India - 2025

ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ മതവിരുദ്ധ നടപടി: കെ‌സി‌വൈ‌എം

പ്രവാചകശബ്ദം 30-01-2022 - Sunday

കൊച്ചി: ക്രൈസ്തവ വിശ്വാസത്തിലെ പരമപ്രധാനമായ ഞായറാഴ്ച ദിവസത്തിൽ മാത്രം നടപ്പിലാക്കുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ അശാസ്ത്രീയവും, യുക്തിരഹിതവുമാണെന്ന്‍ കെ‌സി‌വൈ‌എം സംസ്ഥാന സമിതി. ആഴ്ചയിൽ ആറു ദിവസവും നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ, ഞായറാഴ്ചകളിൽ മാത്രം നടപ്പിലാക്കുന്ന ഈ ലോക്ക്ഡോൺ രീതി മതസൗഹാർദ്ദ രാഷ്ട്രത്തിലെ മതവിരുദ്ധ നടപടിയാണ്. കോവിഡ് ടി.പി.ആർ നിരക്ക് പ്രതിദിനം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ശാസ്ത്രീയമാണോ?സ്കൂൾ, കോളേജ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയും ഞാറാഴ്ച മാത്രം ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിൽ എന്ത് ശാസ്ത്രീയവശമാണ് ഉള്ളത്. അവധി ദിവസം കൂടിയായ ഞാറാഴ്ച പൊതുമേഖല സ്ഥാപനങ്ങൾ പോലും പ്രവർത്തിക്കുന്നില്ലായെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ക്രൈസ്തവ ആരാധനാലയങ്ങളിൽ വിശുദ്ധ ബലി അർപ്പിക്കപ്പെടുന്ന ദിവസമായ ഞാറാഴ്ച ദിനങ്ങളിൽ, കോവിഡിന്റെ പ്രാരംഭഘട്ടം മുതൽ സർക്കാർ നൽകിയ എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് വിശുദ്ധ ബലി അർപ്പിക്കുന്നത്.നിലവിൽ, മതപരമായ ശുശ്രൂഷകൾ ഓൺലൈനിലൂടെ മാത്രം നടത്തുക എന്നത് അംഗീകരിക്കാനാവില്ല. തിരക്കേറിയ ദിവസങ്ങളിൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കാതെ കേരളത്തിൽ പൊതു അവധി ദിവസമായ ഞായറാഴ്ച ദിവസം മാത്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ക്രൈസ്തവർക്ക് ഞായറാഴ്ചകളിൽ മതപരമായ ചടങ്ങുകൾ നടത്തുന്നതിനായി ദേവാലയങ്ങളിൽ ഒത്തുകൂടി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മതപരമായ ചടങ്ങുകൾ നടത്താൻ സർക്കാർ അനുമതി നൽകണമെന്നും കെ‌സി‌വൈ‌എം ആവശ്യപ്പെട്ടു.


Related Articles »