Faith And Reason

ആഗോള സമൂഹം സാക്ഷി: റഷ്യയെയും, യുക്രൈനെയും മാനവരാശിയെയും വിമലഹൃദയത്തിന് സമര്‍പ്പിച്ച് പാപ്പ

പ്രവാചകശബ്ദം 26-03-2022 - Saturday

റോം: സമാധാനം പുനഃസ്ഥാപിക്കപ്പെടുവാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ സഹായം തേടി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയെയും, യുക്രൈനെയും ഫ്രാൻസിസ് മാർപാപ്പ വിമലഹൃദയത്തിന് സമർപ്പിച്ചു. വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ മാർച്ച് 25നു നടന്ന അനുതാപ ശുശ്രൂഷയുടെ അന്ത്യത്തിലാണ് സമർപ്പണം നടന്നത്. ഇരു രാജ്യങ്ങളുടെയും പേര് പറയുന്നതിനൊപ്പം, ആഗോള വിശ്വാസി സമൂഹത്തെയും, സഭയെയും മാനവരാശി മുഴുവനെയും മാർപാപ്പ ദൈവമാതാവിന് സമർപ്പിച്ചു. മധ്യ ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ ശില്പത്തിന് മുന്നിൽ ഇരുന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് മംഗളവാർത്ത ദിനത്തിൽ പ്രാർത്ഥനകൾ നയിച്ചത്.

അനുതാപ ശുശ്രൂഷയുടെ ഭാഗമായി കുമ്പസാരം നടന്നു. പാപ്പയും കര്‍ദ്ദിനാളുമാരും വൈദികരും വിശ്വാസികളും അടക്കം അനേകം പേര്‍ അനുരജ്ഞന കൂദാശ സ്വീകരിച്ചു. നേരത്തെ നല്‍കിയ സന്ദേശത്തില്‍ സമർപ്പണം എന്നത് ഒരു മാജിക്ക് വാചകം അല്ല മറിച്ച് ഒരു ആത്മീയ പ്രവർത്തിയാണെന്ന് ഫ്രാൻസിസ് മാർപാപ്പ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു. ലോകത്തെ ഭീതിപ്പെടുത്തുന്ന ക്രൂരവും, വിവേക രഹിതവുമായ യുദ്ധത്തിനിടയിൽ, തങ്ങളുടെ ഭയവും, ഭീതിയും അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന് ഭരമേൽപ്പിക്കുക എന്നതാണ് സമർപ്പണത്തിന്റെ ഉദ്ദേശമെന്ന് പാപ്പ പറഞ്ഞു.

നമ്മുടെ ശക്തിയിലൂടെ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി സാധിക്കില്ല, അതിന് ദൈവത്തിന്റെ സ്നേഹം ആവശ്യമാണെന്നും ആളുകൾക്ക് ലോകത്തെ മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അവരവരുടെ ഹൃദയങ്ങളാണ് ആദ്യം പരിവർത്തനം ചെയ്യേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു. ഇതിനുവേണ്ടി നമ്മുടെ കരം പിടിക്കാൻ പരിശുദ്ധ കന്യകാമറിയത്തെ നമുക്ക് അനുവദിക്കാമെന്നും പാപ്പ പറഞ്ഞു. ഇന്നലെ പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉപവി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വിഭാഗത്തിന്റെ തലവൻ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കി സമർപ്പണ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

അമലോൽഭവ മാതാവിനോടുള്ള നന്ദി പ്രകാശനത്തിന്റെ അടയാളമായി ഒരു ഗാനാലാപനത്തോടെയാണ് വത്തിക്കാനിലെ സമർപ്പണ പ്രാർത്ഥനകൾക്ക് തിരശ്ശീലവീണത്. വെള്ള നിറത്തിലുള്ള പുഷ്പങ്ങളും മാതാവിന് സമർപ്പിക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മെത്രാന്മാരും, വൈദികരും, വിശ്വാസി സമൂഹവും വത്തിക്കാനിൽ നടന്ന ശുശ്രൂഷയുടെ ഭാഗമായി. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ ശുശ്രൂഷയില്‍ നേരിട്ടു പങ്കെടുത്തിരിന്നു. അതേസമയം ലക്ഷകണക്കിന് ആളുകളാണ് തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം നവമാധ്യമങ്ങളിലൂടെ കണ്ടത്. പ്രവാചകശബ്ദവും ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »