News - 2024

യുക്രൈനിലെ റഷ്യന്‍ അതിക്രമം അവസാനിപ്പിക്കണം: യൂറോപ്യൻ യൂണിയനിലെ മെത്രാൻ സംഘടനകളുടെ കമ്മീഷൻ

പ്രവാചകശബ്ദം 21-10-2022 - Friday

ബ്രസല്‍സ്: യുക്രൈനിൽ റഷ്യ നടത്തിവരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയനിലെ മെത്രാൻ സംഘടനകളുടെ സമ്മേളനം. ഒക്ടോബർ 12 മുതൽ 14 വരെ നടന്ന യൂറോപ്യൻ യൂണിയനിലെ മെത്രാൻ സംഘടനകളുടെ പ്രതിനിധികളുടെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്ത മെത്രാന്മാർ, ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഘർഷങ്ങളുടെ പരിഹാരത്തിനായി പ്രവർത്തിക്കാൻ ഇരുകൂട്ടരും ശ്രമിക്കണമെന്നും ആഹ്വാനം ചെയ്‌തു. ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരോട്, ശത്രുത അവസാനിപ്പിക്കുവാനും, സമാധാനം കൊണ്ടുവരുവാനും ഫ്രാന്‍സിസ് പാപ്പയോട് ചേര്‍ന്നു തങ്ങളും ആവശ്യപ്പെടുന്നുവെന്ന് യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും യുക്രൈൻ രാജ്യത്തിന്റെ സമഗ്രതയും പാലിക്കപ്പെടുന്ന ഒരു പരിഹാരമാണ് ആവശ്യമായുള്ളതെന്ന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

റഷ്യൻ അധികാരികൾ യുക്രൈനിൽ ആരംഭിച്ച ക്രൂരമായ സൈനിക ആക്രമണം മൂലം യുക്രൈനിലെ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഭയാനകമായ ദുരിതങ്ങളില്‍, യൂറോപ്യൻ യൂണിയനിലെ മെത്രാന്മാർ തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് അഭയാർത്ഥികളുൾപ്പെടുന്ന ആളുകളോട് മെത്രാൻസംഘങ്ങൾ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ ആക്രമണങ്ങൾ, കൂടുതൽ വിനാശകരമായ പ്രത്യാഘാതങ്ങളോടെ യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് ഉളവാക്കുന്നത്. യുദ്ധം യൂറോപ്പിലും മറ്റു രാജ്യങ്ങളിൽപ്പോലുമുള്ള ആളുകളുടെ സാമൂഹിക-സാമ്പത്തിക തലങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും മെത്രാന്‍ സമിതി സൂചിപ്പിച്ചു.

അതേസമയം റഷ്യയുടെ മിസൈലാക്രമണങ്ങളിൽ യുക്രൈനിലെ പ്രധാന ഊർജനിലയങ്ങൾ തകർന്നതോടെ രാജ്യത്തെങ്ങും വൈദ്യുതിവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ജലവിതരണ സംവിധാനവും പൊതുഗതാഗതവും താറുമാറായി. റഷ്യ കയ്യടക്കിയ തെക്കൻ നഗരമായ ഖേഴ്സൻ തിരിച്ചുപിടിക്കാനായി സേനാവിന്യാസവുമായി യുക്രൈൻ മുന്നോട്ടുപോകുന്നതിനിടെയാണ് രാജ്യത്തെ മൂന്നിലൊന്ന് ഊർജനിലയങ്ങളും റഷ്യൻ ആക്രമണത്തിൽ തകർന്നത്. ഇതോടെ രാജ്യവ്യാപകമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 10 നു ശേഷം യുക്രെയ്നിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് മുന്നൂറിലേറെ മിസൈലാക്രമണങ്ങളാണു റഷ്യ നടത്തിയത്. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 30% ഊർജനിലയങ്ങൾ ആക്രമണത്തിൽ തകർന്നതായി പ്രസിഡന്റ് സെലെൻസ്കി വെളിപ്പെടുത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »