News
ഈജിപ്തില്‍ ക്രൈസ്തവ ആരാധനാലയങ്ങളോട് വിവേചനം തുടരുന്നു: ആരോപണവുമായി ഐസിസി
പ്രവാചകശബ്ദം 12-10-2021 - Tuesday
കെയ്റോ: ഇസ്ലാമിക രാഷ്ട്രമായ ഈജിപ്തില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണവും അംഗീകാരവുമായി ബന്ധപ്പെട്ട് 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാസ്സാക്കിയ നിയമവുമായി ബന്ധപ്പെട്ട നടപടികള്‍ മെല്ലെപ്പോക്കില്‍. ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016 ഓഗസ്റ്റ് 30നാണ് നിലവില്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ദേവാലയങ്ങള്‍ക്ക് നിയമ അംഗീകാരം നല്‍കുക, ദേവാലയങ്ങള്‍ അടച്ചുപൂട്ടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമം പാസാക്കിയത്.
ഇടക്കാലത്ത് നിയമനടപടികളില്‍ പുരോഗതി ഉണ്ടായെങ്കിലും ഔദ്യോഗികവും നിയമപരവുമായ അനുമതിയോടെ പുതിയ ദേവാലയങ്ങളൊന്നും ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നു ‘ഐ.സി.സി’ ചൂണ്ടിക്കാട്ടി. നിയമപരമായ അംഗീകാരത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ദേവാലയങ്ങളില്‍ 35 ശതമാനത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതുവരെ എത്ര പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഔദ്യോഗികവും നിയമപരവുമായ അനുമതി നല്‍കി എന്നത് സംബന്ധിച്ച യാതൊരു വിവരവുമില്ലെന്ന്‍ ‘ഈജിപ്ഷ്യന്‍ ഇനീഷ്യേറ്റീവ് ഫോര്‍ പേഴ്സണല്‍ റൈറ്റ്സ്’ (ഇ.ഐ.പി.ആര്‍) പറയുന്നു.
2016-ലെ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം പുതിയ ദേവാലയ നിര്‍മ്മാണത്തിന് ഔദ്യോഗികമായി ഒരു അനുമതിയും നല്‍കിയിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വാക്കാല്‍ അനുമതി നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. നഗരങ്ങളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ദേവാലയങ്ങളാകട്ടെ 2016-ലെ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. നിലവിലെ ദേവാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും മന്ദഗതിയില്‍ ആയിരിക്കുകയാണ്. പുതിയ നിയമവുമായി ബന്ധപ്പെട്ട കമ്മിറ്റി പുറത്തുവിട്ട തീരുമാനങ്ങളിലൂടെ 1958 ദേവാലയ കെട്ടിടങ്ങള്‍ക്കാണ് ഇതുവരെ പ്രാഥമിക അംഗീകാരം ലഭിച്ചിരിക്കുന്നത്.
അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ദേവാലയങ്ങളുടെ എണ്ണം (5,540) നോക്കുമ്പോള്‍ സംഖ്യ വളരെ നിസ്സാരമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അനുമതി ലഭിച്ചവക്കാകട്ടേ ഉപാധികളോടെയാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും ഇ.ഐ.പി.ആര്‍ ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ നിഷ്ക്രിയത്വം കാരണം ഈജിപ്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്നും പരാമര്‍ശമുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക