Social Media - 2024

സമർപ്പിതർ ദുർബ്ബലരാണെന്ന് ആരുപറഞ്ഞു?

സിസ്റ്റര്‍ ജോമിഷ ജോയ് ഡി‌സി‌പി‌ബി 04-02-2022 - Friday

സംരക്ഷിക്കാനെത്തിയിരിക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഞങ്ങൾ സന്യസ്തർ. വലിയ "ഔദാര്യപൂർവ്വം" ജീവനും ജീവിതത്തിനും സംരക്ഷണ വലയമൊരുക്കാനും, "തടങ്കൽ പാളയ"ങ്ങളിൽനിന്ന് സ്വതന്ത്രരാക്കാനും, പീഡനങ്ങളിൽനിന്നും ദുരുപയോഗങ്ങളിൽനിന്നും എങ്ങനെയും അകറ്റി നിർത്താനും "പ്രതിജ്ഞാബദ്ധരായി" സാമൂഹ്യമാധ്യമങ്ങളിൽ ആവേശംകൊള്ളുന്നവരുടെ വലിയ വാക്കുകൾ കേൾക്കുമ്പോൾ കരയണോ ചിരിക്കണോ എന്നറിയാത്തവരാണ് സന്യസ്തരിൽ ബഹുഭൂരിപക്ഷവും! ആരുടെയൊക്കെയോ ജൽപ്പനങ്ങൾ കേട്ട് വികലമായ ആശയങ്ങൾ ഏറ്റുപിടിച്ച് സ്വയം അപഹാസ്യരാകുന്ന, ചിന്തിക്കാൻ കഴിവുണ്ടെന്ന് സ്വയം ധരിച്ചിരിക്കുന്ന കുറേപ്പേരോട് ചില കാര്യങ്ങൾ പറയാനുണ്ട്. നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ദുർബ്ബലരും നിസ്സഹായരുമായ ഒരു സമൂഹമല്ല ഇത്. മാനുഷികമായ പരിമിതികൾ മനുഷ്യരായിപ്പിറന്ന എല്ലാവർക്കും ഉള്ളതുപോലെ സന്യസ്തർക്കും ഉണ്ട് എന്നതല്ലാതെ, മലയാളികൾക്കിടയിൽ മാത്രം നാല്പത്തിനായിരത്തിൽ അധികം വരുന്ന സന്യസ്തർ ഉൾപ്പെടുന്ന സ്ത്രീ സമൂഹം പ്രത്യേകമായി ദൗർബ്ബല്യങ്ങൾ കൂടുതലുള്ളവരും അടിച്ചമർത്തപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടാൻ മാത്രം ജീവിക്കുന്നവരുമാണെന്ന ചിലരുടെ ധാരണകൾ അത്യന്തം ബാലിശമാണ്.

ഒരു സമൂഹമായെടുത്താൽ പൂർണ്ണമായ സ്വയം പര്യാപ്തതയോടെ ഏറ്റവും മാതൃകാപരമായ രീതിയിലും മികവോടെയും ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ സ്വതന്ത്രമായി നടത്തിക്കൊണ്ടിരിക്കുന്നത് ഇന്ന് കേരളത്തിൽ കത്തോലിക്കാ സന്യാസിനിമാരാണ്. വലിയ കോളേജുകളും ഹോസ്പിറ്റലുകളും മുതൽ ഒട്ടനവധി അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ചെറിയ ക്ലിനിക്കുകളും സാധാരണ ഹോസ്പിറ്റലുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വരെ എത്രയായിരം സ്ഥാപനങ്ങൾ അത്തരത്തിൽ ഇന്ന് കേരളത്തിൽ ഉണ്ടെന്നുള്ളത് കൃത്യമായി കണക്കാക്കപ്പെടേണ്ടിയിരിക്കുന്നു. അവയുടെയൊക്കെ മാനേജ്‌മെന്റ് മുതൽ കൂടുതൽ എണ്ണം ജോലിക്കാരും സമർപ്പിതർ തന്നെയാണ്. പ്രതിഫലം പറ്റാതെ സേവനസജ്ജരായി ആയിരക്കണക്കിന് സന്യസ്തർ ഉണ്ടെന്നുള്ളത് തന്നെയാണ് അത്തരം സ്ഥാപനങ്ങളുടെയും ശുശ്രൂഷാ മേഖലകളുടെയും വിജയം. ജീവിതസമർപ്പണം എന്ന ഒറ്റക്കാരണത്താൽത്തന്നെ ഈ പ്രവർത്തനങ്ങൾ ആർക്കും അനുകരിക്കാൻ പറ്റുന്നതുമല്ല.

ഞങ്ങൾ സമർപ്പിതരിൽ ടീച്ചേർസ് ഉണ്ട്, കഴിവുറ്റ സ്‌കൂൾ കോളേജ് പ്രിൻസിപ്പൽമാരുണ്ട്, ഒട്ടനവധി ഡോക്ടർമാരും നഴ്സുമാരുണ്ട്, പ്രഗത്ഭരായ അഡ്വക്കേറ്റ്സ് ഉണ്ട്, പേരെടുത്ത എഴുത്തുകാരും വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തി PHD കരസ്തമാക്കിയവരുണ്ട്, ഗായകരുണ്ട്, ആർട്ടിസ്റ്റുകൾ ഉണ്ട്, ഗവേഷകരും ശാസ്ത്രജ്ഞരുമുണ്ട്, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരുടെ മുൻനിരകളിലൊക്കെ ഞങ്ങളുണ്ട്, പാവങ്ങൾക്ക് വേണ്ടിയാണു ഞങ്ങൾ പ്രവർത്തിക്കുന്നത്, സമൂഹത്തിൽ ആരുമില്ലാത്തവർക്കും, ദുർബലർക്കും വേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നത്. ക്രിസ്തുവാണ് ഞങ്ങളുടെ മാതൃക, ക്രിസ്തുവാണ് ഞങ്ങളുടെ ബലം.

ഈ സന്യസ്തരുടെ പരിമിതികളും സ്വാതന്ത്ര്യവും എവിടെയാണ്? അംഗമായി ചേർന്ന സന്യാസസമൂഹത്തിന്റെ അടിസ്ഥാനസ്വഭാവം മറന്ന് ശരിയായ ഉദ്ദേശ്യലക്ഷ്യത്തോടു കൂടിയല്ലാതെയുള്ള തീരുമാനങ്ങൾ സ്വയം സ്വീകരിക്കണമെന്ന നിർബന്ധ ബുദ്ധിക്ക് മാത്രമാണ് സന്യാസജീവിതത്തിൽ പരിമിതികളുള്ളത്. കൂടെയുള്ളവരെ മറന്ന് തോന്നിയതുപോലെ ജീവിക്കണമെന്ന സ്വാതന്ത്ര്യത്തിന് മാത്രമാണ് തടസ്സമുള്ളത്. ശാസ്ത്ര - സാമൂഹിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരും, വിദേശരാജ്യങ്ങളിലും സ്വദേശത്തും ഇപ്പോൾ ഉപരിപഠനം നേടിക്കൊണ്ടിരിക്കുന്നവരും എത്രമാത്രമുണ്ടാകുമെന്ന് കണക്കുകൂട്ടുക എളുപ്പമല്ല. പഠിക്കാൻ താൽപര്യമുള്ളവരെ അത്രമാത്രം പിന്തുണക്കാൻ തയ്യാറുള്ള മറ്റു സാമൂഹിക സംവിധാനങ്ങൾ വേറെയുണ്ടാവില്ല. തങ്ങളുടെ ആഗ്രഹാനുസരണം വിദ്യാഭ്യാസം നേടാത്ത സന്യാസിനിമാരെ ഈ നാൽപ്പതിനായിരം പേർക്കിടയിൽ കണ്ടെത്തുക എളുപ്പമാവില്ല. സമൂഹത്തിൽ ഇത്രത്തോളം ശാക്തീകരിക്കപ്പെട്ട, അഭ്യസ്ഥവിദ്യരായ മറ്റൊരു സ്ത്രീജനത വേറെവിടെ കാണും. ഇത്രമാത്രം വ്യത്യസ്തമായ പ്രവർത്തനമേഖലകളിൽ മുഴുകിയിരിക്കുന്ന ഒരു സ്ത്രീ സമൂഹം വേറെ ഏതുണ്ട്? എന്നിട്ടും നിങ്ങളിൽ ചിലർ പറയുന്നു ഞങ്ങൾ ദുർബലരാണെന്ന്, നീതി നിഷേധങ്ങളെ ചെറുക്കാൻ കെൽപില്ലാത്തവരാണെന്ന്, സ്വാതന്ത്ര്യമില്ലാത്തവരാണെന്ന്, അടിമകളാണെന്ന്...

വിദ്യാഭ്യാസ നിലവാരം കണക്കാക്കിയാൽ, സേവനമേഖലകളുടെ വ്യാപ്തിയും മഹത്വവും കണക്കാക്കിയാൽ, തൊഴിൽ സമയം കണക്കുകൂട്ടിയാൽ ഈ നാൽപ്പതിനായിരം വരുന്ന സന്യസ്തരുടെ പ്രവർത്തനക്ഷമത നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് നിശ്ചയം. ഭൂരിപക്ഷം വരുന്ന ചാരിറ്റി സ്ഥാപനങ്ങളുടെയും അവിടെ അന്തേവാസികളായ പതിനായിരക്കണക്കിന് നിരാലംബരുടെയും നേട്ടം തൊഴിൽ സമയത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും ആശങ്കപ്പെടാത്ത സന്യസ്തരും അവരുടെ ജീവിതസമർപ്പണവും മാത്രമാണ്. പ്രാർത്ഥനാമണിക്കൂറുകൾക്ക് പുറമെ, ഉത്തരവാദിത്തമേറ്റിരിക്കുന്ന സേവനമേഖലകളിൽ മുഴുവൻ സമയവും മുഴുകിയിരിക്കുന്നതിനാൽ മാത്രമാണ് കേൾക്കുന്ന ആരോപണങ്ങൾക്കും ഉയരുന്ന അവഹേളനസ്വരങ്ങൾക്കും മറുപടിയുമായി എത്താൻ ഭൂരിപക്ഷത്തിനും കഴിയാത്തത്. അതെ സുഹൃത്തുക്കളെ, ഞങ്ങൾ സന്യസ്തർ വെറുതെയിരുന്ന് സമയം കളയുന്നവരോ, നേരംപോക്കാൻ സോഷ്യൽമീഡിയയിലെ ഏഷണികൾക്ക് പിന്നാലെ പോകുന്നവരോ അല്ല. ഈ ലോകം കയ്യൊഴിഞ്ഞ അനേകർക്കുവേണ്ടിയും, ഏറ്റെടുത്തിരിക്കുന്ന നിരവധി ഉത്തരവാദിത്തങ്ങൾക്കുവേണ്ടിയും മാറ്റിവച്ചിരിക്കുന്ന ജീവിതങ്ങളാണ് സമർപ്പിതരുടേത്.

ഞങ്ങൾ ഞങ്ങൾക്കുവേണ്ടിത്തന്നെ വാദിക്കാത്തതിന് പ്രധാന കാരണം, ക്രിസ്തുവാണ് ഞങ്ങളുടെ ബലവും കോട്ടയും എന്ന ഉറച്ച ബോധ്യം ഉള്ളതിനാലാണ്. ആ വിശ്വാസത്തിനും ബോധ്യങ്ങൾക്കും ഒരിക്കലും കോട്ടംതട്ടില്ല എന്നതിനാൽ, ഞങ്ങളെ തോൽപ്പിക്കാനോ മുറിവേൽപ്പിക്കാനോ ഇക്കാണുന്ന ഒരു ശത്രുക്കൾക്കും അവരുടെ ആയുധങ്ങൾക്കും കഴിയില്ല. എങ്കിലും അതിനായി കിണഞ്ഞ് പരിശ്രമിക്കുന്ന മാധ്യമ പ്രവർത്തകരേ, പ്രബുദ്ധ സാമൂഹ്യമാധ്യമ ചിന്തകരേ നിങ്ങൾക്ക് നന്ദി.. നിങ്ങൾ പടച്ചു വിട്ട അപവാദങ്ങളും ദുഷ്പ്രചാരണങ്ങളും ഞങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും കാലാനുസൃതമായി ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ ലോകത്തിലേയ്ക്ക് ഇറങ്ങാൻ ഉദ്ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനമണ്ഡലങ്ങളിൽ കർമ്മനിരതരായിരുന്നു, പാവപ്പെട്ടവരിൽ പാവപ്പെട്ടവരോട് ചേർന്നിരിക്കാനായിരുന്നു ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിച്ചത്. ഞങ്ങൾക്കെതിരെ നിങ്ങൾ പറഞ്ഞുണ്ടാക്കിയ കഥകൾ പലപ്പോഴും പൂർണ്ണമായി അവഗണിച്ചിരുന്നു. വീണ്ടും ഒറ്റതിരിഞ്ഞും കൂട്ടമായും ഞങ്ങളെ നിങ്ങൾ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ സമർപ്പിതർ ഉണർന്നെഴുന്നേറ്റിരിക്കുന്നു. യഥാർത്ഥ സന്യാസവും യഥാർത്ഥ സന്യാസ ജീവിതസമർപ്പണവും എന്താണെന്ന് നിങ്ങളുടെ പുതിയ ലോകത്തിൽ വന്ന് പ്രഘോഷിക്കാൻ ഞങ്ങൾ സന്നദ്ധരായിരിക്കുന്നു.

ഞങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ്.. ഞങ്ങൾ ദുർബ്ബലരല്ല, ക്രിസ്തുവിൽ ധീരയോദ്ധാക്കളും ശക്തരുമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »