India - 2024
അഗതി മന്ദിരങ്ങൾക്കു ഭക്ഷ്യധാന്യ വിതരണം പുനഃസ്ഥാപിക്കുമെന്ന ഉത്തരവ് നടപ്പായില്ല
ദീപിക 04-08-2022 - Thursday
കൊച്ചി: അഗതിമന്ദിരങ്ങൾക്കു റേഷൻ ഭക്ഷ്യധാന്യ വിതരണം പുനഃസ്ഥാപിക്കുമെന്ന സർക്കാർ ഉത്തരവ് നടപ്പായില്ല. ജൂലൈയിലെ ഭക്ഷ്യവസ്തുക്കൾ അഗതിമന്ദിരങ്ങളി ലെ അന്തേവാസികൾക്ക് ഇനിയും വിതരണം ചെയ്തിട്ടില്ല. അതേസമയം, മറ്റു റേഷൻ കാർഡ് ഉടമകൾക്കുള്ള ജൂലൈയിലെ ഭക്ഷ്യധാന്യ വിതരണം പൂർത്തിയായി. സംസ്ഥാനത്തെ വ്യദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ തുടങ്ങി അംഗീകാരമുള്ള വെൽഫെയർ സ്ഥാപനങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം നിലച്ചതു സംബന്ധിച്ചു 'ദീപിക' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നു സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള പ്രതിഷേധങ്ങൾ കണക്കിലെടുത്ത്, ഈ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം പുനഃസ്ഥാപിക്കുമെന്നു ജൂലൈ 12നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചു.
ടൈഡ് ഓവർ വിഹിതമായി കേന്ദ്രത്തിൽനിന്നു ലഭിച്ചിരുന്ന ഗോതമ്പ് നിർത്തലാക്കിയ സാഹചര്യത്തിൽ പകരമായി അരി നൽകുമെന്നായിരുന്നു പറഞ്ഞത്. വെൽഫെയർ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ കേന്ദ്രത്തിൽനിന്ന് അനുവദിക്കുന്നതുവരെ ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിനു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽനിന്ന് ഇത്തരം സ്ഥാപനങ്ങൾക്ക് ജൂലൈ മുതൽ ഭക്ഷ്യധാന്യങ്ങൾ നൽകുമെന്നും മുൻ മാസങ്ങളിൽ നൽകിയിരുന്ന തോതിൽ ധാന്യങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ അറിയിപ്പ് പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്.
എന്നാൽ, ഇന്നലെവരെയും ജൂലൈയിലെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതു സംബന്ധിച്ച് താലൂക്ക് സപ്ത ഓഫീസുകളിലേക്ക് അറിയിപ്പൊന്നും എത്തിയിട്ടില്ല. അഗതിമന്ദിരങ്ങൾക്കുള്ള അരിവിതരണം പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ അറിഞ്ഞിരുന്നെന്നും ജൂലൈയിലെ വിഹിതം നൽകുന്നതു സംബന്ധിച്ച് ഉത്തരവുകളൊന്നും എത്തിയിട്ടില്ലെന്നുമാണ് താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. റേഷൻ കടകളെ സമീപിച്ചപ്പോഴും തങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്നാണു മറുപടിയെന്ന് അഗതിമന്ദിരങ്ങളുടെ അധികൃതർ പറഞ്ഞു.
അതേസമയം ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിനു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽനിന്ന് ഓഗസ്റ്റിൽ അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും റേഷൻ വിതരണം ചെയ്യുമെന്നു സൂചനയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അഗതി മന്ദിരങ്ങളിലെ ഓരോ അന്തേവാസിക്കും പ്രതിമാസം 10.5 കിലോ അരി 65 രൂപ നിരക്കിലും, 4.5 കിലോ ഗോതമ്പ് 4.15 രൂപ നിരക്കിലുമാണ് നൽകിയിരുന്നത്.