News
പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള പാപ്പയുടെ 'ഉര്‍ബി ഏത്ത് ഓര്‍ബി' ഇന്ന്: പ്രവാചകശബ്ദത്തില്‍ തത്സമയം
പ്രവാചകശബ്ദം 17-04-2022 - Sunday
യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സ്മരണയില്‍ ലോകം ഇന്നു ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വിശ്വാസികള്‍ക്ക് ഇന്നു അവസരം. ഈസ്റ്റര്‍ ദിനമായ ഇന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഉര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിന് ശേഷം നല്‍കുന്ന അപ്പസ്തോലികാശീര്‍വ്വാദം സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി സ്വീകരിക്കുന്നവര്‍ക്കു പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കും. വത്തിക്കാന്‍ സമയം ഇന്ന് ഉച്ചയ്ക്കു 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 3.30നാണ് പാപ്പ സന്ദേശവും ആശീര്‍വ്വാദവും നല്‍കുക. വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ 03:25 മുതല്‍ ലഭ്യമാക്കുന്നതാണ്.
ലഘുപാപം ഉള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ റേഡിയോ ടെലവിഷന്‍ മാധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ നല്‍കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.