Arts - 2025

കടലിനടിയിലെ വിശുദ്ധ പാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

പ്രവാചകശബ്ദം 08-11-2021 - Monday

ഗര്‍ഗാനോ: ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും പഞ്ചക്ഷതധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നു മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമയുടെ ചിത്രങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തെക്കന്‍ ഇറ്റലിയിലെ ഗര്‍ഗാനോ പര്‍വ്വതത്തിന് സമീപമുള്ള തീരപ്രദേശത്തുള്ള ചെറു ദ്വീപ്‌ സമൂഹമായ ട്രെമിറ്റി ദ്വീപിലെ തീരപ്രദേശത്തിന് സമീപം 14 മീറ്റര്‍ താഴെ കടലിനടിത്തട്ടില്‍ 80 സെന്റീമീറ്ററുള്ള ഒരു അടിത്തറയിലാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ “അഗാധതയിലെ അത്ഭുതം” എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര സൃഷ്ടി മിമ്മോ നോര്‍ഷ്യ എന്ന ശില്‍പ്പിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 'ഫ്രാൻസെസ്കോ ഫോർജിയോൺ' എന്ന ഫേസ്ബുക്ക് പേജില്‍ അടുത്ത നാളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ മറ്റ് നവമാധ്യമങ്ങളിലെ പേജുകളും ഏറ്റെടുത്തതോടെയാണ് ചിത്രം ഒരിടവേളയ്ക്ക് ശേഷം വീണ്ടും തരംഗമായി മാറിയിരിക്കുന്നത്.

പ്രതിമയുടെ വലുപ്പത്തിനും, മനോഹാരിതക്കും പുറമേ, കടലിനടിയില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന എഞ്ചിനീയറിംഗ് വൈദഗ്ദ്യവും ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. വിശുദ്ധന്റെ എളിമയേയും, ലാളിത്യത്തേയും അനുസ്മരിപ്പിക്കും വിധമുള്ള കുരിശുമാലയും ധരിച്ച്, ആത്മീയതയുടെ അടിസ്ഥാനമായ വിശുദ്ധി, സമാധാനം, സ്നേഹം, കാരുണ്യം എന്നിവയുടെ സ്ഫുരണമെന്നോണം ഏകാന്തതയില്‍ ധ്യാനാത്മകമായി കൈകള്‍ വിരിച്ചു നില്‍ക്കുന്ന വിധത്തിലാണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്.

1998-ല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 3-നായിരുന്നു പ്രതിമ സ്ഥാപിച്ചത്. വിശുദ്ധ പാദ്രെ പിയോ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച ഗര്‍ഗാനോ പ്രദേശത്ത് ജനിച്ചു വളര്‍ന്ന മിമ്മോ നോര്‍ഷ്യയുടെ ഒരു സ്വപ്നമായിരുന്നു ഈ കലാസൃഷ്ടിയുടെ പൂര്‍ത്തീകരണം. വിശുദ്ധ പാദ്രെ പിയോ, കടല്‍, ഗര്‍ഗാനോ പര്‍വ്വതം, ട്രെമിറ്റി ദ്വീപ്‌ തുടങ്ങിയവയോട് തനിക്കൊരു പ്രത്യേക ഇഷ്ടം തന്നെയുണ്ടെന്നും “അഗാധതയിലെ അത്ഭുതം” എന്ന ഈ സൃഷ്ടി ചെറുപ്പം മുതലുള്ള തന്റെ സ്വപ്നമായിരുന്നെന്ന്‍ നോര്‍ഷ്യ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

കടലിനടിയില്‍ വിശുദ്ധരുടെ പ്രതിമകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണയായി മാറിയിരിക്കുകയാണ്. പ്രോട്ടോഫിനോയില്‍ ‘അഗാധതയിലെ ക്രിസ്തു’, ടാരന്‍ന്റോവില്‍ ‘ക്രൈസ്റ്റ് ഓഫ് ദി സീ’ എന്നീ രൂപങ്ങളും കടലിന്റെ അടിത്തട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. പോര്‍ട്ടോഫിനോയിലെ പ്രതിമ വാര്‍ക്കുവാന്‍ ഉപയോഗിച്ച മോള്‍ഡ് അമേരിക്കയില്‍ കൊണ്ടു വന്ന്‍ നിര്‍മ്മിച്ച ഒരു പ്രതിമ ഫ്ലോറിഡ തീരത്തും സ്ഥാപിച്ചിട്ടുണ്ട്. ഡൈവേഴ്സിന് മാത്രമാണ് ഈ പ്രതിമകള്‍ കാണുവാന്‍ കഴിയുകയുള്ളൂ എന്നതാണ് വാസ്തവമെങ്കിലും ആത്മീയതലത്തില്‍ നോക്കുമ്പോള്‍ ദൈവം എല്ലായിടത്തും സന്നിഹിതനാണ് എന്ന പരമമായ സത്യത്തേയാണ് ഈ രൂപങ്ങള്‍ പ്രതിനിധീകരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »