Life In Christ - 2024

20 വര്‍ഷം സജീവ ഭൂതോച്ചാടകനായിരിന്ന വൈദികന്‍ ഇന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍

പ്രവാചകശബ്ദം 23-07-2022 - Saturday

റോം: കഴിഞ്ഞ 20 വര്‍ഷക്കാലം ഭൂതോച്ചാടനത്തില്‍ സജീവമായിരുന്ന നാല്‍പ്പത്തിയേഴുകാരനായ ഇറ്റാലിയന്‍ മെത്രാന്‍ ജോർജിയോ മാരെങ്കോ ഇന്ന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍. ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വരിക്കുവാനുള്ള ആഗ്രഹത്തിന്റേയും, ധൈര്യത്തിന്റേയും പ്രതീകമായ ചുവന്ന തൊപ്പി ഈ വരുന്ന ഓഗസ്റ്റ് 27-നാണ് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ അണിയിക്കുക. മംഗോളിയയില്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കേയാണ് കൺസൊളാട്ട സമൂഹാംഗമായ ബിഷപ്പ് മാരെങ്കോയേ തേടി കര്‍ദ്ദിനാള്‍ പദവി എത്തുന്നത്. സഭയിലെ ഭൂരിഭാഗം കര്‍ദ്ദിനാളുമാരും അറുപത് വയസ്സു കഴിഞ്ഞവരായിരിക്കേയാണ് നാല്‍പ്പത്തിയേഴ് വയസ്സു മാത്രമുള്ള മെത്രാന്‍ കര്‍ദ്ദിനാളാവുന്നത്.

കഴിഞ്ഞ 20 വര്‍ഷക്കാലം ഇദ്ദേഹം ഭൂതോച്ചാടനത്തില്‍ സജീവമായിരുന്നു എന്നതാണ് പുതിയ കര്‍ദ്ദിനാളിന്റെ ഏറെ ശ്രദ്ധ നേടുന്ന പ്രത്യേകത. ഭൂതോച്ചാടന രംഗത്ത് സേവനം ചെയ്യുന്ന മറ്റ് വൈദികര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശി കൂടിയാണ് ഇദ്ദേഹം. റോമിലെ പൊന്തിഫിക്കല്‍ അഥീനിയം റെജീന അപ്പോസ്‌തോലോറത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ‘ഭൂതോച്ചാടന വിമോചന പ്രാര്‍ത്ഥന കോഴ്സിലെ വിദ്യാര്‍ത്ഥിയായിരുന്ന ഇദ്ദേഹം പിന്നീട് ഈ കോഴ്സിന്റെ അദ്ധ്യാപകരില്‍ ഒരാളായി മാറി. പൈശാചിക ബാധയില്‍ നിന്ന് വിടുതല്‍ വാങ്ങി തരണമെന്നാവശ്യപ്പെട്ടു ഇതര മതസ്ഥര്‍ പോലും തന്നെ സമീപിച്ചിട്ടുണ്ടെന്നും, തിന്മയുടെ പ്രവര്‍ത്തികള്‍ക്കെതിരെ ക്രിസ്തുവിന്റെ പ്രതിനിധിക്കുള്ള ശക്തി അവര്‍ അംഗീകരിക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

സുവിശേഷത്തിലൂടെയും, കൂദാശകളിലൂടെയും ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം വളര്‍ത്തുവാന്‍ സഭ ശ്രമിക്കുമ്പോള്‍ അത് തകര്‍ക്കുവാന്‍ ശ്രമിക്കുന്നവനാണ് സാത്താനെന്ന്‍ പറഞ്ഞ നിയുക്ത കര്‍ദ്ദിനാള്‍, മംഗോളിയില്‍ മാമ്മോദീസക്ക് തയ്യാറെടുക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളും സാത്താന്റെ കുടിലതകള്‍ തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്റെ അഭാവമാണ് അന്ധവിശ്വാസങ്ങളെ ആശ്രയിക്കുവാന്‍ കാരണം. പിശാചിനെതിരെയുള്ള പോരാട്ടത്തില്‍ സഹായകമായ പൊടികൈകള്‍ നിര്‍ദ്ദേശിക്കുവാനും മറന്നില്ല. പ്രാര്‍ത്ഥനയും, കൂദാശകളുമാണ് പ്രധാനമായും അദ്ദേഹം നിര്‍ദ്ദേശിച്ചത്.

പിശാചിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ബോധ്യവും, മതബോധനവും സഹായകരമാണ്. സഭാപ്രബോധനമനുസരിച്ചുള്ള ഭൂതോച്ചാടനവും, പിശാചിനെതിരെയുള്ള പോരാട്ടത്തിന് സഹായകമായ രീതിയിലും, ആത്മീയ ആരോഗ്യത്തിലുമുള്ള പുരോഹിതരുടെ രൂപീകരണവും സാത്താനെതിരെയുള്ള പോരാട്ടത്തില്‍ ഏറെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കരോൾ വോയിറ്റീവയെ (ജോൺപോൾ രണ്ടാമൻ മാർപാപ്പ) വിശുദ്ധ പോൾ ആറാമൻ മാർപാപ്പ കർദ്ദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തിയ അതേ വയസ്സിൽ തന്നെയാണ് ജോർജിയോ മാരെങ്കോയും കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 78