News - 2024
ബൈബിൾ വചനം പങ്കുവെച്ചതിന് വിചാരണ: നിയമനിർമാണ സഭാംഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് കോൺഗ്രസ് അംഗങ്ങൾ
പ്രവാചകശബ്ദം 15-11-2021 - Monday
ബൈബിളിനെ അടിസ്ഥാനപ്പെടുത്തി ക്രിസ്തീയ പ്രബോധനങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ വിചാരണ നേരിടുന്ന ഫിൻലന്റ് നിയമനിർമ്മാണ സഭാംഗമായ പൈവി റസനന് അമേരിക്കൻ കോൺഗ്രസിലെ ആറ് അംഗങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൈവിയുടെ വിചാരണയെ എതിർത്തുകൊണ്ട് ഹൗസ് ഓഫ് കോമൺസ് അംഗം ചിപ്പ് റോയിയുടെ നേതൃത്വത്തിലുള്ള സംഘം മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ അധ്യക്ഷ നദീൻ മയേൻസയ്ക്ക് കത്തെഴുതി. മനുഷ്യലൈംഗീകതയെ പറ്റിയും, വിവാഹത്തെപ്പറ്റിയുമുളള ക്രിസ്തീയ നിലപാട് പ്രകടിപ്പിച്ചതിന്റെ പേരിലാണ് റസനന് വിചാരണ നേരിടേണ്ടി വന്നത്. ഇത് ആറുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ തക്കതായ കുറ്റമാണ്. 2004-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ വിവാഹം സാധ്യമാകുകയുള്ളൂവെന്ന് പൈവി റസനൻ എഴുതിയിരുന്നു.
2019ൽ ഒരു റേഡിയോ ഷോയിലും നിയമനിർമ്മാണസഭാംഗം തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞിരിന്നു. കൂടാതെ ട്വിറ്ററിലും അവർ ക്രിസ്തീയ ധാര്‍മ്മിക പ്രബോധനങ്ങൾ പോസ്റ്റ് ചെയ്തു. നൂറ്റാണ്ടുകളായുള്ള സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെ പിന്തുണയ്ക്കുന്ന അറിയപ്പെടുന്ന ക്രൈസ്തവരെ ഫിൻലന്റ് സർക്കാർ വിചാരണയ്ക്ക് വിധേയരാക്കുകയാണെന്ന് യുഎസ് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. കേസ് സർക്കാരിന്റെ മതസ്വാതന്ത്ര്യ ലംഘനത്തിന് ഉദാഹരണങ്ങളാണ്. ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോർപ്പറേഷൻ യൂറോപ്പ് അടക്കമുള്ള അന്താരാഷ്ട്ര ഉടമ്പടികൾ ചോദ്യം ചെയ്യുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.
ഏറ്റവുമധികം മതപീഡനം നടത്തുന്ന രാജ്യങ്ങളുടെ പട്ടിക തയാറാക്കുമ്പോൾ ഇങ്ങനെയുള്ള സംഭവങ്ങളും പരിഗണനയ്ക്ക് എടുക്കണമെന്ന് യുഎസ് കോൺഗ്രസിനും, അമേരിക്കൻ സർക്കാരിന് ഉപദേശം നൽകുന്ന സമിതിയോട് കോൺഗ്രസ് അംഗങ്ങൾ കത്തിൽ ആവശ്യപ്പെട്ടു. അതേസമയം താൻ പറഞ്ഞതെല്ലാം ബൈബിൾ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളാണെന്നും, അത് നിയമവിധേയമാണെന്നുമാണ് പൈവി റസനൻ പറയുന്നത്. മതവിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരിൽ ജയിൽ ശിക്ഷ ലഭിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ലെന്ന് റസനൻ നേരത്തെ വ്യക്തമാക്കിയിരുന്നു.