News - 2024

അതിക്രൂരമായ രക്തചൊരിച്ചില്‍ തുടരുന്ന ബുച്ചായില്‍ നിന്നെത്തിച്ച യുക്രൈന്‍ പതാകയില്‍ ചുംബിച്ച് പാപ്പ

പ്രവാചകശബ്ദം 07-04-2022 - Thursday

വത്തിക്കാൻ സിറ്റി: അതിക്രൂരമായ വിധത്തില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടരുന്ന ബുച്ചായില്‍ നിന്നെത്തിച്ച യുക്രൈന്‍ പതാകയില്‍ ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ. യുക്രൈനിൽ നിന്നു വത്തിക്കാനിലെത്തിച്ച പതാകയാണിതെന്നും നിരപരാധികൾ കൊല്ലപ്പെടുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ഇന്നലെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രതിവാര പൊതുദർശന പരിപാടിക്കിടെ മാർപാപ്പ പറഞ്ഞു. പൊതുദർശന പരിപാടിയുടെ അവസാനം യുക്രൈന്‍ കുട്ടികളെ വേദിയിലേക്കു ക്ഷണിച്ച അദ്ദേഹം അവർക്ക് ചോക്ലേറ്റുകളും ഈസ്റ്റർ മുട്ടകളും സമ്മാനിച്ചു. യുദ്ധത്തിന്റെ അനന്തരഫലമായി സ്വന്തം രാജ്യം ഉപേക്ഷിച്ചുപോകേണ്ടിവന്നവരാണ് ഇവരെന്നും, എല്ലാ യുദ്ധങ്ങളും ഇതുപോലുള്ള ദുരിതഫലങ്ങൾ ഉളവാക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.

ഇങ്ങനെയുള്ള ആളുകളെ മറക്കരുത്. സ്വന്തം മണ്ണിൽനിന്നും പിഴുതെറിയപ്പെടുന്നത് അതികഠിനമായ ഒരു കാര്യമാണ്. ബുച്ച കൂട്ടക്കൊല, കൊടുംക്രൂരതയുടെ സാക്ഷ്യമാണെന്നും സമാധാനവും പ്രതീക്ഷയും കൊണ്ടുവരുന്നതിന് പകരം, പുതിയ ക്രൂരതയുടെ സാക്ഷ്യങ്ങളാണ് പുറത്തുവരുന്നതെന്നും പാപ്പ വേദനയോടെ പറഞ്ഞു. സാധാരണക്കാർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയാണ് ഈ ഭീകര ആക്രമണം നടന്നിരിക്കുന്നത്. അവരുടെ നിഷ്കളങ്കരക്തം, ഈ യുദ്ധം അവസാനിക്കുവാനും, ആയുധങ്ങൾ നിശബ്ദമാകുന്നതിനും, മരണവും നാശവും വിതയ്ക്കപ്പെടുന്നത് നിറുത്തുവാനുമായി സ്വർഗ്ഗത്തിലേക്ക് നിലവിളി ഉയർത്തുകയാണെന്ന് പാപ്പ പറഞ്ഞു.

യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ വടക്കുപടിഞ്ഞാറുള്ള ബുച്ചാ പട്ടണത്തിൽ 320 സിവിലിയന്മാരെ റഷ്യൻ പട്ടാളം കൊലചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ മുപ്പതു പേരുടെ മൃതദേഹങ്ങൾ നിരത്തിൽ കണ്ടെത്തി. ബുച്ച പട്ടണത്തിൽ റഷ്യ സാധാരണ പൗരൻമാരെ കൂട്ടക്കൊല തുടരുകയാണെന്ന വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ യുക് പ്രോസിക്യൂട്ടർ ജനറൽ ഇറിന് വെനഡിക്ടോവ എന്നിവരുടെ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യാന്തരതലത്തിൽ റഷ്യയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. റഷ്യൻ സൈനികർ പലരുടെയും കൈ കാലുകൾ മുറിച്ചു മാറ്റിയെന്നും നിരവധി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും നിരപരാധികളെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നുവെന്നും ആരോപണമുണ്ടായിരിന്നു. ഇക്കാര്യം തന്നെ വെളിപ്പെടുത്തി യുക്രൈനിലെ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ലിജി പയ്യപ്പിള്ളിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »