Life In Christ - 2024

യുദ്ധ ദുരിതങ്ങള്‍ക്കിടെ സ്വീഡനിലെ ദേവാലയത്തില്‍ ഒരുമിച്ച് കൂടിയത് നൂറുകണക്കിന് യുക്രൈന്‍ സ്വദേശികള്‍

പ്രവാചകശബ്ദം 23-04-2022 - Saturday

സ്റ്റോക്ക്ഹോം: റഷ്യന്‍ അധിനിവേശത്തില്‍ നട്ടംതിരിയുന്ന യുക്രൈന്‍ ജനതയുടെ വേദനകളിലുള്ള ദുഃഖം ഉള്ളിലൊതുക്കിക്കൊണ്ട് സ്വീഡനിലെ യുക്രൈന്‍ സ്വദേശികള്‍ സ്റ്റോക്ക്ഹോമിലെ സെന്റ്‌ എറിക്ക് കത്തീഡ്രലില്‍ ഈസ്റ്റര്‍ ആഘോഷിച്ചു. വിശ്വാസികളുടെ ബാഹുല്യം നിമിത്തം ദേവാലയത്തില്‍ ഇരിപ്പിടം ലഭിക്കാതെ ദേവാലയത്തിന് പുറത്തുനിന്നാണ് നിരവധി പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടതെന്നു സ്വീഡനിലെ ഏക കത്തോലിക്ക രൂപതയായ സ്റ്റോക്ക്ഹോമിലെ യുക്രൈനിയന്‍ കത്തോലിക്ക മിഷന്റെ റെക്ടറായ ഫാ. ആന്‍ഡ്രി മെല്‍നിചുക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഏതാണ്ട് 400 മുതല്‍ 600 യുക്രൈന്‍ കുടിയേറ്റക്കാരാണ് സ്വീഡനില്‍ ഉള്ളതെങ്കിലും, 700 - 800 പേര്‍ ഈസ്റ്റര്‍ ദിനത്തിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. സ്റ്റോക്ക്ഹോം കര്‍ദ്ദിനാള്‍ ആന്‍ഡേഴ്സ് അര്‍ബോറെലിയൂസും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. “ഈ ദിവസം നാം തിന്മയുടെ മേലുള്ള ദൈവത്തിന്റെ വിജയമാണ് ആഘോഷിക്കുന്നത്. നമ്മളെല്ലാവരും ഈ വിജയത്തിന്റെ പിന്‍ഗാമികളാണെന്നാണ്‌ വിശ്വാസം. ഈ വിജയത്തിന്റെ മൂല്യത്തെക്കുറിച്ച് ഞങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്, അതിനാല്‍ ഈ വര്‍ഷം ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുകമാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്”- ഫാ. ആന്‍ഡ്രി പറയുന്നു.

സ്വീഡനിലെ യുക്രൈന്‍ സ്വദേശികള്‍ ഒറ്റയ്ക്കല്ലെന്നും, പ്രാദേശിക കത്തോലിക്ക സഭയുടേയും, പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളുടെയും, ചാരിറ്റി സംഘടനകളുടെയും ശക്തമായ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഫാ. ആന്‍ഡ്രി കൂട്ടിച്ചേര്‍ത്തു. സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഫെബ്രുവരി 24 മുതല്‍ 33,100 യുക്രൈന്‍ സ്വദേശികളാണ് സ്വീഡനിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുവാദത്തിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. യുക്രൈന്‍കാരില്‍ ഭൂരിഭാഗവും പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്. ബൈസന്റൈന്‍ ആരാധനാക്രമം പിന്തുടരുന്ന ഗ്രീക്ക് കത്തോലിക്കര്‍ 9 ശതമാനത്തോളം വരും. ഇവരില്‍ ഭൂരിഭാഗവും യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭ വിശ്വാസികളാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക