News - 2025

റോമിൽ ഓർത്തഡോക്സ് കത്തോലിക്ക പ്രതിനിധികളുടെ സമ്മേളനം

പ്രവാചകശബ്ദം 08-10-2021 - Friday

റോം: ഓർത്തഡോക്സ് കത്തോലിക്ക സഭകളിൽനിന്നുള്ള പ്രതിനിധികളെ ഒരുമിച്ചുകൂട്ടി, റോമില്‍ സമ്മേളനം. കൂട്ടായ്മയെ ഫ്രാന്‍സിസ് പാപ്പ അഭിസംബോധന ചെയ്തു. ഒരുമ എന്നത് തങ്ങളുടെ പ്രത്യേകതകളെ ഇല്ലായ്മ ചെയ്യുകയല്ല, മറിച്ച് പരസ്പരം പരിപോഷിപ്പിക്കുക എന്നതാണെന്ന, ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ, കർദ്ദിനാൾ കുർട് കോഹിന്റെ വാക്കുകളെ ഉദ്ധരിച്ച പാപ്പ, വിവിധ സഭകൾ തമ്മിലുള്ള സംഭാഷണം, അന്ധമായി ഐക്യരൂപം സ്വീകരിക്കുക എന്നല്ല ലക്ഷ്യമാക്കുന്നതെന്നും, വ്യത്യാസങ്ങളാൽ സമ്പന്നമായ ഒരു ഐക്യമാണ് വളർത്തിക്കൊണ്ടു വരേണ്ടതെന്നും പറഞ്ഞു. നാം പങ്കിടുന്ന അപ്പസ്തോലികവിശ്വാസത്തിന്റെ പ്രകടനം എപ്രകാരം യുക്തിപൂർണ്ണങ്ങളായ അവസരങ്ങളാക്കി മാറ്റാൻ നമ്മെ സഹായിക്കുന്നു എന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

നിങ്ങൾ ഒരു കമ്മിറ്റിയോ കമ്മീഷനോ അല്ല, മറിച്ച് ഒരു 'കർമ്മസമൂഹം' ആണ്. സാഹോദര്യവും, ക്ഷമയും നിറഞ്ഞ സംഭാഷങ്ങളിലൂടെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ഐക്യത്തിനായി പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സംഘമാണെന്നും എടുത്തുപറഞ്ഞു. ദൈവസഹായത്താൽ, ഭിന്നതയുടെ മതിലുകൾ തകർക്കാനും, കൂട്ടായ്മയുടെ പാലങ്ങൾ നിർമ്മിക്കാനുമാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. ഇങ്ങനെ, പരസ്പരം അനുരഞ്ജനത്തിലൂടെ ഐക്യം കൊണ്ടുവരുന്ന ഒരു സമാധാനമാണ് യേശുവും നൽകിയത്. റോമിലെ .ആഞ്ചലിക്കം യൂണിവേഴ്സിറ്റിയിലെ സഭൈക്യപഠനങ്ങൾക്കായുള്ള വിഭാഗത്തിന്റെ കീഴിൽ ഒരുമിച്ച് ചേർന്ന് നടക്കാൻ പോകുന്ന പഠനങ്ങൾക്ക് എല്ലാ ആശംസകൾ അര്‍പ്പിച്ച് കർത്തൃപ്രാർത്ഥന നടത്തിയാണ് പാപ്പ തന്റെ സംഭാഷണം അവസാനിപ്പിച്ചത്.


Related Articles »