News - 2025

പ്രാർത്ഥന കൂടാതെ മുന്നേറാനാവില്ല, കുടുംബ പ്രാർത്ഥനയിൽ ഒന്നു ചേരണം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 23-12-2024 - Monday

വത്തിക്കാന്‍ സിറ്റി: കുടുംബ പ്രാർത്ഥനയിൽ ഒന്നുചേരണമെന്നും പ്രാർത്ഥന കൂടാതെ മുന്നേറാനാവില്ലായെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ശനിയാഴ്ച വത്തിക്കാനിൽ പോൾ ആറാമൻ ഹാളില്‍ വത്തിക്കാൻ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും തിരുപ്പിറവി തിരുന്നാളാശംസകൾ കൈമാറി സന്ദേശം നല്‍കുകയായിരിന്നു പാപ്പ.

കുടുംബം സഭയുടെ പിള്ളത്തൊട്ടിലാണെന്ന വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ വാക്കുകൾ അനുസ്മരിച്ച പാപ്പ, വിവാഹത്തിൽ അധിഷ്ഠിതമായ കുടുംബമാണ് ജീവന് ജന്മമേകുന്നതും അതിനെ സ്വീകരിക്കുന്നതുമായ വേദിയെന്നും അവിടെയാണ് ശൈശവം തൊട്ടുതന്നെ വിശ്വാസവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും പാപ്പ അനുസ്മരിച്ചു. കുടുംബാംഗങ്ങൾ തമ്മിലുണ്ടായിരിക്കേണ്ട പരസ്പരാദരവ്, പരസ്പര ശ്രവണം, കരുതൽ എന്നിവയുടെ പ്രാധാന്യം പാപ്പ ഊന്നിപ്പറഞ്ഞു.

സകലരുടെയും നന്മയ്ക്കുതകുന്ന എന്തെങ്കിലും മറ്റുള്ളവരോടു ചേർന്ന് അപരർക്കു വേണ്ടി നിർമ്മിക്കുന്നവരുടെ മുഖങ്ങളാണ് തൊഴിലാളികളുടേതെന്ന് പാപ്പ പ്രസ്താവിച്ചു. ഇത് ദൈവപുത്രൻ, നമുക്കു കാണിച്ചു തരുന്നുണ്ട്. അവൻ നമ്മോടുള്ള സ്നേഹത്തെ പ്രതി യൗസേപ്പ് പിതാവിന്റെ കീഴിൽ താഴ്മയോടെ, ആശാരിപ്പണി അഭ്യസിക്കുകയായിരുന്നുവെന്നും ആ മരപ്പണിശാലയിൽ ഒരുമയിൽ, മറ്റു പലകാര്യങ്ങളിലൂടെ, കരകൗശലവിദഗ്ദ്ധരായി ലോക രക്ഷയ്ക്ക് രൂപമേകുകയായിരുന്നുവെന്നും വിശുദ്ധ പോൾ ആറാമൻ പാപ്പാ 1964-ൽ നസ്രത്തിൽ നടത്തിയ സുവിശേഷപ്രഭാഷണത്തിലെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് പാപ്പ വിശദീകരിച്ചു.


Related Articles »