India - 2025
സിസ്റ്റർ റാണി മരിയയുടെ ജീവിതക്കഥ 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയ്ക്കു ഓസ്‌കർ നോമിനേഷൻ
19-12-2023 - Tuesday
കൊച്ചി: സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്‌സൺ പി. ഔസേഫ് സംവിധാനം ചെയ്‌ത 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ലോക സിനിമയുടെ നെറുകയിലേക്ക് അടുക്കുന്നു. സിനിമയിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ഓസ്‌കർ നോമിനേഷൻ ലഭിച്ചു. പ്രമുഖ സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനൽ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്‌കർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച വിവരം ഓസ്‌കാർ അവാർഡ് സമിതിയുടെ വെബ്സൈറ്റിൽ ഇന്നലെ രാത്രി പ്രസിദ്ധപ്പെടുത്തി.
സിനിമയിലെ 'ഏക് സപ്‌ന മേരാ സുഹാന, ജെൽത്താ ഹേ സൂരജ് എന്നീ ഗാനങ്ങളും മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിൻ്റെ തനിമയിൽ തയാറാക്കിയ പാട്ടുമാണ് അവാർഡിന് പരിഗണിക്കുക. വിവിധ ലോക ഭാഷകളിൽ 94 ഗാനങ്ങളാണ് ഒറിജിനൽ സോംഗ് വിഭാഗത്തിലേക്കു നോമിനേഷൻ നേടിയിട്ടുള്ളത്. 2023ൽ ഇന്ത്യൻ സിനിമകളിൽ നിന്നു ഗാനത്തിന് ഓസ്‌കർ നോമിനേഷൻ ലഭിക്കുന്ന ആദ്യ സിനിമയാണ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'.വലിയ അഭിമാനത്തോടെയാണ് ഓസ്‌കർ നോമിനേഷനെ കാണുന്നതെന്ന് അൽഫോൻസ് ജോസഫും സംവിധായകൻ ഷെയ്‌സൺ പി. ഔസേഫും പറഞ്ഞു.
മികച്ച സിനിമയ്ക്കുള്ള ഓസ്‌കർ നോമിനേഷനിലേക്കും സിനിമയ്ക്ക് സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. നവംബർ 17ന് കേരളത്തിൽ റിലീസ് ചെയ്‌ത ''ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' തിയറ്ററുകളിൽ 25 ദിവസം പിന്നിട്ടു. വിദേശത്തും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നുണ്ട്. ട്രൈ ലൈറ്റ് ക്രിയേഷൻസ് ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനിയാണ് നിർവഹിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോണവാലയിൽ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ), പുനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പുർ ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ.
സമൂഹത്തിലെ നിർധനർക്കു വേണ്ടി സ്വരമുയർത്തുകയും സാധാരണക്കാർക്കു വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾ നടത്തുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ സേവനം ഭൂവുടമകളെ ചൊടിപ്പിച്ചു. ഇതിൽ രോഷാകുലരായ പ്രദേശത്തെ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകകൊലയാളിയെ ഉപയോഗിച്ച് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരിന്നു. 2017 നവംബർ നാലിനാണ് റാണി മരിയയെ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ സമുന്ദർ സിംഗ് എത്തിയിരുന്നു.