Life In Christ - 2024

'മഹത്വം ദൈവത്തിന്' : ലോക ചാമ്പ്യൻഷിപ്പിലെ റെക്കോർഡ് നേട്ടത്തില്‍ ബൈബിള്‍ വചനവും ദൈവസ്തുതിയുമായി യു‌എസ് താരം

പ്രവാചകശബ്ദം 29-07-2022 - Friday

ഒറിഗോണ്‍: ജൂലൈ 23നു നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ റെക്കോർഡ് നേട്ടത്തിന് ബൈബിള്‍ വചനവും ദൈവസ്തുതിയും നവമാധ്യമങ്ങളില്‍ പങ്കുവെച്ച് യു‌എസ് താരം സിഡ്നി മക്ക്ലോലിൻ. അമേരിക്കയിലെ ഒറിഗോണിൽ നടന്ന 400 മീറ്റർ ഹർഡിൽസിലാണ് തന്റെ തന്നെ ഒരു മാസം മുന്‍പത്തെ റെക്കോർഡ് സിഡ്നി തിരുത്തി കുറിച്ചത്. ന്യൂജെഴ്സിയിൽ താമസിക്കുന്ന 22 വയസ്സുള്ള ഈ കായിക താരം 50 .68 സെക്കന്റിലാണ് മത്സരം പൂർത്തിയാക്കിയത്. റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയുള്ള ഇൻസ്റ്റഗ്രാം പോസ്റ്റില്‍ സിഡ്നി ദൈവത്തിന് നന്ദി പ്രകാശിപ്പിക്കുകയായിരിന്നു.

തന്റെ ജനത്തിന്റെ ആവശ്യങ്ങളോട് ദൈവം കാണിക്കുന്ന ഉദാരതയെ പറ്റി വിവരിക്കുന്ന ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനം നാലാം അധ്യായം പതിനാറാം വാക്യമായ "അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം," എന്ന വാക്യമാണ് പോസ്റ്റിന്റെ ആദ്യ ഭാഗത്തുള്ളത്. കഠിനാധ്വാനത്തോടൊപ്പം പ്രാർത്ഥനയാല്‍ 50.68 സെക്കൻഡിൽ ദൈവീകമായി കലാശിച്ചുവെന്നും ദൈവാനുഗ്രഹത്താൽ ലക്ഷ്യം പൂർത്തീകരിച്ചുവെന്നും സിഡ്നി കുറിച്ചു. ഏകദേശം നാല് ലക്ഷത്തോളം ആളുകളാണ് വൈറലായ ആ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

എൻബിസി സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയും താരം തന്റെ അടിയുറച്ച ക്രിസ്തു വിശ്വാസം പ്രഘോഷിച്ചു. ദൈവത്തിന് മഹത്വം നൽകിക്കൊണ്ടായിരിക്കണം താൻ അഭിമുഖം തുടങ്ങേണ്ടതെന്ന് പറഞ്ഞ താരം നാഴികകല്ല് പിന്നിടാൻ തന്നെ സഹായിച്ചത് ദൈവം ശക്തി നൽകിയത് മൂലമാണെന്ന് കൂട്ടിച്ചേർത്തു. കത്തോലിക്ക സന്യാസിനികൾ നടത്തിയിരുന്ന ന്യൂ ജേഴ്സിയിലെ യൂണിയൻ കാത്തലിക്ക് റീജണൽ ഹൈസ്കൂളിലാണ് സിഡ്നി മക്ക്ലോലിൻ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്.

ലോക വേദികൾ സുവിശേഷം പങ്കുവയ്ക്കാനായി തങ്ങളുടെ പൂർവ വിദ്യാർത്ഥി ഉപയോഗിക്കുന്നതിൽ സ്കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ പേഴ്സിലി ഹാർട്ട് അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. ലോകത്തിന്റെ ഏറ്റവും വലിയ വേദിയിൽ സുവിശേഷത്തിന്റെ ഉപകരണമാകാനുള്ള വിളി സ്വീകരിക്കാൻ സിഡ്നി മുന്നോട്ടുവന്നുവെന്ന് സിസ്റ്റർ പറഞ്ഞു. 2020 ടോക്കിയോ ഒളിമ്പിക്സിൽ താരം രണ്ട് ഗോൾഡ് മെഡൽ നേടുകയും, ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തപ്പോൾ സിഡ്നി രക്ഷയുടെ സുവിശേഷമാണ് പങ്കുവെക്കുന്നതെന്ന് സിസ്റ്റർ പേഴ്സിലി ഹാർട്ട് പറഞ്ഞിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 78