Arts
'ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്': വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം ബിഗ് സ്ക്രീനിലേക്ക്
പ്രവാചകശബ്ദം 26-04-2022 - Tuesday
കൊച്ചി: മധ്യപ്രദേശിലെ പീഡിതജനതയ്ക്കായി ജീവിതം ബലിയാക്കിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വലമായ ജീവിതം ആസ്പദമാക്കിയുള്ള 'ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ്' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മലയാളം, ഹിന്ദി, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിൽ നിർമിച്ച ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തുമെന്നു സംവിധായകൻ ഡോ. ഷൈസൺ പി. ഔസേപ്പ് പറഞ്ഞു. മഹാരാഷ്ട്രയിലെ ലോണവാലയിൽ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. വിൻസി അലോഷ്യസാണ് റാണി മരിയയായി അഭിനയിക്കുന്നത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ടൈറ്റിൽ ലോഞ്ച് സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം ഐഎംഎ ഹാളിൽ നിർവഹിച്ചു. ഹൈബി ഈഡൻ എംപി, റോജി എം ജോൺ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. ട്രൈ ലൈറ്റ് ക്രിയേഷൻസ് ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനി നിർവഹിക്കുന്നു. തിരക്കഥ, സംഭാഷണം ജയപാൽ അനന്തൻ, കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് അൽഫോൺസ് ജോസഫ് സംഗീതം പകരുന്നു. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പുനം (മഹാരാഷ്ട്ര), സ്നേഹലത (നാ ഗ്പുർ ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യ നാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്. സമൂഹത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സാധാരണക്കാര്‍ക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ സേവനം ജന്മിമാരെ ചൊടിപ്പിക്കുകയായിരിന്നു.
ഇതില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് സിസ്‌റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ നിയോഗിച്ചു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്നു ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണു റാണി മരിയ കൊല്ലപ്പെട്ടത്. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിംഗ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിലും പങ്കെടുക്കുവാന്‍ കൊലയാളി സമന്ദര്‍സിംഗ് എത്തിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക