Faith And Reason - 2024
അഗതികളുടെ അമ്മയായ മദര്‍ തെരേസയെ അനുസ്മരിച്ച് യുക്രൈന്‍ പ്രസിഡന്‍റ്
പ്രവാചകശബ്ദം 06-05-2022 - Friday
ലിവിവ്: റഷ്യയുമായുള്ള യുദ്ധത്തില്‍ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന അല്‍ബേനിയന്‍ ജനതക്ക് നന്ദിയര്‍പ്പിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി. കൊല്‍ക്കത്തയിലെ തെരുവുകളിലെ അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തികളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു നന്ദി പ്രകാശനം. “നിത്യജീവിതത്തിലെ നല്ല പ്രയത്നങ്ങള്‍ തിന്മയെ പരാജയപ്പെടുത്തുമെന്നും, തലമുറകള്‍ ഓര്‍ത്തിരിക്കും വിധം വിശുദ്ധിയോടടുപ്പിക്കുമെന്നുമാണ് വിശുദ്ധ മദര്‍ തെരേസ പഠിപ്പിച്ചിരിക്കുന്നത്” - ഇക്കഴിഞ്ഞ മെയ് 3-ന് അല്‍ബേനിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവേ യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
പോരാട്ടത്തില്‍ തങ്ങളെ പിന്തുണക്കുവാന്‍ മടികാണിക്കാതിരുന്നവരോട് നന്ദിയുണ്ടെന്ന് പറഞ്ഞ സെലെന്‍സ്കി, അല്‍ബേനിയന്‍ ജനത എപ്പോഴും സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കൂടെയാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിരോധത്തിലും, റഷ്യയ്ക്കെതിരായ ഉപരോധത്തിലും, യുക്രൈന്‍ ജനതയെ പരിപാലിക്കുന്നതിലും, യുക്രൈന്‍ കുട്ടികള്‍ക്ക് അഭയം നല്‍കുന്നതിലും അല്‍ബേനിയ ഉറച്ച നടപടികളാണ് കൈക്കൊണ്ടത്. ഫെബ്രുവരി 24-ലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം സെലെന്‍സ്കി നിരവധി രാജ്യങ്ങളിലെ നിയമസാമാജികരുമായി വിര്‍ച്ച്വല്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഓരോ കൂടിക്കാഴ്ചയിലും ആ രാജ്യത്തിന്റെ ചരിത്രവും, ജീവിതവും പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.
റഷ്യന്‍ ആക്രമണം കാരണം എല്ലാദിവസവും യുക്രൈനില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും, റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 220 കുട്ടികളും, മുറിവേറ്റ 406 കുട്ടികളും ഉള്‍പ്പെടെ മൊത്തം അറുന്നൂറിലേറെ കുട്ടികള്‍ റഷ്യന്‍ ആക്രമണത്തിന്റെ ഇരകളാണെന്നും സെലെന്‍സ്കി പറഞ്ഞു. കൊല്ലപ്പെട്ടവരെ മറവുചെയ്തിരിക്കുന്ന വന്‍ കുഴിമാടങ്ങളെക്കുറിച്ചും, വനത്തിലും, വയലുകളിലും, കെട്ടിടങ്ങളുടെ അടിത്തട്ടിലും കണ്ടെത്തിയ മൃതദേഹങ്ങളെ കുറിച്ചും, റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന എണ്‍പത്തിയാറോളം മത കേന്ദ്രങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക