Life In Christ - 2024
തന്റെ ശേഷിച്ച ജീവിതം ബൈബിള്‍ സംഭവ കഥകള്‍ വിവരിക്കാന്‍: പ്രമുഖ അമേരിക്കന്‍ ടിവി അവതാരക കാത്തി ലീ
പ്രവാചകശബ്ദം 23-08-2022 - Tuesday
കാലിഫോര്‍ണിയ: യേശുവുമായുള്ള തന്റെ ആദ്യ കണ്ടുമുട്ടലിനെ കുറിച്ചുള്ള ശക്തമായ സാക്ഷ്യവുമായി അമേരിക്കന്‍ ടിവി അവതാരികയും, ഗായികയും, ഗാന രചയിതാവുമായ കാത്തി ലീ ഗിഫോര്‍ഡ്. ഒരു സിനിമ തിയേറ്ററില്‍വെച്ചാണ് താന്‍ യേശുവിനെ ആദ്യമായി കണ്ടുമുട്ടിയതെന്നു ‘ദി പ്രോഡിഗല്‍ സ്റ്റോറീസ് പോഡ്കാസ്റ്റ്’ എന്ന ജനപ്രിയ ടിവി പരിപാടിയില്‍ പങ്കെടുക്കവേ ഗിഫോര്‍ഡ് പറഞ്ഞു. തന്റെ ഹൃദയത്തെയും മനസ്സിനേയും എന്നെന്നേക്കുമായി മാറ്റിയ സംഭവമായിരുന്നു അതെന്നു കാത്തി കൂട്ടിച്ചേര്‍ത്തു. 12 വയസ്സുള്ള ഒരു ചെറിയ യഹൂദ പെൺകുട്ടിയായ താന്‍ ഒരു സിനിമ തിയേറ്ററിൽവെച്ചാണ് യേശുവിനെ അറിയുന്നത്.
ബില്ലി ഗ്രഹാം ഓർഗനൈസേഷൻ പുറത്തിറക്കിയ ആ സിനിമയിലൂടെ യേശു തന്റെ ഹൃദയത്തോട് സംസാരിച്ചുവെന്നും, അതിനു ശേഷം താന്‍ പഴയ ആളല്ലാതായി മാറിയെന്നും ഗിഫോര്‍ഡ് പറയുന്നു. തന്റെ ശേഷിച്ച ജീവിതം ബൈബിള്‍ കഥകള്‍ പറയുവാനാണ് താന്‍ ഉദ്ദേശിക്കുന്നത്. ‘ഫാതോം ഇവന്റ്സ്’ന്റെ സഹകരണത്തോടെ ബൈബിള്‍ കഥകള്‍ക്ക് സംഗീതത്തിലൂടെ ജീവന്‍ പകരുന്ന “ദി വേ” എന്ന ദൃശ്യ സംഗീത ആല്‍ബം പുറത്തിറക്കുവാനുള്ള തയ്യാറെടുപ്പിലാണ് അവര്‍. “വായു തരംഗങ്ങളുടെ ഉടമ പിശാചല്ല, മറിച്ച് കര്‍ത്താവാണ്” എന്ന് പറഞ്ഞ ഗിഫോര്‍ഡ് എല്ലാം ദൈവത്തിനുള്ളതാണെന്നും, ദൈവ രാജ്യത്തിനായി അവയെല്ലാം തിരിച്ചുപിടിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ക്രിസ്തീയമെന്ന് പറഞ്ഞുകൊണ്ട് അനാവശ്യ ഉള്ളടക്കങ്ങളുമായി കലാസൃഷ്ടികള്‍ നടത്തി അനുഗ്രഹീതരാകാമെന്ന വ്യാമോഹം ഉപേക്ഷിച്ച് മികവുറ്റ വിനോദപരിപാടികള്‍ സൃഷ്ടിക്കുവാന്‍ പറഞ്ഞ ഗിഫോര്‍ഡ് തന്റെ പുതിയ സിനിമ ഇത്തരത്തിലുള്ളതായിരിക്കുമെന്നും ഇത്തരത്തിലൊരു സിനിമ ആരും കണ്ടിട്ടുണ്ടാവില്ലെന്നും പറയുന്നു. ലാറി ഗാറ്റ്ലിന്‍, ജിമ്മി അല്ലെന്‍, ഡാനി ഗോകി, ബെബെ വിനാന്‍സ്, നിക്കോള്‍ സി മുള്ളന്‍ പോലെയുള്ള പ്രഗല്‍ഭ താരങ്ങളാണ് ബൈബിള്‍ കഥകള്‍ വിവരിക്കുക.
ഈ മാസം അവസാനം 'ദി ഗോഡ് ഓഫ് ദി വേ: എ ജേര്‍ണി ഇന്‍റ്റു ദി സ്റ്റോറീസ്, പീപ്പിള്‍ ആന്‍ഡ് ഫെയിത്ത് ദാറ്റ് ചേഞ്ച്ഡ് ദി വേള്‍ഡ്” എന്ന്‍ പേരില്‍ ഒരു പുസ്തകം പ്രകാശനം ചെയ്യുവാനും ഗിഫോര്‍ഡ് പദ്ധതിയിടുന്നുണ്ട്. “ലിവ് വിത്ത് റെജിസ് ആന്‍ഡ് കാത്തി ലീ”. എന്‍.ബി.സി യുടെ “റ്റുഡേ” എന്നീ പരിപാടികള്‍ വഴിയാണ് കാത്തി ലീ അമേരിക്കന്‍ ഭവനങ്ങള്‍ക്കു സുപരിചിതയായത്. നിരവധി പ്രാവശ്യം എമ്മി അവാര്‍ഡ് ജേതാവായിട്ടുള്ള അവതാരിക കൂടിയാണ് ഗിഫോര്‍ഡ്.