News - 2024

തീവ്രവാദി ആക്രമണങ്ങള്‍ക്ക് മുന്‍പുള്ള ക്രിസ്തുമസ് ആഘോഷങ്ങളുടെ കണ്ണീരോര്‍മ്മയില്‍ ഫുര്‍ക്കിന ക്രൈസ്തവര്‍

പ്രവാചകശബ്ദം 21-12-2021 - Tuesday

ഔഗാഡൗഗു: ക്രിസ്തുവിന്റെ പിറവി തിരുനാള്‍ ആഘോഷിക്കുവാന്‍ ലോകം തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോള്‍ തങ്ങളെ ഭവനരഹിതരാക്കിയ തീവ്രവാദി ആക്രമണങ്ങള്‍ക്ക് മുന്‍പുള്ള ക്രിസ്തുമസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളുമായി കഴിയുന്ന ബുര്‍ക്കിനാഫാസോയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം നൊമ്പരമാവുന്നു. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’(എ.സി.എന്‍) ആണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയിലെ ക്രൈസ്തവ അഭയാര്‍ത്ഥികളുടെ കണ്ണീരോര്‍മ്മയുടെ നേര്‍ചിത്രം പുറംലോകത്തെത്തിച്ചത്. ബുര്‍ക്കിനയില്‍ പരമ്പരാഗതമായി ക്രിസ്തുമസ് ദിനത്തില്‍ കുടുംബ ആഘോഷങ്ങള്‍ സംഘടിപ്പിക്കുക പതിവാണെന്നു ഏഴു കുട്ടികളുടെ പിതാവായ ബര്‍ത്തലോമിയോ ‘എ.സി.എന്‍ അയര്‍ലന്‍ഡ്’നോട് പറഞ്ഞു.

വടക്കന്‍ ബുര്‍ക്കിനാ ഫാസോയിലെ ദാബ്ലോയിലെ ഔഗാഡൗഗു ഗ്രാമത്തില്‍ തീവ്രവാദികളുടെ ആക്രമണമുണ്ടായപ്പോള്‍ കുടുംബത്തോടൊപ്പം ബര്‍ത്തലോമിയോ പലായനം ചെയ്തിരിന്നു. ക്രിസ്തുമസ് പ്രധാനമായും കുട്ടികളുടെ ആഘോഷമായിരുന്നെന്നും, ക്രിസ്തുമസ് ദിനത്തില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ തങ്ങള്‍ക്കുള്ളതില്‍ ഏറ്റവും നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പോകുമായിരിന്നുവെന്നും മറ്റുള്ളവരെ സന്ദര്‍ശിക്കുകയും ഒരുമിച്ച് ആഹാരം കഴിക്കുമായിരിന്നുവെന്നും ബര്‍ത്തലോമിയോ പറഞ്ഞു. കുട്ടികള്‍ പുല്‍ക്കൂടുകള്‍ ഉണ്ടാക്കുകയും, പാട്ടും, സ്തുതി ഗീതങ്ങളുമായി വീടുകളില്‍ സന്ദര്‍ശനം നടത്തുമായിരുന്നെന്ന് പറഞ്ഞ ബര്‍ത്തലോമിയോ അഭയാര്‍ത്ഥിയായതിനു ശേഷം തങ്ങളുടെ ക്രിസ്തുമസ് പഴയപോലെ അല്ലെന്നും കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കുള്ളതിന്റെ കുറച്ച് മറ്റുള്ളവരുമായി പങ്കുവെച്ചാണ് ബുര്‍ക്കിനാ ഫാസോയിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ കഴിഞ്ഞുപോകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 2016 മുതലാണ് ബുര്‍ക്കിനാ ഫാസോയില്‍ തീവ്രവാദി ആക്രമണങ്ങള്‍ ശക്തി പ്രാപിച്ചത്. ഏതാണ്ട് പത്തുലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി. ഭവനരഹിതരായവരില്‍ ഭൂരിഭാഗവും. ക്രൈസ്തവരായിരിന്നുവെന്നും എ.സി.എന്നിന്റെ ഡിസംബര്‍ 13-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ തീവ്രവാദി ആക്രമണങ്ങള്‍ ഏറ്റവും രൂക്ഷമായി. ദേവാലയത്തില്‍ അഭയം പ്രാപിച്ചിരുന്ന ക്രൈസ്തവരെ ദേവാലയം വളഞ്ഞ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയ കാര്യവും ബര്‍ത്തലോമിയോ വിവരിച്ചു. 5 വിശ്വാസികളും, ഒരു വൈദികനുമാണ് അന്ന് കൊല്ലപ്പെട്ടത്.

ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി തീവ്രവാദികളുമായി സംസാരിക്കുന്നതിനിടയിലാണ് ഫാ. യാംപാക്ക് വെടിയേല്‍ക്കുന്നത്. ബര്‍ത്തലോമിയോയെ പോലെ ഏതാണ്ട് 13 ലക്ഷം സ്വദേശികളായ അഭയാര്‍ത്ഥികള്‍ ബുര്‍ക്കിനാഫാസോയിലുണ്ടെന്നാണ് എ.സി.എന്‍ പറയുന്നത്. അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള പ്രാദേശിക ദേവാലയങ്ങളുടെ ശ്രമങ്ങള്‍ക്ക് ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’(എ.സി.എന്‍) പിന്തുണ നല്‍കുന്നുമുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »