Faith And Reason

തോക്കുകളല്ല, പ്രാര്‍ത്ഥന മാത്രമാണ് പ്രശ്നങ്ങളുടെ പരിഹാരം: നിലവിലെ സാഹചര്യവും അനുഭവവും പങ്കുവെച്ച് ബുര്‍ക്കിന ഫാസോയിലെ വൈദികന്‍

പ്രവാചകശബ്ദം 13-10-2022 - Thursday

ഔഗാഡൗഗു: തോക്കുകള്‍ക്കല്ല മറിച്ച് പ്രാര്‍ത്ഥനയ്ക്കും ദൈവവിശ്വാസത്തിനും മാത്രമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയേ രക്ഷിക്കുവാന്‍ കഴിവുള്ളതെന്ന് മധ്യ-കിഴക്കന്‍ ബുര്‍ക്കിനാ ഫാസോയിലെ കത്തോലിക്ക വൈദികനായ ഫാ. ഹോണോറെ ക്യൂഡ്രാവോഗോ. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ന്റെ ജര്‍മ്മനിയിലെ അന്താരാഷ്‌ട്ര ആസ്ഥാനത്ത് നടത്തിയ സന്ദര്‍ശനത്തിനിടയില്‍ ബുര്‍ക്കിനാ ഫാസോയിലെ സ്ഥിതിഗതികളെ കുറിച്ച് വിവരിക്കുകയായിരുന്നു ടെങ്കോഡോഗോ രൂപതാ വൈദികനായ ഫാ. ഹോണോറെ. 2018-ല്‍ രാജ്യത്തെ മുഴുവന്‍ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചതിനാല്‍ 2019-ല്‍ ആക്രമണങ്ങള്‍ ഉണ്ടായില്ലെന്ന വസ്തുത ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് രാജ്യത്ത് യാതൊരു സുരക്ഷയുമില്ലെന്ന് പറഞ്ഞ ഫാ. ഹോണോറെ, തീവ്രവാദി ആക്രമണങ്ങളുടെ അവസാനത്തെ ഇര തങ്ങളാവുമോ എന്ന ഭീതിയിലാണ് ആളുകള്‍ ഓരോദിവസവും ഉണരുന്നത്. 2015-ലെ ആദ്യ തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തെ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണെന്നും ടെങ്കോഡോഗോയിലെ സെമിനാരിയുടെ റെക്ടര്‍ കൂടിയായ ഫാ. ഹോണോറെ പറഞ്ഞു. ഔദ്യോഗികമായി പറഞ്ഞാല്‍ രാജ്യത്തിന്റെ 40% പ്രദേശങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല. ബാക്കിയുള്ള 60% മേഖലയിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണവും തീവ്രവാദികളുടെ കൈകളിലാണ്. അഴിമതിയും, തീവ്രവാദവും അവസാനിപ്പിക്കുമെന്ന്‍ ഉറപ്പുനല്‍കിക്കൊണ്ട് ലെഫ്റ്റനന്റ് കേണല്‍ ഡാമിബാ അധികാരത്തില്‍ വന്നിട്ടും കാര്യങ്ങളില്‍ യാതൊരു മാറ്റവുമില്ലെന്ന് മാത്രമല്ല, സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഫാ. ക്യൂഡ്രാവോഗോ പറയുന്നു.

തീവ്രവാദത്തിനെതിരെ പോരാടുമെന്ന വെല്ലുവിളിയുമായി ലെഫ്റ്റനന്റ് കേണല്‍ ഡാമിബാ തീവ്രവാദികളെ പ്രകോപിപ്പിക്കുന്നതിനാല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കവര്‍ച്ചയാണോ, ജിഹാദാണോ തീവ്രവാദികളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് പറയുവാന്‍ ബുദ്ധിമുട്ടുണ്ട്. ആക്രമണങ്ങളില്‍ ഇസ്ലാമിക വര്‍ഗ്ഗീയതയുടെ അംശങ്ങള്‍ കാണുവാന്‍ കഴിയുന്നെണ്ടെന്നു ആക്രമണത്തിനിരയായവര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ ജനങ്ങളെ ശരിയത്ത് നിയമം അനുസരിക്കുവാനും, പുരുഷന്‍മാരെ നീളമുള്ള വസ്ത്രം ധരിക്കുവാന്‍ നിര്‍ബന്ധിക്കുകയും, താടി വടിക്കുന്നതില്‍ നിന്നും വിലക്കുകയും, സ്ത്രീകളെ തട്ടമിടുവാനും, കുട്ടികളെ മദ്രസ്സകളില്‍ പോകുവാനും നിര്‍ബന്ധിക്കുന്നതിന് പുറമേ, പാശ്ചാത്യ വിദ്യാഭ്യാസവും, ക്രിസ്ത്യന്‍ പള്ളികളിലെ മണികള്‍ മുഴക്കുന്നതും നിരോധിച്ചിരിക്കുകയാണെന്നും ഫാ. ക്യൂഡ്രാവോഗോ വെളിപ്പെടുത്തി.

തീവ്രവാദത്തിന്റെ ഫലമായി രാജ്യത്ത് പട്ടിണി വര്‍ദ്ധിച്ചിരിക്കുകയാണ്. 60% ജനങ്ങള്‍ക്കും തൊഴിലില്ലാത്തതിനാല്‍ 100 യൂറോ വാഗ്ദാനം ചെയ്‌താല്‍ ആരെ കൊല്ലുവാനും ആളുകള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ ഭീഷണി മൂലം ചില ഇടവകകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിയതായും, വൈദികരും മതബോധകരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഫാ. ക്യൂഡ്രാവോഗോ പറയുന്നു. ബുര്‍ക്കിനാ ഫാസോക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


Related Articles »