News - 2024
ക്രിസ്തു വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുന്നവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 27-12-2024 - Friday
വത്തിക്കാൻ സിറ്റി: ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും സുവിശേഷത്തെ പ്രതി പീഡിപ്പിക്കപ്പെടുന്ന സ്ത്രീപുരുഷന്മാർ നിരവധിയാണെന്നും അവര്‍ വധിക്കപ്പെടുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ. പ്രഥമ ക്രൈസ്തവ രക്തസാക്ഷിയും തൻറെ ഘാതകരുടെ മേൽ കുറ്റമാരോപിക്കരുതേയെന്ന് മരണവേളയിൽ കർത്താവിനോടു പ്രാർത്ഥിച്ചവനുമായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനമായ ഇന്നലെ (26/12/24) വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ.
വിശ്വാസത്തെപ്രതി മരണം വരെ പീഡിപ്പിക്കപ്പെടുന്നവർ ബലഹീനതയാലോ ഒരു പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാനോ അല്ല തങ്ങൾ വധിക്കപ്പെടുന്നതിന് സ്വയം വിട്ടുകൊടുക്കുന്നത്, മറിച്ച് കർത്താവായ യേശുക്രിസ്തുവിൽ നിന്ന് തങ്ങൾക്കു ലഭിച്ച രക്ഷാദാനത്തിൽ എല്ലാവരേയും പങ്കാളികളാക്കാനാണെന്നും പാപ്പ പറഞ്ഞു. മരണസമയത്ത് വിശുദ്ധ സ്റ്റീഫൻ നടത്തുന്ന പ്രാർത്ഥന ചിന്തോദ്ദീപകമാണ്. ഒറ്റനോട്ടത്തിൽ വിശുദ്ധ സ്റ്റീഫൻ നിസ്സഹായനായി അക്രമത്തിന് വിധേയനാണെന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും യഥാർത്ഥത്തിൽ, ഒരു സ്വതന്ത്ര മനുഷ്യൻ എന്ന നിലയിൽ അവൻ, യേശു കുരിശിൽ ചെയ്തതു പോലെ, തൻറെ കൊലയാളികളെപ്പോലും സ്നേഹിക്കുകയും അവർക്കുവേണ്ടി തൻറെ ജീവൻ നൽകുകയും ചെയ്തു.
അത് അവർ അനുതപിക്കുന്നതിനും അങ്ങനെ ഒരിക്കൽ പൊറുക്കപ്പെട്ടാൽ അവർക്ക് നിത്യജീവൻ സമ്മാനമായി ലഭിക്കുന്നതിനും വേണ്ടിയാണെന്നും പാപ്പ പറഞ്ഞു. ഇപ്രകാരം വിശുദ്ധ സ്റ്റീഫൻ നമ്മുടെ മുന്നിൽ "എല്ലാവരും രക്ഷപ്പെടണം" (1 തിമോ 2.4) ആരും നശിച്ചുപോകരുത് (യോഹന്നാൻ 6.39; 17.1-26) എന്ന ഒരേയൊരു വലിയ ആഗ്രഹമുള്ള ദൈവത്തിൻറെ സാക്ഷിയായി മാറി. തൻറെ മക്കൾക്ക്, ആരെയും ഒഴിവാക്കാതെ എല്ലാവർക്കും, എപ്പോഴും നന്മ മാത്രം ആഗ്രഹിക്കുന്ന പിതാവിൻറെ സാക്ഷിയാണ് വിശുദ്ധ സ്റ്റീഫൻ എന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟