News - 2024

ബാങ്കോക്കിലെ ഹൈന്ദവ ക്ഷേത്രത്തിൽ നടന്ന ബോംബാക്രമണത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി

ജേക്കബ് സാമുവേൽ 21-08-2015 - Friday

തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നടന്ന രണ്ട് ബോംബാക്രമണങ്ങളിൽ ദു:ഖം രേഖപ്പെടുത്തിക്കോണ്ട് വത്തിക്കാനിലെ വിദേശകാര്യ മന്ത്രി കർദ്ദിനാൽ പിയറ്റോ പരോലിൻ മുഖേന, തായ്‌ലന്റ് രാജാവിന്‌ മാർപ്പാപ്പ സന്ദേശം അയച്ചിരിക്കുന്നു.

വത്തിക്കാനിൽ നിന്നും ഭൂമിബോൾ അഡുല്ല്യഡേജ് രാജാവിന്‌ അയച്ച സന്ദേശത്തിൽ ഇപ്രകാരം പറയുന്നു. "അനേകം ജീവനുകൾ നഷ്ടപ്പെടുകയും നിരവധി പേർ മുറിവേല്ക്കപ്പെടുകയും ചെയ്ത എരവാൻ ഹിന്ദു ക്ഷേത്ര ആക്രമണത്തിലും, സാന്തോൺ കടൽപാല ബോംബാക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങളിലും ജീവാപായത്തിലും, പരിശുദ്ധ പിതാവ് പോപ്പ് ഫ്രാൻസിസ് അതീവ ദു:ഖിതനാണ്‌. ഈ ഭീകരാക്രമണത്തിൽ അകപ്പെട്ടുപോയ എല്ലാവരോടും ദു:ഖാർത്തനായ രാജാവിനോടും ഹൃദയംഗമമായ ഐക്യദാർഢ്യം പരിശുദ്ധ പിതാവ് അറിയിക്കുന്നു".

"പരുക്കേറ്റവരേയും, മരണപ്പെട്ടവരുടെ കുടുംബങ്ങളേയും സഹായിക്കുന്ന അത്യാഹിത സംഘാംഗങ്ങൾക്കും, കുറ്റക്കാരെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും വേണ്ടി പരിശുദ്ധ പിതാവ് പ്രാർത്ഥനകൾ അർപ്പിക്കുമെന്ന് ഉറപ്പ് നല്കുന്നു. തായ്‌ലന്റ് രാഷ്ട്രത്തിലാകമാനം സൗഖ്യവും സമാധാനവും കൈവരുന്നതിനുള്ള ദൈവീക അനുഗ്രഹത്തിന്‌ വേണ്ടി തീർച്ചയായും അപേക്ഷിക്കുകയും ചെയ്യുന്നു". കർദ്ദിനാൾ ഉപസംഹരിച്ചു.