News - 2024

ഈജിപ്ഷ്യന്‍ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി കൈകോര്‍ത്ത് സര്‍ക്കാരും കോപ്റ്റിക് സഭയും

പ്രവാചകശബ്ദം 18-11-2021 - Thursday

കെയ്റോ: ഈജിപ്തില്‍ ചിതറിക്കിടക്കുന്ന കുഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തിനായി ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയും ഈജിപ്ഷ്യന്‍ സര്‍ക്കാരും കൈകോര്‍ക്കുന്നു. “മാന്യമായ ജീവിതത്തിന്” എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പരസ്പര ധാരണ പത്രത്തില്‍ ഇരു വിഭാഗവും ഒപ്പുവെച്ചു. ഇമിഗ്രേഷന്‍ ആന്‍ഡ്‌ ഈജിപ്ഷ്യന്‍ അഫയേഴ്സ് എബ്രോഡ് വിഭാഗം മന്ത്രിയായ നബില മക്രം അബ്ദേല്‍ ഷാഹിദും, കോപ്റ്റിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ എക്യുമെനിസം ആന്‍ഡ്‌ സോഷ്യല്‍ ഇഷ്യൂസ് വിഭാഗം തലവനായ അന്‍ബാ ജൂലിയസുമായിരുന്നു പദ്ധതിയുടെ പ്രോട്ടോക്കോളില്‍ ഒപ്പുവെച്ച പ്രമുഖര്‍.

പദ്ധതിയുടെ മൂന്നാം കക്ഷിയായ 'ഡീസന്റ് ലൈഫ് ഫൗണ്ടേഷന്‍' ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് പ്രസിഡന്റ് അയാ ഒമര്‍ അല്‍ ക്വാമറിയും, ഇമിഗ്രേഷന്‍ ആന്‍ഡ്‌ ഈജിപ്ഷ്യന്‍ പ്രവാസീ കാര്യാലയ മന്ത്രാലയത്തിന്റെ അസിസ്റ്റന്റായ അമര്‍ അബ്ബാസും ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദുര്‍ബ്ബല വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അവികസിത മേഖലകളിലെ സാമൂഹിക വികസനത്തിനായി ഈജിപ്ത് വിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് വടക്കേ അമേരിക്കയിലും, യൂറോപ്പിലും പ്രവാസികളായി കഴിയുന്ന ഈജിപ്ഷ്യന്‍ ജനതയുടെ സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

സാമൂഹ്യ ക്ഷേമപദ്ധതികളിലും, ജീവിത നിലവാരത്തിലും ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ക്ക് സമ്പൂര്‍ണ്ണ സമത്വത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന ഇത്തരമൊരു പദ്ധതിയെ പിന്തുണക്കുവാനുള്ള അവസരം നല്‍കിയതില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാന്‍ ജൂലിയസ് കത്തോലിക്ക സഭക്ക് നന്ദി അറിയിച്ചു. നിലവിലെ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന ‘ഈജിപ്ത് വിഷന്‍ 2030’ എന്ന വികസന പരിപാടിയുടെ ഭാഗമായിട്ടാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ ‘മാന്യമായ ജീവിതത്തിന്’ പദ്ധതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഏതാണ്ട് അന്‍പതോളം രാഷ്ട്രങ്ങളിലായിട്ടാണ് കോപ്റ്റിക് ഓര്‍ത്തഡോക്സ് പ്രവാസീ സമൂഹം ചിതറിക്കിടക്കുന്നത്. ഇവരുടെ കാര്യങ്ങള്‍ നോക്കുവാനായി മാത്രം ഏതാണ്ട് മുപ്പതോളം മെത്രാന്‍മാര്‍ ഈജിപ്തിന് പുറത്ത് സജീവമാണ്.

More Archives >>

Page 1 of 714