News - 2025

ഫ്രാൻസിസ് പാപ്പയ്ക്കു വീണ്ടും ശ്വാസതടസ്സം; ആരോഗ്യസ്ഥിതി മോശമായി

പ്രവാചകശബ്ദം 04-03-2025 - Tuesday

വത്തിക്കാൻ സിറ്റി: റോമില്‍ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരാവസ്ഥയിലായി. പാപ്പയുടെ ആരോഗ്യനിലയില്‍ കഴിഞ്ഞ ദിവസം വരെ നേരിയ പുരോഗതി ഉണ്ടായിരിന്നെങ്കിലും ഇന്നലെ സ്ഥിതി വഷളായി. രണ്ട് തവണ ശ്വാസ തടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. സാധ്യമായ എല്ലാ പരിചരണവും നൽകുന്നുണ്ടെന്നും നിലവിൽ പാപ്പയ്ക് കൃത്രിമ ശ്വാസം നൽകുവാന്‍ വീണ്ടും ആരംഭിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

ഫെബ്രുവരി 14നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്നു മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ ന്യുമോണിയയാണെന്ന് കണ്ടെത്തി. പാപ്പയുടെ ചികിത്സ ആരംഭിച്ചിട്ടു മൂന്നാഴ്ച ആയിട്ടും ഗുരുതരാവസ്ഥ ഇതുവരെ തരണം ചെയ്തിട്ടില്ലായെന്ന സൂചനയാണ് പുതിയ വിവരങ്ങളിലൂടെ വ്യക്തമാകുന്നത്. ശ്വാസ തടസം ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം വെൻ്റിലേറ്റർ ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്നലെ സ്ഥിതി ഗുരുതരമാകുകയായിരുന്നു.

മാർപാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ എല്ലാ ദിവസവും രാത്രി ജപമാല സമർപ്പണം നടക്കുന്നുണ്ട്. ഇന്നലെ നടന്ന പ്രാര്‍ത്ഥനയ്ക്കു ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് നേതൃത്വം നല്‍കി. ഇത് കൂടാതെ രാവും പകലും ജെമെല്ലി ആശുപത്രിയുടെ മുന്നിലുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ രൂപത്തിന് മുന്നിലെത്തി പ്രാര്‍ത്ഥിക്കുന്നവരും നിരവധിയാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »