News - 2024

ആരും സുരക്ഷിതരല്ല, സ്ഥിതിഗതികൾ കൈവിട്ടുപോകുന്നു: നൈജീരിയന്‍ കർദ്ദിനാൾ ജോൺ ഒനായേക്കൻ

പ്രവാചകശബ്ദം 04-08-2022 - Thursday

അബൂജ: നൈജീരിയയിലെ പൗരന്‍മാര്‍ ദിവസവും കൊല്ലപ്പെടുകയാണെന്നും സുരക്ഷാസേന എവിടെയാണെന്ന് അറിയില്ലായെന്നും സ്ഥിതിഗതികൾ കൈവിട്ടു പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നുമുള്ള വെളിപ്പെടുത്തലുമായി അബൂജയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജോൺ ഒനായേക്കൻ. ജൂലൈ 31-ന് ഘാനയിലെ അക്രയിൽ സമാപിച്ച ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും ബിഷപ്പ്‌സ് കോൺഫറൻസിന്റെ സിമ്പോസിയത്തിന്റെ പ്ലീനറി അസംബ്ലിയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. നൈജീരിയയുടെ സുരക്ഷസാഹചര്യം കൈവിട്ടുപോകുകയാണെന്നും ക്രിസ്ത്യാനികൾ മാത്രമല്ല, ആരും സുരക്ഷിതരല്ലായെന്നും കർദ്ദിനാൾ പറഞ്ഞു.

സർക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടതുപോലെയാണ് ഇത്, ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് അഭൂതപൂർവമായ അരക്ഷിതാവസ്ഥയാണ്. നിരപരാധികളെ കൊന്നൊടുക്കുന്ന കുറ്റവാളികൾ നടത്തുന്ന അക്രമങ്ങളുടെ ഇരകളാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും. കുറ്റവാളികൾ നിരപരാധികളെ കൊന്നൊടുക്കുകയാണ്. ഒരു പുരോഹിതൻ കൊല്ലപ്പെടുമ്പോൾ ലോകം മുഴുവൻ കേൾക്കുന്നു. എന്നാൽ കത്സിന സംസ്ഥാനത്തിന്റെ നടുവിൽ എവിടെയെങ്കിലും 50 ഗ്രാമീണർ കൊല്ലപ്പെടുമ്പോൾ ആരും കേൾക്കുന്നില്ല. സർക്കാർ നന്നായി ഭരിക്കുന്നില്ലെങ്കിൽ, ബൊക്കോഹറാം ആയാലും വേറെ ആരായാലും എല്ലാത്തരം ക്രിമിനലുകള്‍ക്കും തുറന്ന സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും പ്രശ്‌നമല്ല, അത് മനുഷ്യജീവന്റെ ബഹുമാനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രശ്‌നമാണ്. പല കുറ്റവാളികളും ഇസ്ലാമിന്റെ ബാനർ വഹിക്കുന്നുണ്ട്. ആർക്കെങ്കിലും അക്രമങ്ങളില്‍ അജണ്ടയുണ്ടെങ്കിൽ, ക്രിസ്ത്യാനി ഉറച്ച ക്രിസ്ത്യാനിയായി തുടരുകയും എങ്ങനെ വിശ്വസ്തനായിരിക്കണമെന്ന് പ്രഘോഷിക്കുകയും വേണം. നമ്മളെത്തന്നെ കൊല്ലാൻ അനുവദിക്കണമെന്ന് നമ്മുടെ വിശ്വാസം പറയുന്നില്ല. സ്വയം പ്രതിരോധിക്കാൻ നമ്മുക്ക് എല്ലാ അവകാശവുമുണ്ട്.

നിങ്ങൾ എവിടെയായിരുന്നാലും ഒരു നല്ല ക്രിസ്ത്യാനി ആയിരിക്കുക. നിങ്ങൾ ഒരു ക്രിസ്ത്യാനിയും സായുധസേനയിലെ അംഗവുമാണെങ്കില്‍ ആളുകളെ സംരക്ഷിക്കാൻ നിങ്ങളുടെ ജോലി നല്ലപോലെ ചെയ്യുക. ക്രൈസ്തവര്‍ അവരുടെ വിളിയോട് വിശ്വസ്തരായിരിക്കണമെന്നുമുള്ള വാക്കുകളോടെയാണ് കർദ്ദിനാൾ തന്റെ സന്ദേശം ചുരുക്കിയത്. 2013-ലെ പേപ്പൽ കോൺക്ലേവിൽ പങ്കെടുത്ത കർദ്ദിനാൾ ഇലക്‌ടർമാരിൽ ഒരാളായിരുന്ന കർദ്ദിനാൾ ഒനായേക്കൻ സഭയിലെ നിരവധി പ്രമുഖ സ്ഥാനങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

More Archives >>

Page 1 of 778