News

വൈദിക വിദ്യാര്‍ത്ഥികള്‍ക്കും സന്യസ്തര്‍ക്കുമായി സ്പാനിഷ് ഫൗണ്ടേഷന്‍ നല്‍കിയത് 1600 സ്കോളര്‍ഷിപ്പുകള്‍

പ്രവാചകശബ്ദം 14-07-2022 - Thursday

മാഡ്രിഡ്: സെമിനാരി വിദ്യാര്‍ത്ഥികള്‍, വൈദികര്‍, സന്യസ്തര്‍ തുടങ്ങിയവര്‍ക്കായി സ്പെയിനിലെ ‘ദി റോമന്‍ അക്കാഡമിക് സെന്റര്‍ ഫൗണ്ടേഷന്‍’ (കാര്‍ഫ്) കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത് ആയിരത്തിഅറുനൂറിലധികം സ്കോളര്‍ഷിപ്പുകള്‍. ഫൗണ്ടേഷന്റെ 2021-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. നൂറ്റിമുപ്പത്തിയൊന്നോളം വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറോളം മെത്രാന്‍മാരുടെ അപേക്ഷ പ്രകാരമാണ് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ പരിശീലനം കിട്ടിയ വൈദികന്‍ ആത്മീയ വികാസത്തിന്റെ മാത്രമല്ല, മാനുഷിക, സാംസ്കാരിക, സാമൂഹിക മേഖലകള്‍ തുടങ്ങി അവര്‍ സേവനം ചെയ്യുന്ന എല്ലാ മേഖലകളിലേയും ശ്രദ്ധാകേന്ദ്രമാകുമെന്ന്‍ കാര്‍ഫിന്റെ ജനറല്‍ ഡയറക്ടറായ ലൂയിസ് ആല്‍ബര്‍ട്ടോ റൊസാലസ് പറഞ്ഞു. 2021-ല്‍ തങ്ങളുടെ 10 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മെത്രാന്മാരായി അഭിഷിക്തരായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ വിദ്യാര്‍ത്ഥിക്കും 18,000 ഡോളര്‍ വീതം കഴിഞ്ഞ വര്‍ഷം ചിലവഴിച്ചത് 50 ലക്ഷത്തിലധികം ഡോളറാണെന്ന് റൊസാലസ് വെളിപ്പെടുത്തി. 6,500-ലധികം ഉദാരമനസ്കരുടെ സംഭാവനകള്‍ കൊണ്ടാണ് ഈ തുക സമാഹരിച്ചത്. സെമിനാരികളിലും, അന്താരാഷ്ട്ര സെമിനാരി കോളേജുകളിലും നല്‍കുന്ന സ്കോളര്‍ഷിപ്പിന്റെ നല്ലൊരു ഭാഗവും താമസ സൗകര്യത്തിന് വേണ്ടിയാണ് ചിലവഴിക്കുന്നത്. ഫൗണ്ടേഷന് സംഭാവനയായി ലഭിച്ച ഒരു കോടിയിലധികം ഡോളറിന്റെ പകുതിയിലധികവും പരിശീലന സ്കോളര്‍ഷിപ്പുകള്‍ക്ക് വേണ്ടി നീക്കിവെച്ചിരിക്കുകയാണ്. തിരുകര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള വസ്തുക്കള്‍, ജന്മനാട്ടില്‍ ഭവനരഹിതരായ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, പുരോഹിതര്‍ക്കുമുള്ള ചികിത്സാ സഹായം, പ്രായമായ വൈദികര്‍ക്കുള്ള വൈദ്യ സഹായം, വിഷമതകള്‍ അനുഭവിക്കുന്ന ഇടവക ദേവാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കും ഫൗണ്ടേഷന്‍ സഹായം നല്‍കിവരുന്നുണ്ട്.

ഓരോ ക്രൈസ്തവ വിശ്വാസിയും നവ-സുവിശേഷവത്കരണത്തില്‍ കൂട്ടുത്തരവാദികള്‍ ആണെന്നു റിപ്പോര്‍ട്ടിന്റെ അവതരണ വേളയില്‍ കാര്‍ഫ് പ്രസിഡന്റ് ജോസ് എന്‍റിക് ഫുസ്റ്റര്‍ പറഞ്ഞു. നിരവധി പേരുടെ പൗരോഹിത്യ രൂപീകരണത്തില്‍ സഹായിക്കുവാന്‍ കഴിഞ്ഞതില്‍ ദൈവത്തിനു നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്പെയിനിലെ പാംപ്ലോണയിലെ നവാര സര്‍വ്വകലാശാലയിലേയും, ഇറ്റലിയിലെ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയിലേയും സ്വീകര്‍ത്താക്കള്‍ അടക്കം സ്കോളര്‍ഷിപ്പ്‌ ലഭിച്ച സെമിനാരി വിദ്യാര്‍ത്ഥികളും വൈദികരും, സന്യസ്തരും കാര്‍ഫ്-നു നന്ദിയര്‍പ്പിക്കുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »