News - 2025
തിരുവോസ്തി മോഷണം പോയി; പരിഹാര പ്രാര്‍ത്ഥനയുമായി ഫ്രഞ്ച് രൂപത
പ്രവാചകശബ്ദം 01-11-2024 - Friday
പാരീസ്: ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്നു തിരുവോസ്തി മോഷണം പോയതിനെ തുടര്‍ന്നു പരിഹാര പ്രാര്‍ത്ഥനയുമായി ഫ്രഞ്ച് രൂപത. ഒക്‌ടോബർ 27 ഞായറാഴ്‌ച വൈർ നോർമാൻഡിയിലെ (കാൽവാഡോസ്) നോട്രെ-ഡാം കത്തോലിക്ക ദേവാലയത്തില്‍ നിന്നാണ് തിരുവോസ്തി കടത്തിക്കൊണ്ടുപോയത്. 1944-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് നോർമാണ്ടി മേഖലയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ ബാധിച്ച തീപിടുത്തത്തിന് ശേഷം സംരക്ഷിച്ച ഒരേയൊരു വസ്തുവായ കാസയും മോഷണം പോയിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ദിവ്യബലിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തുവെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിഹാര പ്രാര്‍ത്ഥനയ്ക്കും ബലിയര്‍പ്പണത്തിനും ബയൂക്സിലെയും ലിസിയൂക്സിലെയും ബിഷപ്പ് ജാക്വസ് ഹാബർട്ട് നേതൃത്വം നൽകി. കുറ്റവാളികള്‍ ചെയ്തതിൻ്റെ ഗൗരവം അവർക്ക് മനസ്സിലായിട്ടില്ലായെന്നും ഈ ക്രൂരത നടത്തിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ബിഷപ്പ് ജാക്വസ് പറഞ്ഞു.
പൈശാചികമായ വിധത്തില്‍ യൂറോപ്പില്‍ ആഘോഷിക്കുന്ന ഹാലോവീനു തൊട്ടുമുന്നേ തിരുവോസ്തി മോഷണം നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. മോഷണം നടത്തിയ തിരുവോസ്തി പൈശാചിക ആരാധനയില്‍ അവഹേളിക്കുമോയെന്ന ആശങ്ക ശക്തമാണ്.
