India - 2024
പാലക്കാട് ക്രിസ്തുമസ് കരോള്‍ തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത്; പ്രതികള്‍ അറസ്റ്റില്‍, വ്യാപക പ്രതിഷേധം
പ്രവാചകശബ്ദം 23-12-2024 - Monday
പാലക്കാട്: ക്രിസ്തുമസ് ആഘോഷത്തില്‍ വിദ്വേഷ പ്രചരണവുമായി ആഘോഷം തടയുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത വിശ്വഹിന്ദു പരിഷത്തിൻറെ നടപടിയിൽ വ്യാപക പ്രതിഷേധം. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷത്തിനിടെ സംഘപരിവാറുകാർ അതിക്രമിച്ചുകയറി കുട്ടികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തിയത്. ക്രിസ്തുമസ് ആഘോഷിക്കാനും കേക്ക് മുറിക്കാനും ആരാണ് നിങ്ങൾക്ക് അനുവാദം തന്നത്? ആഘോഷം നടത്താൻ സർക്കുലർ ഉണ്ടോ? ചുവന്ന ഡ്രസിട്ട് കുട്ടികളെ വഴിതെറ്റിക്കുന്നു, ഇപ്പോൾ നിർത്തിക്കോണം തുടങ്ങിയ ഭീഷണിയും അസഭ്യവർഷവുമായാണ് വിഎച്ച്പി നേതാക്കൾ എത്തിയത്.
സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ റിമാൻഡിലായ നല്ലേപ്പിള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്തുകളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവർക്കെതിരെ മുന്‍പും വിവിധ കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ ഭാരവാഹികളായിരുന്ന സജീവ പ്രവർത്തകരായിരുന്നവരാണ് സ്കൂളിൽ ക്രിസ്തുമസ് കരോളിനെതിരെ ആക്രമണം സംഘടിപ്പിച്ചത്.
പ്രതികളിലൊരാളായ വിശ്വഹിന്ദുപരിഷത്തിൻ്റെ ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ചിറ്റൂരിലെ ബിജെപിയുടെ മണ്ഡലം ഭാരവാഹിയായിരുന്നു. വി സുശാസനൻ ഒബിസി മോർച്ചയുടെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. അതേസമയം ഇടതു യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും യുഡിഎഫിന്റെ യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസും സ്കൂളില്‍ കരോള്‍ നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്.