Faith And Reason - 2024

വിശുദ്ധ കുർബാനയിലെ ക്രിസ്തു സാന്നിധ്യത്തിലുള്ള വിശ്വാസം നമ്മെ ഒന്നിപ്പിക്കുന്നു: ദിവ്യകാരുണ്യ കോൺഗ്രസിൽ റഷ്യൻ ഓർത്തഡോക്സ് മെത്രാൻ

പ്രവാചകശബ്ദം 07-09-2021 - Tuesday

ബുഡാപെസ്റ്റ്: വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തിലുളള വിശ്വാസം കത്തോലിക്കരെയും, ഓർത്തഡോക്സ് സഭാ വിശ്വാസികളെയും ഒന്നിപ്പിക്കുന്ന ഘടകമാണെന്ന് റഷ്യൻ ഓർത്തഡോക്സ് മെത്രാനായ ഹിലാരിയോൺ. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടക്കുന്ന അമ്പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് വേദിയിൽ ഇന്നലെ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്പാർട്ട്മെൻറ് ഫോർ എക്സ്റ്റേണൽ ചർച്ച് റിലേഷൻസ് ഓഫ് ദി മോസ്കോ പാത്രിയാർക്കേറ്റിന്റെ അധ്യക്ഷനും വോളോകോലാംസ്കിലെ മെത്രാപ്പോലീത്തയുമാണ് ഹിലാരിയോൺ. വിശുദ്ധ കുർബാനയിലെ വചനങ്ങൾ ഉച്ചരിക്കുന്ന സമയത്ത് വൈദികർ ക്രിസ്തുവിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ക്രിസ്തു തന്നെയാണ് കൂദാശ പരികർമ്മം ചെയ്യുന്നത്, മറിച്ച് വൈദികനോ, മെത്രാനോ അല്ല. വിശുദ്ധ കുർബാന ഇല്ലാതെ സഭയ്ക്ക് നിലനിൽപ്പില്ലെന്നും, ദൈവശാസ്ത്രപരമായി സഭയും, വിശുദ്ധ കുർബാനയും, രക്ഷയും തമ്മിൽ വേർപ്പെടുത്താനാവാത്ത വിധം ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് നടക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ തുറന്നുക്കാട്ടി നിരവധി തവണ പ്രസ്താവന നടത്തിയിട്ടുള്ള ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയാണ് ഹിലാരിയോൺ. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രൈസ്തവ വിഭാഗങ്ങളാണ് കത്തോലിക്കാ സഭയും, ഓർത്തഡോക്സ് സഭയും. ലോകത്ത് 130 കോടി കത്തോലിക്കാ വിശ്വാസികൾ ആണുള്ളത്. ഓർത്തഡോക്സ് വിശ്വാസികളുടെ എണ്ണം 20 കോടിക്ക് മുകളിൽ വരും. ഇതിൽ പകുതിയോളം പേർ റഷ്യൻ ഓർത്തഡോക്സ് സഭയിലെ അംഗങ്ങളാണ്.

സെപ്തംബർ അഞ്ചാം തീയതിയാണ് ദിവ്യകാരുണ്യ കോൺഗ്രസിന് ഔദ്യോഗിക തുടക്കം കുറിച്ചത്. 2020ൽ നടക്കേണ്ടിയിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്നാണ് 2021 ലേക്ക് മാറ്റിവെച്ചത്. സെപ്റ്റംബർ പന്ത്രണ്ടാം തീയതി ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ കൂടിയാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് സമാപനമാകുക.


Related Articles »