India - 2025

സീറോ മലബാർ സഭ സിനഡ് സമ്മേളനം ആരംഭിച്ചു

പ്രവാചകശബ്ദം 16-08-2022 - Tuesday

കാക്കനാട്: കർഷകരെ ഏറെ ആശങ്കപ്പെടുത്തുന്ന ബഫർസോൺ വിഷയവും, തീരദേശവാസികളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന പ്രതിസന്ധികളും പരിഹരിക്കാൻ സംസ്ഥാനകേന്ദ്ര സർക്കാരുകൾ കൂടുതൽ സത്വരമായ നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സമയോചിതമായ ഇടപെടലുകൾ നടത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടാകുന്നതിൽ പ്രശ്നബാധിതപ്രദേശങ്ങളിലെ മനുഷ്യർ ആശങ്കാകുലരാണെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി.

ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനവും, സിസ്റ്റർ മരിയ സെലിൻ കണ്ണനായിക്കലിന്റെ ധന്യ പദവി പ്രഖ്യാപനവും ഭാരത സഭയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങളാണെന്ന് മേജർ ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ജൂബിലിയുടെയും നവതിയുടെയും നിറവിലായിരിക്കുന്ന മെത്രാന്മാരെ കർദിനാൾ അഭിനന്ദനങ്ങൾ അറിയിച്ചു. അമ്പത്തിയൊന്ന് സീറോമലബാർ പിതാക്കന്മാർ പങ്കെടുക്കുന്ന ഇൗ സിനഡ് സമ്മേളനം ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവ് നൽകിയ ധ്യാനചിന്തകളോടെയാണ് ആരംഭിച്ചത്. തുടർന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും ചെയ്തു.

ഉച്ചക്കഴിഞ്ഞ് 2.30ന് മേജർ ആർച്ച്ബിഷപ് തിരി തെളിയിച്ച് സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ അപ്പസ്തോലനും, വിശ്വാസത്തിൽ പിതാവുമായ മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വാർഷികത്തിന്റെ ഭാഗമായി രൂപതകളിലും വിവിധ സ്ഥലങ്ങളിലുമായി നടത്തപ്പെട്ട, പ്രത്യേകിച്ച് പാലയൂരും കൊടുങ്ങല്ലൂരും നടന്ന ആഘോഷങ്ങളെ മേജർ ആർച്ച് ബിഷപ്പ് ശ്ലാഘിച്ചു. സഭാതലത്തിലുള്ള മാർതോമാശ്ലീഹായുടെ 1950ാം രക്തസാക്ഷിത്വ അനുസ്മരണം ജൂലൈ മൂന്നിന് ‘സീറോമലബാർ സഭാദിന’ത്തിൽ ആചരിച്ചതിനെകുറിച്ചും കർദിനാൾ അനുസ്മരിച്ചു.

വൈദികപരിശീലനത്തിന്റെ പാഠ്യപദ്ധതികൾ പുനരാവിഷ്കരിക്കുന്നതിനെ കുറിച്ചും, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന ‘സിനഡാലിറ്റി'യെക്കുറിച്ചുള്ള മെത്രാന്മാരുടെ 16ാമത് സാധാരണ സിനഡിനെ കുറിച്ചും ഇൗ സമ്മേളനം ചർച്ച ചെയ്യും. "ആത്മാവിനോട് തുറവിയുള്ളവരായിരിക്കാം; കപ്പലിനെ കാറ്റ് മുമ്പോട്ട് കുതിക്കാൻ സഹായിക്കുന്നതുപോലെ അവിടുന്ന് നമ്മെ മുമ്പോട്ട് നയിക്കും’ എന്ന ഫ്രാൻസിസ് പാപ്പായുടെ ചിന്ത സിനഡിനെ വഴിനടത്തുമെന്ന് കർദ്ദിനാൾ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സിനഡിന്റെ വരും ദിവസങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.


Related Articles »