News

ലഹരിയുടെ അടിമത്തത്തില്‍ നിന്നും മോചനം നേടുവാന്‍ സഹായിച്ചത് ക്രിസ്തു: ഹോളിവുഡ് നടന്‍ ഡെന്നിസ് ക്വയ്ഡ്

പ്രവാചകശബ്ദം 29-07-2023 - Saturday

കാലിഫോര്‍ണിയ: ലഹരിയുടെ അടിമത്തത്തില്‍നിന്നും മോചനം നേടുന്നതിനുള്ള പോരാട്ടത്തില്‍ തന്റെ ക്രിസ്തീയ വിശ്വാസം തന്നെ സഹായിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ഡെന്നിസ് ക്വയ്ഡ്. ‘ദി പാരന്റ് ട്രാപ്’ എന്ന സിനിമയിലൂടെ സുപരിചിതനായ ഡെന്നിസ് ‘ദി പ്യൂപ്പിള്‍’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്തുവിലുള്ള വിശ്വാസം എപ്രകാരമാണ് ലഹരിയുടെ അടിമത്തത്തില്‍ നിന്നും മോചിതനാകുവാന്‍ തന്നെ സഹായിച്ചതിനെക്കുറിച്ച് വിവരിച്ചത്. താന്‍ ഇപ്പോഴും ഇങ്ങനെ തുടരുന്നതില്‍ നന്ദിയുള്ളവനാണെന്നും ഓരോ ദിവസവും ജീവനോടെ ഇരിക്കുന്നതിലും നന്ദിയുണ്ടെന്നും സംഗീതജ്ഞന്‍ കൂടിയായ ക്വയ്ഡ് കൂട്ടിച്ചേര്‍ത്തു.

1980-90 കളില്‍ ഹോളിവുഡില്‍ തിളങ്ങിനിന്ന ക്വയ്ഡ് ക്രമേണ ലഹരിയായ കൊക്കെയ്നു അടിമപ്പെടുകയായിരുന്നു. എണ്‍പതുകളില്‍ ചില സിനിമകളുടെ നിര്‍മ്മാണ ചിലവുകളില്‍ കൊക്കെയ്നു ഉള്‍പ്പെടുമായിരുന്നെന്ന് വെളിപ്പെടുത്തിയ ക്വയ്ഡ് താന്‍ നിത്യേന അത് ഉപയോഗിക്കുവാന്‍ തുടങ്ങിയെന്നും സമ്മതിച്ചു. ഒന്നുകില്‍ ജയിലില്‍ കിടക്കുകയോ, മരിക്കുകയോ അല്ലെങ്കില്‍ തനിക്കുള്ളതെല്ലാം നഷ്ടപ്പെടുകയോ ചെയ്യുകയെന്നത് മാത്രമായിരുന്നു തന്റെ മുന്‍പില്‍ ഉള്ളതെന്ന് പറഞ്ഞ ക്വയ്ഡ്, താന്‍ അത് ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

“ആ കാലത്ത് ഞാനൊരു മ്യൂസിക് ബാന്‍ഡില്‍ ഉണ്ടായിരുന്നു. ഒരു രാത്രി ഞങ്ങള്‍ പിരിഞ്ഞു. കാരണം എന്നെ വിശ്വസിക്കുവാന്‍ കൊള്ളില്ലായിരുന്നു. ആ സംഭവത്തേത്തുടര്‍ന്നാണ് ലഹരിയില്‍ നിന്നുമുള്ള പുനരധിവാസത്തേക്കുറിച്ചും, വിശ്വാസത്തേക്കുറിച്ചും ആലോചിക്കുന്നത്. ലഹരിയോടുള്ള അടിമത്വം നമ്മുടെ ഉള്ളില്‍ ഒരു ശൂന്യത സൃഷ്ടിക്കും. ലഹരിയോടുള്ള അടിമത്തം അവസാനിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്തത് നമ്മുടെ ഉള്ളിലുള്ള ശൂന്യത നിറക്കുന്നതാണ്. ഇത് തന്നെ പതിയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരികയായിരിന്നു”. ഇത് ലഹരിയുടെ അടിമത്തത്തില്‍ നിന്നു മോചനത്തിലേക്ക് നയിച്ചു.

“ക്രിസ്ത്യാനിയായിരുന്നെങ്കിലും വിശ്വാസവുമായി വലിയ ബന്ധമൊന്നും ഇല്ലാതിരുന്ന ഞാന്‍, ആ സമയം മുതല്‍ ക്രിസ്തുവുമായുള്ള തന്റെ വ്യക്തിപരമായ ബന്ധം ആരംഭിച്ചു. ഞാന്‍ ചെറുപ്പകാലങ്ങളില്‍ കേള്‍ക്കുകയും, ഇപ്പോഴും തന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുകയും ചെയ്യുന്ന ആരാധന സ്തുതി ഗാനങ്ങളെ ഇഷ്ടപ്പെടുന്നു. കാരണം അവ ചിന്താത്മകവും, ആത്മപരിശോധന നടത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ക്രിസ്ത്യാനി ആയിക്കോട്ടെ, അല്ലാതിരുന്നോട്ടെ, നമുക്കെല്ലാവര്‍ക്കും ദൈവവുമായി ഒരു ബന്ധമുണ്ട്. നമ്മള്‍ എല്ലാവരും ജീവിതത്തിന്റെ ആനന്ദമാണ് അന്വേഷിക്കുന്നത്. ലഹരി അത് തരും, എന്നാല്‍ ക്രിസ്തുവുമായുള്ള ബന്ധമാണ് യഥാര്‍ത്ഥ സമ്മാനം, അതാണ്‌ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ടാണ് ഡെന്നിസ് ക്വയ്ഡ് തന്റെ വാക്കുകള്‍ ചുരുക്കിയത്. ‘ദി ഡേ ആഫ്റ്റര്‍ ടുമോറോ’, ‘ദി ബ്രേക്കിംഗ് എവേ’ എന്നിവയാണ് ക്വയ്ഡിന്റെ പ്രശസ്തമായ മറ്റ് ചിത്രങ്ങള്‍. ഇദ്ദേഹത്തിന്റെ “ഫാളണ്‍: എ ഗോസ്പല്‍ റെക്കോര്‍ഡ് ഫോര്‍ സിന്നേഴ്സ്” എന്ന ഒരു സംഗീത ആല്‍ബം അടുത്ത കാലത്താണ് റിലീസ് ചെയ്തത്.


Related Articles »