India - 2025
ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം പരിരക്ഷിക്കപ്പെട്ട് കൊണ്ട് വേണം ഏകീകൃത സിവില്‍ കോഡ് കൊണ്ട് വരാനെന്ന് സിബിസിഐ
സ്വന്തം ലേഖകന്‍ 10-07-2016 - Sunday
തിരുവനന്തപുരം: ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള മതസ്വാതന്ത്ര്യം സംരക്ഷിച്ചു വേണം ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). ഭരണഘടന അംഗീകരിച്ചിട്ടുള്ള വൈവിധ്യം നിറഞ്ഞതും സ്വാതന്ത്ര്യവും ഹനിക്കപ്പെടാതെയുമുള്ള പൊതു സിവില്‍ കോഡിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എല്ലാ മതവിഭാഗങ്ങളും പരിഗണിക്കണപ്പെടണം. മതസ്വാതന്ത്ര്യം സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുന്ന ചര്‍ച്ചകളില്‍ പങ്കുചേരുന്നതിനു സിബിസിഐയ്ക്കു തുറന്ന മനസ്സാണുള്ളത്. ഏകീകൃത സിവില്‍ കോഡിനെ പറ്റിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളുടെ കരടുരൂപം ലഭിച്ചതിനു ശേഷമേ കൂടുതലായി പ്രതികരിക്കുകയുള്ളൂയെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു. പ്രസ്തുത വിഷയത്തെ പറ്റി ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി വേണ്ട ചര്‍ച്ചകള്‍ നടത്താന്‍ സിബിസിഐ മുന്‍കൈയെടുക്കുമെന്നും ബസേലിയോസ് ബാവാ കൂട്ടിചേര്‍ത്തു.