India - 2025

മൈലാപ്പൂരില്‍ നിന്നുള്ള ദീപശിഖാപ്രയാണം പാലയൂരില്‍ എത്തിച്ചേര്‍ന്നു

പ്രവാചകശബ്ദം 20-06-2022 - Monday

പാലയൂർ: ജൂലൈ മൂന്നിന് ദുക്റാന ദിനത്തിൽ പാലയൂർ മാർത്തോമ എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ നടത്തുന്ന മഹാവിശ്വാസ സംഗമത്തിലേക്കുള്ള മൈലാപ്പൂരിൽ നിന്നുള്ള ദീപശിഖാപ്രയാണം പാലയൂർ എത്തിച്ചേർന്നു. വിശ്വാസികൾ ആവേശത്തോടെ വരവേല്പ്പ് നല്കി. മൈലാപ്പൂരിലെ മാർത്തോമ കബറിടത്തിൽ നിന്നു ദീപശിഖയും ശ്ലീഹ കുത്തേറ്റ് രക്ത സാക്ഷിയായ പെരിയ മലയിൽനിന്നു ശേഖരിച്ച മണ്ണുമായിട്ടുള്ള പ്രയാണം കഴിഞ്ഞ ദിവസം ഹോസൂർ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിലാണ് ഉദ്ഘാടനം ചെയ്തത്. സഹവികാരി ഫാ. മിഥുൻ വടക്കേത്തല, കൺവീനർ പി.ഐ. ലാസർ മാസ്റ്റർ, സെക്രട്ടറി സി.കെ. ജോസ്, എന്നിവരുടെ നേതൃത്വത്തിൽ നീങ്ങിയ പ്രയാണം നിരവധി സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര തുടർന്നത്.

രാമനാഥപുരം രൂപതയിലെ പ്രധാന ദേവാലയങ്ങളിൽ സ്വീകരണം നടന്നു. രാമനാഥ പുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന സമാപനത്തിൽ ബിഷപ്പ് മാർ പോൾ ആലപ്പാട്ട് മുഖ്യാതിഥിയായി. തൃശൂർ രൂപതയുടെ അതിർത്തിയായ കൊമ്പഴ ദേവാലയത്തിൽ നടന്ന സ്വീകരണത്തിൽ ചാൻസിലർ ഫാ. ഡൊമിനിക് തലക്കാടൻ, വൈസ് ചാൻ സിലർ ഫാ. സൈജോ പൊറത്തൂർ, ഫാ. ഡെന്നി താണിക്കൽ വികാരി ഫാ. ഷാന്റോ ത ലക്കോട്ടൂർ, ജോഷി വടക്കൻ, എൻ.പി. ജാക്സൻ, ജോജു മഞ്ഞില കെ.വി. ഡേവിസ് തുടങ്ങിയവർ നേതൃത്വം നല്കി.


Related Articles »