News - 2025

ബുര്‍ക്കിന ഫാസോയില്‍ ഇസ്ലാമിക തീവ്രവാദത്തില്‍ ഭവനരഹിതരായവര്‍ക്ക് വേണ്ടി സഹായ അഭ്യര്‍ത്ഥനയുമായി കര്‍ദ്ദിനാള്‍

പ്രവാചകശബ്ദം 22-08-2022 - Monday

ഔഗാഡൗഗു: ഇസ്ലാമിക തീവ്രവാദവും, ആഭ്യന്തര കുടിയൊഴിപ്പിക്കലും കൊണ്ട് നട്ടം തിരിയുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ക്കുവാനും, സ്നേഹത്തിന്റെ പാലം തീര്‍ക്കുവാനുമുള്ള ആഹ്വാനവുമായി ഔവ്വാഗഡൌഗൌ കര്‍ദ്ദിനാള്‍ ഫിലിപ്പ് ഔവ്വേഡ്രാഗോ. ഓഗസ്റ്റ് 15ന് ഔര്‍ ലേഡി ഓഫ് യാഗ്മായിലേക്ക് നടത്തിയ ഇരുപത്തിയേഴാമത് അതിരൂപത തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ഇരുപതിനായിരത്തോളം വരുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭവനരഹിതരാവുന്നവരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടിക്കൊണ്ടിരിക്കുകയാണെന്നും, ക്രിസ്ത്യന്‍ സമൂഹം അവരെ സഹായിക്കണമെന്നും ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, നമുക്കുള്ളതെല്ലാം ദൈവത്തിന്റെ വരദാനമാണെന്നും, അത് നമ്മുടെ സഹോദരീ-സഹോദരന്‍മാരുമായി പങ്കുവെക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

മതങ്ങള്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയോ, വിദ്വേഷം, ശത്രുത, തീവ്രവാദം, അക്രമം, രക്തച്ചൊരിച്ചില്‍ എന്നിവയെ ക്ഷണിച്ചു വരുത്തുകയോ ചെയ്യരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദൈവത്തിന്റെ വരദാനവും മനുഷ്യ പ്രയത്നത്തിന്റെ ഫലവുമായ സമാധാനം പ്രാര്‍ത്ഥനയിലൂടെ മാത്രം നേടുവാനേ കഴിയുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാള്‍, ഓരോ ദിവസത്തെയും വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ഇടവക പ്രസ്ഥാനങ്ങള്‍, അസോസിയേഷനുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ അനുരജ്ഞനത്തിനും, നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ശക്തിപ്പെടുത്തണം. കുടുംബബന്ധങ്ങള്‍ ശക്തിപ്പെട്ടാല്‍ മാത്രമേ സമൂഹം ശക്തിപ്പെടുകയുള്ളൂവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഭവനരഹിതര്‍ക്കും, തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ക്കും വേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് കര്‍ദ്ദിനാള്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വടക്കന്‍ ആഫ്രിക്കയെ സബ് സഹാറന്‍ ആഫ്രിക്കയില്‍ നിന്നും വേര്‍തിരിക്കുന്ന സാഹേല്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബുര്‍ക്കിനാ ഫാസോയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ തുടര്‍ന്നു കടുത്ത അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. സാഹേല്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള രാഷ്ട്രം കൂടിയാണ് ബുര്‍ക്കിന ഫാസോ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 4ന് രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയായ ബാമില്‍ നടത്തിയ സൈനീക ആക്രമണത്തില്‍ 34 തീവ്രവാദികളെയാണ് വധിച്ചത്.

ജൂണില്‍ സോള്‍ഹാനില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 160 പേരാണ് കൊല്ലപ്പെട്ടത്. തീവ്രവാദി ആക്രമണങ്ങള്‍ കാരണം കഴിഞ്ഞ 2021-ല്‍ ഏതാണ്ട് 2,37,000-ത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ്, ‘ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊത്തം ജനസംഖ്യയുടെ 6 ശതമാനത്തോളം വരുമിത്‌.


Related Articles »