്രാര്‍ത്ഥനകള്‍ക്കായി സെന്റ് ഫ്രാന്‍സിസ് പള്ളിയിലേക്ക് തിരിച്ചുകൊണ്ടുപോകുകയും ചെയ്തു.
ഓസ്തികള്‍ വൃത്തിഹീനമായിരുന്നതിനാല്‍, ഭക്ഷിക്കാനനുവദിക്കാതെ, തനിയെ ദ്രവിച്ചുപോകുവാനായി വയ്ക്കുവാനാണ് പുരോഹിതര്‍ തീരുമാനിച്ചത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ട കാഴ്ച ഏവരേയും അമ്പരപ്പിച്ചു. ഓസ്തികള്‍ ദ്രവിച്ചുപോയില്ല; പിന്നെയോ, പുതിയതുപോലെ അത് അവശേഷിച്ചിരിക്കുന്നു. 285 വര്‍ഷങ്ങളായി, ഇന്നും ഇതേ ഓസ്തികള്‍ അതേ അവസ്ഥയില്‍ ഇരിക്കുന്നു; ഇറ്റലിയിലെ സെയിനായിലെ ഇപ്പോഴത്തെ സെന്റ് ഫ്രാന്‍സിസ് ബസലിക്കായില്‍ ഇവ ഇന്നും കാണാവുന്നതാണ്.
4) 13-ാം നൂറ്റാണ്ടില്‍ സാന്റാറമില്‍ നടന്ന ദിവ്യകാരുണ്യാത്ഭുതം
13-ാം നൂറ്റാണ്ടില്‍, പോര്‍ച്ചുഗലിലെ സാന്താരില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ തന്റെ ഭര്‍ത്താവ് അവിശ്വസ്തനായിരുന്നുതിനാല്‍ ഏറെ അസ്വസ്ഥയായിരുന്നു; ഇതിന് പരിഹാരം കാണാനായി അവള്‍ ഒരു ദുര്‍മന്ത്രവാദിനിയെ സമീപിച്ചു. സേവനങ്ങളുടെ വിലയായി ആ മന്ത്രിവാദിനി ചോദിച്ചത് ഒരു വാഴ്ത്തിയ ഓസ്തിയായിരുന്നു. സെന്റ് സ്റ്റീഫന്‍ പള്ളിയിലെ കുര്‍ബ്ബാനയില്‍ പങ്കെടുത്ത സ്ത്രീ, ഓസ്തി നാവില്‍ സ്വീകരിച്ച ശേഷം, അത് വായില്‍ നിന്നെടുത്ത്, ഒരു തൂവാലയില്‍ പൊതിഞ്ഞ്, പള്ളിയുടെ കവാടത്തിലേക്ക് നീങ്ങി. പക്ഷെ, പുറത്ത് കടക്കും മുമ്പ്, ഓസ്തിയില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. വീട്ടിലെത്തിയപ്പോള്‍, രക്തം പുരണ്ട ഓസ്തി അവര്‍ ഒരു ലോഹപെട്ടിയിലാക്കി. അന്നു രാത്രിയില്‍ പെട്ടിയില്‍ നിന്നും ഒരത്ഭുത വെളിച്ചം പുറപ്പെട്ടു. ചെയ്തുപോയ തെറ്റില്‍, അവര്‍ പശ്ചാത്തപിച്ചു; പിറ്റേന്ന് രാവിലെ അച്ചനോട് അവള്‍ കുമ്പസാരം നടത്തി. അച്ചന്‍ അവരുടെ വീട്ടിലെത്തി. വീണ്ടെടുത്ത ഓസ്തി, പള്ളിയിലേക്ക് തിരിച്ചു കൊണ്ടു പോകുകയും ചെയ്തു. സൂക്ഷ്മാന്വേഷണങ്ങള്‍ക്ക് ശേഷം, അത്ഭുതമായി അംഗീകാരം ലഭിച്ചുകഴിഞ്ഞപ്പോള്‍, പള്ളിയുടെ പേര് Church Of The Holy Miracle എന്ന് മാറ്റപ്പെടുകയും ചെയ്തു. രക്തം പുരണ്ട ഈ ഓസ്തി ഇന്നും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.
പ്രവാചക ശബ്ദം മറ്റ് ചില ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരിന്നു. അത് താഴെ നല്കുന്നു.
** ഇറ്റലിയിലെ വാഡോയില്‍ വിശ്വാസികളെ സ്തബ്ദരാക്കി കൊണ്ട് ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
** രഹസ്യമായി സൂക്ഷിച്ച വിശുദ്ധ കുര്‍ബാന 5 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെടുത്തപ്പോള്‍ കണ്ടത് മാംസ കഷണം; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
** ഇറ്റലിയിലെ ഫെറായില്‍ ഉയിര്‍പ്പ് ഞായറാഴ്ച നടന്ന ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
**വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആർച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയർത്തിയപ്പോൾ ഓസ്തിക്ക് പകരം ജനങ്ങൾ ദർശിച്ചത് ഒരു ശിശുവിനെ; ഈ ദിവ്യകാരുണ്യാത്ഭൂതത്തെ പറ്റി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
#repost