India - 2025
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: വന്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത
21-02-2021 - Sunday
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ കരാറിനെതിരേ വന്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത രംഗത്ത്. ആഴക്കടല്‍ ട്രോളര്‍ മത്സ്യബന്ധന കരാറിനെതിരേ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അഭിമുഖ്യത്തില്‍ ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനം നടത്തുന്നതിനായി ഉണ്ടാക്കിയ ആഴക്കടല്‍ ട്രോളര്‍ മത്സ്യബന്ധന കരാര്‍ നിലവില്‍ വന്നാല്‍ മൂന്നു ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കണ്‍സോര്‍ഷ്യമായ ഇഎംസിസിയും കേരള ഫിഷിംഗ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ആഴക്ക ടലില്‍ 400 ട്രോളറുകളും അഞ്ച് മദര്‍ഷിപ്പുകളും ഏഴ് ഫിഷ് ലാന്റിംഗ് സെന്ററുകളും വരുമെന്നാണ് അറിയുന്നത്. ഫിഷ് പ്രോസസിംഗിനായി നാല് ഏക്കര്‍ സ്ഥലം പള്ളിപ്പുറം കിന്‍ഫ്രാ പാര്‍ക്കില്‍ മാറ്റിവച്ചതും മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. 5000 കോടി മുതല്‍ മുടക്കുള്ള ഈ കരാര്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ സര്‍ക്കാര്‍ കരാറില്‍ നിന്നും പിന്മാറണം. പിന്മാറാത്ത പക്ഷം മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും മോണ്‍.സി. ജോസഫ് പറഞ്ഞു.
വേളി വര്‍ഗീസ് അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയില്‍ തിരുവനന്തപുരം സാമൂഹ്യശുശ്രൂഷ ഡയറക്ടര്‍ ഫാ.സാബാസ് ഇഗ്‌നേഷ്യസ്, മത്സ്യമേഖല ശുശ്രൂഷ ഡയറക്ടര്‍ ഫാ. ഷാജിന്‍ ജോസ്, യുടിയുസി ജില്ലാ പ്രസിഡന്റ് എം. പോള്‍, തിരുവനന്തപും മത്സ്യത്തൊഴിലാളി ഫോറം പ്രസിഡന്റ് പൊഴിയൂര്‍ ബോസ്‌കോ, പുല്ലുവിള ലോര്‍ദോന്‍, ഫ്രാന്‍സിസ് മൊറായീസ്, അടിമലത്തുറ ഫ്രാന്‍സിസ്, പൂവാര്‍ മുത്തയ്യന്‍, ജെ.ആര്‍. മിരാന്റ, ഷിനു വേളി, ഷാനി ജോസഫ്, രതീഷ്, സാന്റോ സാംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.