News - 2025

ആരോഗ്യ പ്രശ്നങ്ങള്‍ വകവെക്കാതെ ഫ്രാന്‍സിസ് പാപ്പ കസാക്കിസ്ഥാനിലേക്ക്

പ്രവാചകശബ്ദം 02-08-2022 - Tuesday

വത്തിക്കാന്‍ സിറ്റി: കാല്‍ മുട്ടില്‍ നേരിടുന്ന നിരവധിയായ പ്രശ്നങ്ങളെ തുടര്‍ന്ന് യാത്രകള്‍ പരിമിതപ്പെടുത്തുമെന്ന് സൂചന നല്‍കിയെങ്കിലും ഫ്രാന്‍സിസ് പാപ്പ കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. വിവിധ മത നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പ സെപ്റ്റംബർ 13 മുതൽ 15 വരെ കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കുക. രാജ്യത്തെ ഭരണാധികാരികളുടെയും സഭാനേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പ കസാക്കിസ്ഥാനില്‍ എത്തുകയെന്നും പ്രധാന സന്ദർശനവേദി തലസ്ഥാനമായ നൂർ-സുൽത്താൻ ആയിരിക്കുമെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിനിമയ കാര്യാലയത്തിൻറെ മേധാവി മത്തേയൊ ബ്രൂണി പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ മുപ്പത്തിയെട്ടാമത്തെ വിദേശ ഇടയസന്ദർശനമാണിത്.

സെപ്റ്റംബർ 13-ന് ചൊവ്വാഴ്‌ച പ്രാദേശിക സമയം രാവിലെ 7.15-ന് റോമിലെ ലെയൊണാർദൊ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാപ്പ നൂർ സുൽത്താനിലേക്ക് യാത്ര തിരിക്കും. പത്തു മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം വൈകുന്നേരും 5.45ന് പാപ്പ എത്തിച്ചേരും. വിമാനത്താവളത്തിലെ സ്വീകരണാനന്തരം ഔദ്യോഗിക സ്വീകരണ ചടങ്ങ് രാഷ്ട്രപതി ഭവനിൽ നടക്കും. രാഷ്ടപതി മന്ദിരത്തില്‍ കസാക്കിസ്ഥാൻറെ പ്രസിഡൻറ് കാസിം ജോമാർട്ടുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ രാഷ്ട്രാധികാരികളെയും ജനപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും പാപ്പ അഭിസംബോധന ചെയ്തു സംസാരിക്കും.

അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ സെപ്റ്റംബർ 14-ന് ബുധനാഴ്ച പ്രാദേശികസമയം രാവിലെ 10 മണിക്ക് മതനേതാക്കളുമൊത്തു കൂടിക്കാഴ്ച നടത്തും. മത നേതാക്കളുടെ ഏഴാം സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കും. 12 മണിക്ക് വിവിധ മതനേതാക്കളുമൊത്ത് സ്വകാര്യ കുടിക്കാഴ്ച നടത്തും. വൈകുന്നേരം 4.45-ന് എക്സ്പോ മൈതാനിയിൽ പാപ്പ ദിവ്യബലി അർപ്പിക്കും. സന്ദര്‍ശനത്തിന്റെ അവസാന ദിനമായ പതിനഞ്ചാം തീയതി രാജ്യത്തെ ജെസ്യൂട്ട് സമൂഹത്തിലെ അംഗങ്ങളുമായി അപ്പസ്തോലിക് കാര്യാലയത്തില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തും. ഇതേ തുടര്‍ന്നു നിത്യസഹായനാഥയുടെ നാമത്തിലുള്ള കത്തീഡ്രലിൽവച്ച് മെത്രാന്മാരെയും വൈദികരെയും ശെമ്മാശ്ശന്മാരെയും സമർപ്പിതരെയും വൈദികാർഥികളെയും അജപാലനപ്രവർത്തകരെയും സംബോധന ചെയ്യും.

ഉച്ചക്കഴിഞ്ഞു മൂന്നുമണിക്ക് പാപ്പ, മതനേതാക്കളുടെ സമ്മേളനത്തിന്റെ സമാപന ചടങ്ങിലും പങ്കെടുക്കും. അവിടെനിന്ന് നൂർ സുൽത്താൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകുന്ന പാപ്പ യാത്രയയപ്പ് ചടങ്ങിന് ശേഷം റോമിലേക്ക് യാത്ര തിരിക്കും വിധത്തിലാണ് ക്രമീകരണം. ഇക്കഴിഞ്ഞയാഴ്ച കാനഡ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്ക് മടങ്ങേവേ മുന്‍പത്തെ അതേ താളത്തിൽ യാത്രകൾ തുടരാൻ കഴിയുമെന്ന് കരുതുന്നില്ലായെന്നു പാപ്പ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരിന്നു. അതേസമയം വാഗ്ദാനം ചെയ്ത യാത്രകൾ നടത്തണമെന്നുണ്ടെന്നും പാപ്പ സൂചിപ്പിച്ചിരിന്നു. തന്റെ കാനഡ സന്ദര്‍ശനത്തില്‍ ഉടനീളം ഫ്രാന്‍സിസ് പാപ്പ വീല്‍ ചെയറിലാണ് എത്തിയിരിന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »