News - 2024

സിവിൽ നിയമപ്രകാരം വിവാഹ മോചനം നേടിയ പുനർവിവാഹിതർ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ എന്തു ചെയ്യണം? ആര്‍ച്ച് ബിഷപ്പ് ചാര്‍ളസ് ചാപൂറ്റ് വിശദീകരിക്കുന്നു

സ്വന്തം ലേഖകന്‍ 06-07-2016 - Wednesday

ഫിലാഡല്‍ഫിയ: സിവിൽ നിയമപ്രകാരം വിവാഹ മോചനം നേടിയ കത്തോലിക്ക വിശ്വാസികള്‍ തങ്ങളുടെ പങ്കാളിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാതെ, സഹോദരരെ പോലെ ജീവിച്ചാൽ മാത്രമേ അവർക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കൂ എന്ന് ഫിലാഡല്‍ഫിയ അതിരൂപതയുടെ നിര്‍ദേശം. അതിരൂപത ആര്‍ച്ച് ബിഷപ്പ് ചാര്‍ളസ് ചാപൂറ്റ് ആണ് ഈ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

"നിയമപരമായി വിവാഹ മോചനം നേടിയ പുനർവിവാഹിതർ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന സമയം തങ്ങളുടെ പങ്കാളിയുമായി നിലനില്‍ക്കുന്ന ബന്ധം സഹോദരരോടുള്ള തരത്തിലാണെന്ന് ഉറപ്പാക്കണം. ഇവർ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ല. വിശുദ്ധ കുര്‍ബാനയില്‍ വിശുദ്ധിയോടെ തന്നെ വേണം പങ്കെടുക്കുവാനെന്നും ഇതിനെ സംബന്ധിച്ച് തെറ്റായ ആശയം മനസില്‍ സൂക്ഷിച്ച് ദിവ്യബലിയില്‍ പങ്കെടുക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നു". ആര്‍ച്ച് ബിഷപ്പ് തന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ലൈംഗീക വിശുദ്ധിയോടെ മാത്രമേ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടുള്ളൂയെന്ന സഭയുടെ പാരമ്പര്യ നിര്‍ദ്ദേശം ആര്‍ച്ച് ബിഷപ്പ് തന്റെ നിര്‍ദ്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി.

കുടുംബ സിനഡിന്റെ വെളിച്ചത്തില്‍ പുറത്തിറക്കിയ 'അമോറിസ് ലൈറ്റിറ' എന്ന അപ്പോസ്‌ത്തോലിക പ്രബോധനത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ച്ച് ബിഷപ്പ് രൂപതയില്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 2015 ഒക്ടോബറില്‍ നടന്ന സിനഡില്‍ ആര്‍ച്ച് ബിഷപ്പ് ചാര്‍ളസ് ചാപൂറ്റും പങ്കെടുത്തിരുന്നു. അപ്പോസ്‌ത്തോലിക പ്രബോധനം യുഎസില്‍ നടപ്പില്‍വരുത്തുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ആര്‍ച്ച് ബിഷപ്പ്.

സിവിൽ നിയമപ്രകാരം വിവാഹ മോചനം നേടിയ കത്തോലിക്ക വിശ്വാസികള്‍ വീണ്ടും വിവാഹിതരാകുവാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ സഭയില്‍ നിന്നും ഇതു സംബന്ധിക്കുന്ന പ്രത്യേക അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണം. ഏതെങ്കിലും ഒരു വൈദികനോ സഭയുടെ ചുമതല വഹിക്കുന്ന വ്യക്തിക്കോ, രേഖമൂലമായ വിവാഹ മോചനപത്രം വിവാഹമോചിതര്‍ക്ക് നല്‍കുവാന്‍ സാധിക്കില്ല. സഭാപരമായി വിവാഹ മോചനപത്രം ലഭിക്കണമെങ്കില്‍ ഇതു സംബന്ധിച്ച് രൂപീകൃതമായിരിക്കുന്ന പ്രത്യേക ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

മാമോദീസ സ്വീകരിച്ച ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സാധുവായ വിവാഹം മരണം വരെ നീണ്ടുനില്‍ക്കുന്നതാണെന്നും അതിനെ വേര്‍പ്പെടുത്തുവാന്‍ മനുഷ്യനോ സഭയ്ക്ക് പോലുമോ അധികാരമില്ലെന്ന് സഭ തന്നെ പഠിപ്പിക്കുന്നു. വിവാഹത്തെ യാഥാര്‍ത്ഥ്യമാക്കുന്ന ആവശ്യഘടകങ്ങളുടെ അഭാവത്തില്‍, സഭ കോടതിയ്ക്ക് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഒരു വിവാഹം അസാധുവാണെന്ന്, അതായത് ആ വിവാഹം നടന്നിട്ടില്ല എന്ന്‍ പ്രഖ്യാപിക്കാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ആദ്യ ബന്ധത്തിന്റെ സ്വഭാവിക ബാധ്യതകള്‍ തീര്‍ത്തതിനു ശേഷം ബന്ധപ്പെട്ട വ്യക്തികള്‍ വീണ്ടും വിവാഹം കഴിക്കാന്‍ സ്വതന്ത്രരായിരിക്കും. ഇപ്രകാരം വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കുക മാത്രമേ ഓരോ രൂപതകളിലെയും ട്രൈബ്യൂണലുകള്‍ ചെയ്യുന്നുള്ളൂ. സാധുവായ ഒരു വിവാഹത്തെ മോചിപ്പിക്കുവാന്‍ ഈ ട്രൈബ്യൂണലുകള്‍ക്ക് അധികാരമില്ല.


Related Articles »